അഞ്ചല്‍ : തൂങ്ങിമരിച്ചയാളുടെ മൃതദേഹം പോലീസിനെ അറിയിക്കാതെ മറവു ചെയ്ത സംഭവത്തില്‍ കേസെടുത്ത് പോലീസ്.
അഞ്ചല്‍ തടിക്കാട് സ്വദേശി ബദറുദീന്റെ മൃതദേഹമാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഒന്നും നടത്താതെ രഹസ്യമായി കബറടക്കിയത്.
ഇക്കഴിഞ്ഞ 23 നാണ് ബദറുദ്ദീനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തിയത്.
എന്നാൽ തൂങ്ങി മരിച്ച വിവരം മറച്ചുവച്ച ബന്ധുക്കള്‍ സ്വാഭാവിക മരണമാണെന്ന് പറഞ്ഞ് മൃതദേഹം തടിക്കാട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കം നടത്തി.
ഇതറിഞ്ഞ ബദറുദ്ദീന്റെ സഹോദരി ഷാഹിദ ഉന്നത പോലീസ് അധികാരികള്‍ക്കും, ജില്ല കളക്ടര്‍ക്കും നല്കിയ പരാതിയെ തുടർന്നാണ് കബറക്കം നടത്തിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ പോലീസ് തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി ഇന്നലെ രാവിലെ പതിനൊന്നോടെ പുനലൂര്‍ ഡിവൈഎസ്പി ബി വിനോദ്, അഞ്ചൽ സിഐ കെ.ജി ഗോപകുമാർ , എസ്ഐ ജ്യോതീഷ് കുമാർ, പുനലൂര്‍ തഹസീല്‍ദാര്‍ എന്നിവരുടെ സാനിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തു.
ഫോറന്‍സിക് സംഘത്തിന്റെ സഹായത്തോടെ മേല്‍നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിലുള്ള മനോവിഷമം കൊണ്ടാണ് ആത്മഹത്യ വിവരം മറച്ചുവച്ചുകൊണ്ട് മൃതദേഹം മറവു ചെയ്തതെന്നാണ് ബന്ധുക്കളുടെ വിശദീകരണം. അഞ്ചല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.