പേരാമ്പ്ര: കോടേരിച്ചാലില്‍ വീടുകളിലെ ജനലുകളില്‍ “സി സി’ എന്ന് രേഖപ്പെടുത്തി വൃത്തം വരച്ചുവച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയില്‍. കോടേരിച്ചാല്‍ താഴപ്പള്ളി റോഡില്‍ വെങ്ങപ്പറ്റ ഭാഗത്താണ് ഇന്ന് ഇംഗ്ലീഷില്‍ സി സി എന്നത് പ്രത്യക്ഷപ്പെട്ടത്. ഇവിടെ പത്തോളം വീടുകളുടെ ജനലില്‍ ഇങ്ങനെ രേഖപ്പെടുത്തിയതായി കാണുന്നുണ്ട്.
ഈ പ്രദേശത്ത് വീടുകളില്‍ യാതൊരുവിധ സര്‍വേയും അടുത്ത കാലത്തായി നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മെയിൻ റോഡിന് ചേര്‍ന്നുള്ള വീടുകളിലും ഉള്ളിലേക്കുള്ള വീടുകളിലും ഇങ്ങനെ രേഖപ്പെടുത്തിയതായി കാണുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ ഇത് എന്തിന്റെ സൂചനയാണെന്ന ചിന്തയില്‍ ഭയത്തിലാണ്.
ഇന്നലെ നൊട്ടിക്കണ്ടി ജയദാസന്റെ വീട്ടിലാണ് ഇത് ആദ്യം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ പല വീടുകളിലും ഇത്തരം അടയാളം കണ്ടെത്തുകയായിരുന്നു.
കോമച്ചം കണ്ടി രജികുമാര്‍, കണിയാങ്കണ്ടി ശിവദാസന്‍ , കണിയാങ്കണ്ടി സുലൈമാന്‍, കോമച്ചംകണ്ടി മോഹന്‍ദാസ്, കണിയാങ്കണ്ടി ശങ്കരന്, കോടേരി കുഞ്ഞനന്തന്, ഒ.കെ. പ്രകാശന് കോടേരി, കെ.സി. റഷീദ്, പുലൂക്കില്‍ ബാലന്, പൂവുള്ള പറമ്പില്‍ ഗംഗാധരന് നായര്‍ തുടങ്ങിയവരുടെ വീടുകളിലാണ് അടയാളം കണ്ടെത്തിയത്. വീട്ടുകാർ പേരാമ്പ്ര പോലീസില്‍ പരാതി നല്കി.