സ്വന്തം ലേഖകൻ
കൊല്ലം:എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥിനെ ആക്ഷേപിച്ച് കൊല്ലം നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ്, ആർഎസ്പി ജില്ലാ കമ്മിറ്റി ഓഫീസ് എന്നിവയുടെ പരിസരത്താണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
ഗ്രൂപ്പ് തിന്ന് ജീവിക്കുന്ന ദേശാടനക്കിളി വിഷ്ണുനാഥിനെ കൊല്ലത്ത് വേണ്ട എന്നതാണ് പോസ്റ്ററിലെ ഒരു വാചകം. കൊല്ലത്തിന് ബിന്ദുകൃഷ്ണയെ മതിയെന്നും പറയുന്നു.
കൊല്ലത്ത് ഇത്തവണ ജയിക്കാൻ കോൺഗ്രസിന് അനുയോജ്യമായ സ്ഥാനാർഥി ബിന്ദുകൃഷ്ണ തന്നെ എന്ന പ്രവചനവും പോസ്റ്ററിലുണ്ട്.
കോൺഗ്രസ് കോട്ടയായിരുന്ന ചെങ്ങന്നൂരിൽ പാർട്ടിയുടെ അടിവേര് മാന്തിയ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതേ എന്ന് പോസ്റ്ററിൽ അഭ്യർഥിക്കുന്നുമുണ്ട്. പോസ്റ്ററിന് പിന്നിൽ ആരെന്ന് വ്യക്തമല്ല.
ജില്ലയിലെ കോൺഗ്രസിൽ സമീപകാലത്ത് ശക്തിപ്രാപിച്ച ഗ്രൂപ്പിസമാണ് ഇത്തരം പോസ്റ്ററുകളുടെ പിറവിക്ക് പിന്നിൽ എന്ന കാര്യം ഉറപ്പാണ്.
നേരത്തേയും ഇത്തരം ഗ്രൂപ്പുപോരിന്റെ പേരിൽ പലതരം പോസ്റ്ററുകളും ഇതേ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് വേളയായപ്പോൾ ഗ്രൂപ്പിസവും അതിന്റെ ഉച്ചകോടിയിൽ എത്തിനിൽക്കുകയാണ്. ബിന്ദുകൃഷ്ണയെ അനുകൂലിക്കുന്നവരാണ് പോസ്റ്ററുകൾക്ക് പിന്നിലെന്ന് എതിർപക്ഷം ആരോപണം ഉന്നയിക്കുന്നുണ്ട്.
ഇത്തവണ കോൺഗ്രസിന്റെ സ്ഥാനാർഥി സാധ്യതാ പട്ടികയിൽ വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, സൂരജ് രവി എന്നിവരുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ തവണ മത്സരിച്ച് തോറ്റതിനാൽ സൂരജ് രവിക്ക് സാധ്യതയില്ലെന്ന് കോൺഗ്രസുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
അങ്ങനെ വരുന്പോൾ അവശേഷിക്കുന്നത് വിഷ്ണുനാഥും ബിന്ദുകൃഷ്ണയും. ഒരാൾ എഐസിസി സെക്രട്ടറിയും മറ്റൊരാൾ ജില്ലാ കോൺഗ്രസ് അധ്യക്ഷയും.
സ്ഥാനം വച്ചുള്ള പരിഗണന വരികയാണെങ്കിൽ വിഷ്ണുനാഥിനാണ് സാധ്യത. അത് വെട്ടാനുള്ള തന്ത്രമാണ് ഈ പോസ്റ്ററുകൾക്ക് പിന്നിലെന്നും വിലയിരുത്തപ്പെടുന്നു.
അതേസമയം ചാത്തന്നൂരിലും ബിന്ദുകൃഷ്ണയുടെ പേര് പരിഗണനയിലുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ കൊല്ലത്ത് മത്സരിക്കാനാണ് അവർക്ക് താത്പര്യം. കൊല്ലം സീറ്റ് അവർ ഏതാണ്ട് ഉറപ്പിച്ചതായും സൂചനകൾ ഉണ്ട്.
ഈ അവസരത്തിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത്. അതിന്റെ ഉറവിടം കണ്ടെത്താനുള്ള ഗവേഷണം മറുപക്ഷവും തുടങ്ങിക്കഴിഞ്ഞു.
അതേസമയം പോസ്റ്ററിനെതിരേ ബിന്ദുകൃഷ്ണ തന്നെ രംഗത്തെത്തി. ജില്ലയിലെ സ്ഥാനാർഥി നിർണയം മെച്ചപ്പെട്ട രീതിയിലായിരിക്കുമെന്ന് അവർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഇരുട്ടിന്റെ മറവിലെ ഇത്തരം പ്രവർത്തികൾ യുഡിഎഫിനെ തകർക്കാൻ ലക്ഷ്യം വച്ചുള്ളതാണ്. യുവാക്കൾക്കും വനിതകൾക്കും ജില്ലയിൽ പ്രാതിനിധ്യം ഉണ്ടാകുമെന്ന് നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.