കൊല്ലം: ഇരവിപുരം റെയിൽവേ സ്റ്റേഷന്റെ രണ്ട് പ്ലാറ്റ്ഫോമുകളിലും കാടുകയറി യാത്രക്കാരിൽ ഭീതിയുളവാക്കുന്നു. മാസങ്ങളായി സ്റ്റേഷൻ പരിസരം കുറ്റിക്കാടിന് തുല്യമായിട്ടും ഇത് വെട്ടിമാറ്റാനോ കാട് ചെത്തി വൃത്തിയാക്കാനോ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്ന് നാളിതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല.
പ്ലാറ്റ്ഫോമുകളിൽ കുറ്റിച്ചെടികൾ അടക്കം വളർന്നു നിൽക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണെന്ന് യാത്രക്കാർ പറയുന്നു. രാത്രി ട്രെയിൻ കാത്തുനിൽക്കുന്നവർ പ്രാണഭയത്തോടെയാണ് ഇവിടെ നിൽക്കുന്നത്. രാത്രി പ്ലാറ്റ്ഫോമുകളിലെ ലൈറ്റുകൾ ഒന്നും പ്രകാശിക്കാറില്ല. ഇതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു.
സന്ധ്യകഴിഞ്ഞാൽ പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. ഇതുകാരണം സ്ത്രീയാത്രക്കാർ പ്ലാറ്റ്ഫോമിൽ എത്താൻ ഭയക്കുന്നു. പാസഞ്ചർ ട്രെയിനുകൾക്കും മെമു ട്രെയിനിനും മാത്രമാണ് ഇരവിപുരത്ത് സ്റ്റോപ്പുള്ളത്. എങ്കിലും ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് ഈ സ്റ്റേഷനെ ആശ്രയിക്കുന്നത്. കൂടുതലും സ്ത്രീകളാണ്.
ഇരവിപുരത്തെ റെയിൽവേ ഫ്ലാഗ് സ്റ്റേഷനാക്കി ഉയർത്തണമെന്ന ആവശ്യവും റെയിൽവേ അധികൃതർ ഇതുവരെ പരിഗണിച്ചിട്ടില്ല. സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് അധികൃതർക്ക് പരാതി നൽകിയെങ്കിലും ബന്ധപ്പെട്ടവർ അവഗണിച്ച മട്ടാണ്.
ഇരവിപുരം കാവൽപ്പുരയിലെ നിർദിഷ്ട റെയിൽവേ മേൽപ്പാലത്തിന്റെ പ്രഖ്യാപനവും ഇപ്പോഴും ഫയലിൽ ഉറങ്ങുന്നു. ഇരവിപുരം റെയിൽവേ സ്റ്റേഷനിലെ പതിവ് യാത്രക്കാരെ ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്നത് യാചകശല്യമാണ്. നൂറുകണക്കിന് യാചകരാണ് ദിവസവും രാപകൽ വ്യത്യാസമില്ലാതെ തന്പടിക്കുന്നത്. ഇവരിൽ കൊച്ചുകുട്ടികളും വയോധികരും ഉൾപ്പെടും.
യാചകരുടെ മറവിൽ മോഷ്ടാക്കളും മറ്റ് സാമൂഹിക വിരുദ്ധരും ഇവിടെയുണ്ട്. ഇവർ തമ്മിലുള്ള വാക്കേറ്റവും കൈയാങ്കളിയും റെയിൽവേ ലൈനിന് എതിർവശത്ത് താമസിക്കുന്നവരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. രാത്രിയുടെ മറവിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് വിൽപ്പനയും മദ്യകച്ചവടവും വ്യാപകമാണ്. ഇരവിപുരം റെയിൽവേ സ്റ്റേഷനിൽ പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവും അധികൃതർ പരിഗണിച്ച മട്ടില്ല