പയ്യന്നൂര്‍(കണ്ണൂർ): പയ്യന്നൂര്‍ സ്വദേശിയായ യുവാവിന് മലേഷ്യയില്‍ ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. മര്‍ദ്ദനമേറ്റ യുവാവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പയ്യന്നൂര്‍ തായിനേരി കാര സ്വദേശിയായ മുക്രി സാദിഖിനെയാണ് (35) മലേഷ്യയിലെ ജോഹറില്‍ വെച്ച് കട ഉടമകളായ രണ്ടു പേരുടെ നേതൃത്വത്തില്‍ വളരെ മൃഗീയമായ രീതിയില്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
സാദിഖിനെ മുറിയില്‍ പൂട്ടിയിട്ട് ഭക്ഷണം നല്‍കാതെയും കുടുംബക്കാരെ ബന്ധപ്പെടുന്നത് പോലും തടസപ്പെടുത്തി ക്രൂരമായ പീഡനമാണ് നടത്തിയതെന്നാണ് പരാതി.
സ്ഥാപനയുടമകളുടെ തടങ്കലില്‍ നിന്നും രക്ഷപ്പെടുത്തിയ സാദിഖ് ഇപ്പോള്‍ മലേഷ്യയിലെ പ്രവാസി സമൂഹത്തിന്റെ സംരക്ഷണയിലാണുള്ളതെന്ന് കേസന്വേഷണ ചുമതലയുള്ള പയ്യന്നൂര്‍ ഇന്‍സ്പെ്കടര്‍ എസ്എച്ച്ഒ കെ.വിനോദ്കുമാര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. സ്ഥാപനയുടമകളുടെ കൈവശമുള്ള സാദിഖിന്റെ പാസ്പോര്‍ട്ട് തിരിച്ച് കൊടുപ്പിക്കുന്നതിനായി ശ്രമം തുടരുന്നതായും കഴിയുന്നതും വേഗത്തില്‍ ഇയാളെ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂര്‍ പെരുമ്പ സ്വദേശികളായ രണ്ടുപേരും തൃക്കരിപ്പൂര്‍ സ്വദേശിയും ചേര്‍ന്ന് നടത്തുന്ന മലേഷ്യയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ആറുവര്‍ഷമായി സാദിഖ് ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി സാദിഖിന് ശന്പളം നല്‍കാതെയും പുറം ലോകവുമായി ബന്ധപ്പെടാതെയുമുള്ള സ്ഥാപനയുടമകളുടെ മാനസിക പീഡനത്തിന് പുറമേയാണ് ഇപ്പോള്‍ ക്രൂരമായ മര്‍ദ്ദനവും നടത്തിയിരിക്കുന്നത്.
ശരീരമാസകലം മര്‍ദ്ദനമേറ്റ സാദിഖിന്റെ ചിത്രങ്ങളും പീഡന വിവരങ്ങളും മലേഷ്യയിലെ പ്രവാസി സമൂഹമാണ് ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തത്. ഇതേ തുടര്‍ന്നാണ് സാദിഖിന്റെ മാതാവ് മുക്രി സുബൈദ, ഭാര്യ ഹസീഫ എന്നിവര്‍ പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ കെ.വിനോദ് കുമാറിന് പരാതി നല്‍കിയത്.
സാദിഖിന് മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളും ഇവരില്‍ നിന്നും രണ്ടു പ്രാവശ്യങ്ങളിലായി പണം വാങ്ങിയ ആളുടെ ഫോണ്‍ നമ്പറും സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് സ്ഥാപനയുടമകളുടെ പെരുമ്പയിലെ വീടുകളില്‍ അന്വേഷണം നടത്തിയ ശേഷമാണ് പാസ്പോര്‍ട്ട് തിരിച്ച് നല്‍കുന്നതിനും സാദിഖിനെ നാട്ടിലെത്തിക്കുന്നതിനും പോലീസ് നടപടിയാരംഭിച്ചത്.