പത്തനാപുരം : നഗരമധ്യത്തില്‍ പുതിയതായി നിര്‍മിക്കുന്ന ഷോപ്പിംഗ് മാളിന്റെ ഒരുനില പൂര്‍ണമായും മുങ്ങി വെള്ളക്കെട്ട്.
കഴിഞ്ഞ ഒരു മാസമായി ഉള്ള ശക്തമായ മഴ കാരണമാണ് ഒരു നില നിറയുന്ന രീതിയില്‍ വെള്ളം നിറഞ്ഞത്.
പത്തനാപുരം പഞ്ചായത്തില്‍ ഡെങ്കിപ്പനിയും എലിപനിയും അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴാണ് ആഴ്ചകളായി കെട്ടി കിടക്കുന്ന വെള്ളക്കെട്ട് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നത്.
കെ എസ് ആര് ടി സി ഡിപ്പോയും പൊതുമാര്‍ക്കറ്റും അടക്കം പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് വെള്ളക്കെട്ട് ഉള്ളത്. ഷോപ്പിംഗ് മാള്‍ പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ പാര്‍ക്കിംഗിനായി ഉപയോഗപ്പെടുത്താനാകുന്ന തരത്തിലാണ് ഏറ്റവും അടിയിലെ നിലയുടെ നിര്‍മ്മാണം.
ചന്തയില്‍ നിന്നും ഡിപ്പോയില്‍ നിന്നും ഷോപ്പിംഗ് മാളിന്റെ മുകള്‍ഭാഗത്ത് നിന്നും ഉള്ള വെള്ളമാണ് ഇവിടേക്ക് ഒഴുകി എത്തുന്നത്. ദിവസങ്ങളായി വെള്ളത്തില്‍ നിന്നും ദുര്‍ഗന്ധവും ഉണ്ടാകുന്നുണ്ട്.
പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റേയും നേതൃത്വത്തില്‍ മേഖലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളും മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങളും നടക്കുകയാണ്.
എന്നിട്ടും നഗരമധ്യത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ അധികൃതര്‍ തയാറാകുന്നില്ല എന്നതാണ് സത്യാവസ്ഥ.