മുണ്ടക്കയം: വെള്ളനാടി തോട്ടത്തില്‍ നിന്ന് അഭിജിത്ത് ഇനി പോര്‍ച്ചുഗലിലേക്ക്. യൂറോപ്യന്‍ യുഇഎഫ്എയുടെ ഡിവിഷന് ക്ലബ് ഫുട്ബോള്‍ മത്സരത്തിലേക്കാണ് അഭിജിത്ത് തെരഞ്ഞെടുക്കപ്പെട്ടത്.
എന്നാൽ, സ്വപ്നതുല്യമായ അവസരം മുന്നിലെത്തിയിട്ടും യാത്രയ്ക്കും മറ്റ് ചെലവുകൾക്കും എങ്ങനെ പണം കണ്ടെത്തുമെന്നുള്ള ആശങ്കയിലാണ് അഭിജിത്തും കുടുംബവും.
മുണ്ടക്കയം, വെള്ളനാടി റബര്‍ തോട്ടത്തിലെ ടാപ്പിംഗ്കാരനായ പേഴുനില്ക്കുന്നതില് രാമചന്ദ്രന്റെയും രത്നമ്മയുടെയും മകനാണ് ഇരുപതുകാരനായ അഭിജിത്ത്. മുണ്ടക്കയം സിഎംഎസ് ഹൈസ്കൂളിലെ പഠനകാലം മുതല്‍ ഫുട്ബോള്കമ്പക്കാരനായിരുന്നു അഭിജിത്ത്.
യൂണിയന് ഓഫ് യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന് ഡിവിഷന് ക്ലബ് മത്സരമാണ് 2020 ഏപ്രിലിൽ പോര്‍ച്ചുഗലില്‍ നടക്കുന്നത്. ഇന്ത്യയില്‍ നിന്ന് അഭിജിത്ത് അടക്കം രണ്ടു പേരെയാണ് തെരഞ്ഞെടുത്തത്. എന്നാൽ, ഇതില്‍ പങ്കെടുക്കണമെങ്കില്‍ നാലു ലക്ഷത്തോളം രൂപവേണം. നിലവില്‍ തായ്ലന്ഡില് നടന്ന മത്സരത്തില്‍ പങ്കെടുപ്പിച്ചതിന്റെ കടം വീട്ടാന്‍ കഴിയാതെ വിഷമിക്കുമ്പോഴാണ് മകനെ തേടി മറ്റൊരു പുതിയ അവസരം എത്തിയത്.
മകന്റെ ഈ അവസരം എങ്ങനെ സാധിച്ചുകൊടുക്കുമെന്ന വിഷമഘട്ടത്തിലാണ് രാമചന്ദ്രനും കുടുംബവും. കഴിഞ്ഞ ഒന്നു മുതൽ അഞ്ചുവരെ തായ്ലന്ഡില് നടന്ന ഇന്‍ഡോ -തായ്ലന്ഡ് ചാമ്പ്യന്‍ഷിപ്പാണ് അഭിജിത്തിനു യൂറോപ്യന്‍ ക്ലബ്ബിലേക്ക് അവസരമൊരുക്കിയത്. അഭിജിത്തിനൊപ്പം കണ്ണൂര്‍ സ്വദേശിയെയും തെരഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍, യാത്രാ ചെലവും മറ്റും എവിടെ നിന്നു ലഭിക്കുമെന്നത് ഉത്തരമില്ലാതെ ചോദ്യമായി അവശേഷിക്കുകയാണ്.