കൊട്ടാരക്കര: നീലേശ്വരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച ഒരു കുടുംബത്തിലെ നാലു പേരുടെയും സംസ്കാരം വീട്ടുവളപ്പിൽ നടന്നു.
ഒരുമിച്ചുചുണ്ടുറങ്ങിക്കഴിഞ്ഞവർ ഒറ്റച്ചിതയിൽ എരിഞ്ഞടങ്ങുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. നൂറു കണക്കിനാളുകളാണ് ഇവരെ അന്ത്യയാത്രയാക്കാൻ എത്തിച്ചേർന്നിരുന്നത്.
നീലേശ്വരം പൂജപ്പുര വീട്ടിൽ രാജേന്ദ്രനെ (56) തൂങ്ങി മരിച്ച നിലയിലും ഭാര്യ അനിത (48), മക്കളായ ആദിത്യ രാജ് (24), അമൃതാ രാജ് (20) എന്നിവരെ വെട്ടേറ്റ് മരിച്ച നിലയിലും തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് കണ്ടെത്തിയത്.
പോലീസ് നടപടികൾക്കു ശേഷം മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കു മാറ്റിയിരുന്നു. ഇന്നലെ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്.
അര മണിക്കൂറോളം വീട്ടുമുറ്റത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങളിൽ നൂറുകണക്കിനാളുകൾ ആദരാഞ്ജലികൾ അർപ്പിച്ചു.
മന്ത്രി കെ.എൻ.ബാലഗോപാലടക്കം വിവിധ തലങ്ങളിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സന്നിഹിതരായിരുന്നു.
വീട്ടുവളപ്പിലൊരുക്കിയ ഒറ്റ ചിതയിലായിരുന്നു നാലു പേരുടെയും സംസ്കാരം നടത്തിയത്. അനിതയുടെ സഹോദരിയുടെ മക്കളാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
നീലേശ്വരം 631-ാം നമ്പർ എസ്എൻഡിപി ശാഖയായിരുന്നു മരണാനന്തര കർമങ്ങൾ ഏറ്റെടുത്തു നടത്തിയത്. പ്രസിഡന്റ് ശിവദാസനും സെക്രട്ടറി അനിൽകുമാറും നേതൃത്വം നൽകി.
ഗൃഹനാഥനായ രാജേന്ദ്രൻ ഭാര്യയെയും മക്കളെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.
മുൻപ് മാനസീകാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന രാജേന്ദ്രൻ കടബാധ്യത മൂലമുണ്ടായ മാനസിക വിഭ്രാന്തിയിൽ കൊടും കൃത്യം ചെയ്തതായിട്ടാണ് അനുമാനിക്കുന്നത്.
കൊലപ്പെടുത്താനുപയോഗിച്ച കൊടുവാളും രക്തസാമ്പിളുകളും ശാസ്ത്രീയ പരിശോധനകൾക്കായി പോലീസ് തിരുവനന്തപുരത്തെ ഫോറസിക് ലാബിലേക്ക് മാറ്റി.