തൃശൂർ: പൂക്കളുടെ കയറ്റുമതി വ്യാപാരത്തിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് ചാലക്കുടി സ്വദേശിയിൽനിന്ന് 60 ലക്ഷം തട്ടിച്ചയാളെ തേടിയെത്തിയ കേരള പോലീസിനെ തട്ടിപ്പുകാരൻ വട്ടംചുറ്റിച്ചു. സായ് രാമകൃഷ്ണ കറുത്തൂരി സൂര്യ എന്ന വ്യാപാരിയാണ് രക്ഷപ്പെടാനായി എട്ടടവും പയറ്റിയത്. കസ്റ്റഡിയിലെടുത്ത് 12 ദിവസത്തിനുശേഷമാണ് തൃശൂർ ഈസ്റ്റ് പോലീസിന് ഇയാളെ അറസ്റ്റുചെയ്തു കൊണ്ടുവരാനായത്. അതേവരെ ആശുപത്രിയിൽ അസുഖത്തിന്റെ പേരിൽ കഴിയുകയായിരുന്നു സായ് രാമകൃഷ്ണ.
തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ അറസ്റ്റ് വാറന്റുമായാണ് പോലീസ് ബംഗളൂരുവിലേക്കു പോയതെങ്കിലും അറസ്റ്റ് തടയാനുള്ള കായികവും നിയമപരവുമായ അടവുകൾ അയാളും പയറ്റി. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ബംഗളൂരു മെട്രോപൊളിറ്റൻ കോടതിയുടെ ഉത്തരവ് വാങ്ങി. ഇതിനെതിരേ കേരള പോലീസ് നിയമസഹായം തേടിയപ്പോഴാണ് പതിനൊന്നു ദിവസം ആശുപത്രിയിൽ കഴിഞ്ഞത്.
കേരളത്തിലെത്തിച്ച് തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി രണ്ടുദിവസം കസ്റ്റഡിയിലെടുത്തെങ്കിലും തട്ടിപ്പുവിവരങ്ങൾ നല്കാൻ തയാറായില്ല. അതിനുശേഷം റിമാൻഡ് ചെയ്തപ്പോൾ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച് മെഡിക്കൽ കോളജിലെ ജയിൽസെല്ലിൽ കഴിയുകയായിരുന്നു. ഉന്നത തലങ്ങളിലുള്ള അഭിഭാഷകരെ എത്തിച്ചാണ് പിന്നീട് ജാമ്യം നേടിയത്.
നാട്ടിലേക്കു മടങ്ങിയാൽ അവിടെ സ്വാധീനിച്ച് പോലീസിന്റെ അന്വേഷണം തടസപ്പെടുത്തുമെന്ന വാദം അനുസരിച്ച് നാട്ടിൽ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് ജാമ്യം അനുവദിച്ചത്.
പൂക്കളുടെ കയറ്റുമതിയിൽ പ്രമുഖ കന്പനിയായ കറുത്തൂരി ഗ്ലോബൽ ലിമിറ്റഡ് എന്ന ആഗോള കന്പനിയുടെ എംഡിയാണ് ഇയാൾ. വ്യാപാര പങ്കാളിയാക്കാമെന്നു വാഗ്ദാനം നല്കി ചാലക്കുടി മുരിങ്ങൂർ മാത്യു പുരയ്ക്കൽ കുഞ്ചെറിയ എന്ന പ്രവാസിയിൽനിന്ന് 60 ലക്ഷം വാങ്ങി തട്ടിച്ചെന്നാണ് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2014 ജൂണ് 26നാണ് പണം വാങ്ങിയത്.
വിവിധ രാജ്യങ്ങളിൽ വ്യാപാര ശൃംഖലകളുള്ള കറുത്തൂരി ഗ്ലോബൽ ലിമിറ്റഡിന്റെ പേരിൽ ഇയാൾ പല രാജ്യങ്ങളിലും സമാന തട്ടിപ്പ് നടത്തിയതായി പോലീസ് സംശയിക്കുന്നു. ഇയാളെ ഇന്റർപോൾ തേടുന്നതായി ആരോപണമുണ്ടെങ്കിലും ഇന്റർപോളിന്റെ ലുക്കൗട്ട് നോട്ടീസ് റദ്ദാക്കിയതായി കാണിച്ച് ഇയാളുടെ അഭിഭാഷകൻ ബാംഗളൂരു ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ നിജസ്ഥിതിയും ഈസ്റ്റ് പോലീസ് അന്വേഷിക്കുന്നുണ്ട്.