ഇരിങ്ങാലക്കുട: മഴ ശക്തമായാൽ മൂന്നു പഞ്ചായത്തുകളെയും നഗരസഭാ പ്രദേശങ്ങളെയും വെള്ളത്തിലാക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ കെഎൽഡിസി കനാലിന്റെ ആഴം വർധിപ്പിക്കണമെന്നാവശ്യം. കരുവന്നൂർ പുഴയിലും കെഎൽഡിസി കനാലിലും കനോലി കനാലിലുമെല്ലാം വർഷങ്ങളായി ഒഴുകിയെത്തുന്ന എക്കൽമണ്ണ് നീക്കം ചെയ്യാത്തതിനാലാണ് ഇവയുടെ ആഴം കുറഞ്ഞിരിക്കുന്നത്.
അതിനാൽ കനാലിന്റെ ആഴം വർധിപ്പിച്ച് അതിലെ മണ്ണെടുത്ത് ബണ്ടുകൾ ഉയർത്തിയാൽ കനാലിൽനിന്ന് വെള്ളം കരകവിഞ്ഞൊഴുകി പ്രദേശം വെള്ളക്കെട്ടിലാകുന്നതു തടയാൻ സാധിക്കുമെന്ന് കിസാൻസഭ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.ഹരിപുരം ബണ്ട് സന്ദർശിച്ച വേളയിൽ ടി.എൻ. പ്രതാപൻ എംപി യും ഇക്കാര്യം കെഎൽഡിസിയോട് ആവശ്യപ്പെട്ടിരുന്നു.
കെഎൽഡിസി കനാൽ നിർമിച്ചിട്ട് 30 വർഷത്തിലേറെയായി. എന്നാൽ നാളിതുവരെ അതു വൃത്തിയാക്കുകയോ ആഴം വർധിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നു പ്രദേശവാസികൾ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ മണ്ണും ചെളിയും മൂടികിടക്കുന്നതിനാൽ കിഴക്കുനിന്ന് ഒഴുകിയെത്തുന്ന വെള്ളം ഉൾക്കൊ ള്ളാൻ കെഎൽഡിസി കനാലിന് കഴിയുന്നില്ല.
ഇതുമൂലം മഴക്കാലത്ത് കനാലിലൂടെ എത്തുന്ന വെള്ളം കരകവിഞ്ഞാണ് കാട്ടൂർ, കാറളം, പടിയൂർ പഞ്ചായത്തുകളെയും താണിശേരി മേഖലയെയും വെള്ളത്തിലാഴ്ത്തുന്നത്. കാറളം ഹരിപുരം ഭാഗത്ത് ബണ്ടിന്റെ ഉയരം കുറഞ്ഞ ഭാഗത്തുകൂടെയും ആറോളം സ്ലൂയിസുകളിലൂടെയുമാണ് തെക്കുവടക്കു ഭാഗങ്ങളിലേക്കു വെള്ളം തള്ളുന്നത്.
കനത്തമഴയിൽ കനാൽ കരകവിഞ്ഞ് ഹരിപുരം ഭാഗത്തുകൂടെ ഒഴുകിയപ്പോൾ ബണ്ട് ഉയർത്തുന്ന പ്രവൃത്തികൾക്കായി മണ്ണ് പുറത്തുനിന്നും കൊണ്ടുവന്നാണു ഒഴുക്ക് തടഞ്ഞത്. എന്നാൽ കനാലിൽ നിന്ന് മണ്ണെടുത്ത് ബണ്ടുകളിലിട്ടാൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് കർഷകർ അഭിപ്രായപ്പെടുന്നു.
കനാലിലൂടെ ഒഴുകിയെത്തുന്ന വെള്ളം സംഭരിക്കാൻ ബണ്ടിനു കുറുകെ ചെക്കുഡാമുകൾ നിർമിക്കുന്നതു കൃഷിക്കും കുടിവെള്ളത്തിനും വെള്ളപ്പൊക്കം ഇല്ലാതാക്കാനും ഉപകരിക്കുമെന്ന് കർഷകർ പറഞ്ഞു. കനോലി കനാലിലെ കൈയേറ്റങ്ങൾ കർശനമായി ഒഴിവാക്കി ആഴം വർധിപ്പിക്കണമെന്നാണു കർഷകരുടെ മറ്റൊരാവശ്യം.
കനാലുകളുമായി ബന്ധപ്പെട്ട തോടുകളെല്ലാം കാടുപിടിച്ചും ചണ്ടികയറി നിറഞ്ഞും കിടക്കുന്നതു നീരൊഴുക്കിന് തടസമാകുന്നുണ്ട്. വരുംകാലങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രാദേശിക ഭരണകൂടങ്ങളും കെഎൽഡിസി അധികൃതരും വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.