തൃശൂർ: ഭാര്യയെ അപമാനിക്കാൻ ശ്രമിച്ചയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൊല്ലപ്പെട്ടയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
തമിഴ്നാട് കന്യാകുമാരി മാതാപുരം സ്വദേശി രാജുവാണ് അറസ്റ്റിലായത്. ഈ മാസം 16നു ശക്തൻ ബസ് സ്റ്റാൻഡിൽവച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
രാത്രിയിൽ സ്റ്റാൻഡിൽ കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ അപമാനിക്കാൻ ശ്രമിക്കുന്നതു കണ്ടപ്പോൾ രാജു അജ്ഞാതനെ ചവിട്ടിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു.
പിറ്റേന്നു രാവിലെ അവശനിലയിൽ കിടന്നിരുന്നയാളെ പോലീസെത്തി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.
ഇതര സംസ്ഥാനക്കാരനും സ്ഥിരം മേൽവിലാസവുമില്ലാത്തയാളുമായ പ്രതിയെ കണ്ടെത്താൻ പോലീസ് സംഘങ്ങളായി തിരിഞ്ഞ് നൂറോളം സിസിടിവി പരിശോധിച്ചു.
നിരവധി ഇതരസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തു. തുടർന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
തൃശൂർ ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ പി. ലാൽകുമാറിന്റെ നേതൃത്വത്തിൽ എസ്എെ ആർ. വിജയൻ, എഎസ്എെ സണ്ണി, സിപിഒ പഴനിസ്വാമി, അലൻ, മുഹമ്മദ്, റാഫി, ഹരീഷ്, നിധീഷ്, അരുണ്‍ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.