പത്തനാപുരം: ആളിപ്പടരുന്ന തീയും, ശക്തമായ ചൂടും വകവയ്ക്കാതെ ആ നാല്‍വര്‍ സംഘം വെള്ളം നിറച്ച ബക്കറ്റുമായി ചാടിയിറങ്ങിയത് തീയിലേക്ക് മാത്രമല്ല; ഒരു ഗ്രാമത്തിന്റെ മനസിലേക്ക് കൂടിയാണ്.
ഇപ്പോള്‍ കുട്ടികളുടെ ധീരതയെ നാടൊന്നായി അനുമോദിക്കാനൊരുങ്ങുമ്പോള് പ്രതിസന്ധികളില്‍ തളരാനല്ല, അതിജീവിക്കാനുള്ള പരീക്ഷണശാലകളാണെന്ന് സമൂഹത്തിന് കാട്ടിത്തരികയാണ് അനന്തുവും കൂട്ടരും.
തീ ആളിപടർന്നപ്പോൾ ഉണ്ടാകുന്ന ദുരന്തം മുന്നിൽ കണ്ട് അവസരോചിതമായ ഇടപെട്ട നാലവര്‍ സംഘം ഇപ്പോള്‍ നാട്ടിലെ താരങ്ങളാണ്. കുട്ടിക്കൂട്ടത്തിന്റെ നേതാവായ രതീഷ് ഭവനില്‍ രതീഷ്-അംബിക ദമ്പതികളുടെ മകന് അനന്തുവിന് മാതൃവിദ്യാലയം സ്വീകരണം നല്കി.
മാലൂര്‍ എംറ്റിഡിഎം സ്കൂളിന്റെ ആഭിമുഖ്യത്തിലാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി അനന്തുവിന് സ്വീകരണം ഒരുക്കിയത്. ചിറയില്‍ കിഴക്കേക്കരയില്‍ അനില്‍കുമാര്‍-അമ്പിളി ദമ്പതികളുടെ മകന് ആദിത്യന്, വാലുതുണ്ടില്‍ ഓമനക്കുട്ടന്-സൗമ്യ ദമ്പതികളുടെ മകന് ശ്രീക്കുട്ടന്, തണല്‍വീട്ടില്‍ രാജേന്ദ്രന്-രാജി ദമ്പതികളുടെ മകന് ബിജില്‍ എന്നിവരാണ് അനന്തുവിന് ഒപ്പമുണ്ടായിരുന്നത്.
മൗണ്ട് താബോര്‍ ദയറാ മാനേജ്മെന്റും പൗരവലിയും വരും ദിവസങ്ങളില്‍ സ്വീകരണം ഒരുക്കും. പട്ടാഴി വടക്കേക്കര മാലൂർ കോളേജ് ജംഗ്ഷന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് തീ പടർന്നത്. ചൂടിന്റെ കാഠിന്യം കൂടിയായപ്പോൾ തീ നിയന്ത്രണവിധേയമായില്ല.
മുതിർന്നവർ പോലും നിസഹായരായി നോക്കി നിൽക്കുമ്പോഴാണ് പ്രദേശവാസികളായ നാല് കുട്ടികൾ താഴ്ചയിൽ നിന്നും വെള്ളം എത്തിച്ച് തീ നിയന്ത്രിക്കാൻ ശ്രമിച്ചത്.
ഇവരുടെ പ്രയത്നം സമീപവീടുകളിലേക്കും തോട്ടങ്ങളിലേക്കും തീ പടരുന്നത് ഒഴിവാക്കാനായി. തീ പടർന്ന സ്ഥലത്തിന് മുകളിലൂടെയാണ് കൂടംകുളം വൈദ്യുതലൈനുകള്‍ കടന്നുപോകുന്നത്.ഇതിന്റെ ടവറുകളിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
മണിക്കൂറുകള്‍ക്ക് ശേഷം ആവണീശ്വരം ഫയർഫോഴ്സ് എത്തിയപ്പോഴേക്കും കുട്ടിക്കൂട്ടം തീ നിയന്ത്രിച്ചിരുന്നു.തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ പങ്കാളികളായി.കുട്ടികളെ നാട്ടുകാരും ഗ്രാമപഞ്ചായത്തും ഫയർഫോഴ്സും അനുമോദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മൗണ്ട് താബോർ ദയറാ സെക്രട്ടറി ഫാ. ബെഞ്ചമിൻ മാത്തൻ പൊന്നാടയും മൊമന്റോയും നൽകി സ്വീകരിച്ചു. ഫാ മിഖായേൽ ഫാ ജെയിംസ്, ഷാജി ലൂക്ക് തുടങ്ങിയവർ പ്രസംഗിച്ചു. ധീരതയ്ക്കുള്ള ദേശീയ പുരസ്ക്കാരത്തിന് കുട്ടികളെ നോമിനേറ്റ് ചെയ്യാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.