കൊല്ലം: യുവ ദന്പതികളെ അടിച്ചുവീഴ്ത്തി മാലകവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. യുവതിയുടെ മാതാവ് നൽകിയ ക്വട്ടേഷനാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയതിനെതുടർന്ന് മാതാവ് നജിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടി പോലീസ് തുടങ്ങി. ക്വട്ടേഷൻ സംഘം കവർന്ന താലിമാല കണ്ടെത്തായായില്ലെന്ന് എഴുകോൺ എസ്ഐ പറഞ്ഞു.
മരുമകൻ ജോലിക്ക് പോകാതെ ആഡംബര ജീവിതം നയിക്കുകയും തന്നെ നിരന്തരം ഉപദ്രവിക്കുകയും ചെയ്യുന്നതിനാലാണ് ക്വട്ടേഷൻ നൽകിയതെന്ന് ഇവർ പോലീസിനോട് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ 23 നാണ് സംഭവം. മകൾ അഖിന ഭർത്താവ് ജോബിനൊപ്പം ബൈക്കിൽ പോകവേയാണ് മാല മൂന്നംഗ സംഘം പൊട്ടിച്ചെടുത്തത്. ഈ സംഭവത്തിലെ പ്രതികളായ ഷെബിൻഷാ, വികാസ്, ഷെബിൻ എന്നിവരെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ വിശദമായി ചോദ്യം ചെയ്തതിലാണ് ക്വട്ടേഷൻ കഥ പോലീസിന് വ്യക്തമായത്. പ്രതികളെ അറസ്റ്റ് ചെയ്തതോടെ നജി ഒളിവിൽ പോകുകയായിരുന്നു. യുവതിയുടെ രണ്ടാം ഭർത്താവായ തൃശൂർ സ്വദേശി ജോബിൻ നജിയുടെ ചെലവിലാണ് കഴിഞ്ഞ് വന്നിരുന്നത്.
ജോലിക്കും മറ്റും പോകാതെ ആഡംബര ജീവിതം മകളും മരുമകനും ചേർന്ന് നയിച്ചതിനെ തുടർന്ന് മാതാവ് ജോബിനെ ജോലിക്ക് പോകാത്തതിന് വഴക്ക് പറയുകയും ഇതിനെ തുടർന്ന് റോബിൻ നജിയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നുവത്രെ.
ഇതിൽ ഗതികെട്ടിട്ടാണ് നജി ഇത്തരമൊരു കടുംകൈ ചെയ്യാൻ ഇറങ്ങിത്തിരിച്ചതെന്നു പറയുന്നു. ഇതോടെ പ്രതികാരം തീർക്കാൻ മാല തട്ടി പറിക്കുന്നതിനും ജോബിനെ ഉപദ്രവിക്കുന്നതിനും ക്വട്ടേഷൻ ഏൽപിക്കാൻ തീരുമാനിക്കുകയായിരുന്നു.
10,000 രൂപയാണ് ക്വട്ടേഷൻ സംഘത്തിനു നജി നൽകിയത്. മരുമകനെ അടിച്ചുവീഴ്ത്തിയ ശേഷം മകളുടെ കഴുത്തിൽ കിടന്ന മാലപൊട്ടിച്ചെടുത്തു സംഘം നജിയെ ഏൽപ്പിക്കുകയും ചെയ്തു . പരാതി ഉണ്ടാകില്ലെന്ന് കരുതിയാണ് നജി ക്വട്ടേഷൻ നൽകിയതെന്നാണ് പോലീസിനു ലഭിച്ച വിവരം.