കൊട്ടാരക്കര: ലോക നിലവാരത്തിൽ നവീകരിച്ചെന്ന് അധികൃതർ അവകാശപ്പെടുന്ന എംസി.റോഡിൽ അപകടങ്ങൾ ഒഴിയുന്നില്ല. ആയുർ മുതൽ ഏനാത്ത് വരെയുള്ള ഭാഗത്ത് അപകടങ്ങൾ സംഭവിക്കാത്ത ദിവസങ്ങൾ വിരളമാണ്. ചില ദിവസങ്ങളിൽ ഒന്നിലധികം അപകടങ്ങളാണ് ഈ മേഖലയിൽ നടന്നുവരുന്നത്. ഏറ്റവും ഒടുവിലത്തേതാണ് ചൊവാഴ്ച രാത്രിയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് തീ പിടിച്ചതും അപകടത്തിൽ ഒരാൾ മരിച്ചതും. ചികിൽസയിലുള്ള മറ്റു രണ്ടുപേരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
കൊട്ടാരക്കരക്കു സമീപം ലോവർ കരിക്കത്താണ് രാത്രി 11.30 ഓടെ ഈ അപകടം നടന്നത്. ഓട്ടോറിക്ഷയും കാറും പിക്കപ്പ് വാനുമാണ് അപകടത്തിൽപ്പെട്ടത്. കൂട്ടിയിടിയെ തുടർന്ന് തീപ്പിടുത്തവുമുണ്ടായി. ഓട്ടോറിക്ഷ പൂർണമായും പിക്കപ്പ് വാൻ ഭാഗികമായും കത്തിനശിച്ചു. എഴുപത് ശതമാനത്തിലധികം പൊള്ളലേറ്റ ഓട്ടോറിക്ഷ ഡ്രൈവറാണ് ചികിത്സയിലിരിക്കെ മരിച്ചത്.
ഒരാഴ്ചക്കുള്ളിൽ പത്തോളം അപകടങ്ങളാണ് എംസി റോഡിൽ കൊട്ടാരക്കര മേഖലയിൽ നടന്നത്. നവീകരിച്ച എംസി റോഡിൽ അപകടങ്ങൾ വർധിച്ചത് വിവാദമായതിനെ തുടർന്ന് പല ഘട്ടങ്ങളിലായി ശാസ്ത്രീയ പഠനങ്ങൾ നടന്നിരുന്നു. റോഡുസുരക്ഷാ വിദഗ്ധരുടെ പഠനത്തോടൊപ്പം പോലീസ് വകുപ്പും പ്രത്യേക പഠനം നടത്തിയിരുന്നു. റോഡിന്റെ പ്രതലം മിനുസമായതും അമിതവേഗതയും അശ്രദ്ധയുമാണ് കാരണമായി കണ്ടെത്തിയത്.
എന്നാൽ ഇതൊന്നുമല്ല അപകടവർധനവിന് കാരണമെന്നാണ് വിലയിരുത്തൽ. റോഡു നവീകരണത്തിന്റെ പ്രാരംഭ ഘട്ടത്തിലരങ്ങേറിയ അഴിമതിയാണ് ഇപ്പോഴത്തെ ദുരവസ്ഥക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നവീകരണത്തിന് ഭൂമി ഏറ്റെടുക്കുന്നതിൽ തുടങ്ങിയ ക്രമക്കേടുകൾ ഇതിനു പിന്നിലുണ്ട്. ആയൂർ മുതൽ ഏനാത്തു വരെ ഒട്ടനവധി കൊടുംവളവുകളുണ്ട്.
എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ അടുത്തെത്തിയാൽ പോലും കാണാൻ കഴിയാത്ത വളവുകളുണ്ട്.
നിർമ്മാണ ഘട്ടത്തിൽ ഇതൊഴിവാക്കി നവീകരണം നടത്തിയില്ല. ഭൂമിയേറ്റെടുക്കുന്നതിൽ സ്വകാര്യ വ്യക്തികളെ സംരക്ഷിക്കാൻ നടന്ന വഴിവിട്ട ഇടപാടുകളായിരുന്നു ഇതിനു പിന്നിൽ. മൈലത്ത് റെയിൽവേ മേൽപ്പാലം നിർമ്മിച്ചിട്ടുള്ളത് കൊടുംവളവിലാണ്.വാഹനങ്ങൾ പാലത്തിൽ പ്രവേശിച്ചാൽ മാത്രമേ എതിർദിശയിലെ വഹനം കാണാൻ കഴിയു. റോഡുനിയമങ്ങൾ പാലിക്കാതെയാണ് ഇവിടെ നിർമ്മിതി നടന്നിട്ടുള്ളത്. സ്ഥിരം അപകടമേഖലയാണ് ഇവിടമിപ്പോൾ.
നവീകരണ കാലഘട്ടത്തിലും പിന്നീടും റോഡ് അപകടരഹിതമാക്കാകാനുള്ള ഒരു നടപടിയും കെഎസ്ടിപിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അപകടമേഖലകളിലും വളവുകളിലും മുന്നറിയിപ്പു ബോർഡുകൾ പോലും സ്ഥാപിച്ചിട്ടില്ല. വേഗത കുറച്ചു പോകേണ്ടുന്ന ഭാഗങ്ങളിൽ അതിനുള്ള മുന്നറിയിപ്പുമില്ല. രാത്രി കാലങ്ങളിൽ എംസി റോഡ് കൂരിരുട്ടിലാണ്. മിക്കയിടങ്ങളിലും തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല.
കെഎസ്ടിപി സ്ഥാപിച്ച സോഡിയം വേപ്പർ ലാമ്പുകളും സൗരോർജ വിളക്കുകളും ഇപ്പോൾ പ്രയോജനരഹിതമാണ്. തെരുവുവിളക്കുകുകളുടെ ചുമതല അതത് ഭാഗങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയിരുന്നെങ്കിലും അവരിപ്പോഴത് കൈയ്യൊഴിഞ്ഞ മട്ടാണ്. ഭീമമായ കറണ്ട്ചാർജ് താങ്ങാൻ കഴിയുന്നില്ലെന്നാണ് വാദം.
എംസി റോഡിൽ ഏറത്ത് കുളക്കട ജംഗ്ഷൻ, കുളക്കട ലക്ഷം വീട്, പുത്തൂർമുക്ക്, കലയപുരം, ഇഞ്ചക്കാട്, മൈലം, മൈലം റെയിൽവേ പാലം, ലോവർ കരിക്കം, സദാനന്ദപുരം, വാളകം, പനവേലി എന്നിവിടങ്ങൾ സ്ഥിരം അപകട മേഖലകളാണ്. ഇവിടങ്ങളിൽ പോലും അപകട സൂചക ബോർഡുകൾ സ്ഥാപിച്ചിട്ടില്ല.
എംസി റോഡിൽ അപകടങ്ങൾ കുറക്കാൻ 160 കോടി ചിലവഴിച്ച് സേഫ് കോറിഡോർ പദ്ധതി നടപ്പിലാക്കി വരുമ്പോഴാണ് അപകടങ്ങൾ ആവർത്തിക്കുന്നതെന്നും ശ്രദ്ധേയമാണ്. ഈ പദ്ധതി ഏകദേശം പൂർത്തിയായും കഴിത്തു. ലക്ഷങ്ങൾ ചിലവിടുന്ന റോഡുസുരക്ഷാ ബോധവൽക്കരണ പരിപാടിയും ആരംഭിച്ചിട്ടുണ്ട്. പക്ഷേ ഇതൊന്നും അപകടങ്ങൾ ഒഴിവാക്കുന്നതിന് ഫലപ്രദമായിട്ടില്ല. മരിക്കുന്നവരുടെയും കിടപ്പ് രോഗികളുടെയും എണ്ണം നാൾക്കുനാൾ വർധിച്ചു വരുന്നു.