രാജീവ് ഡി.പരിമണം
കൊല്ലം: കൊല്ലം ജില്ലയിൽ എൽഡിഎഫിന്റെ തലവേദന മാറിയപ്പോൾ കോൺഗ്രസിലും ബിജെപിയിലും പ്രതിസന്ധി തുടരുകയാണ്. ചടയമംഗലം സീറ്റിനെ ചൊല്ലിയായിരുന്നു സിപിഐയിൽ കലാപക്കൊടി ഉയർന്നത്.
ഇവിടെ സ്ഥാനാർഥി പട്ടികയിലുണ്ടായിരുന്ന എ. മുസ്തഫയ്ക്ക് സീറ്റ് നിഷേധിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ റിബലായി മത്സരിപ്പിക്കാൻ അണികൾ ശ്രമിച്ചെങ്കിലും അത്തരമൊരു നീക്കത്തിന് താനില്ലെന്ന് പറഞ്ഞ് പാർട്ടി നേതൃത്വത്തിന്റെ നിലപാടിയോട് യോജിക്കുകയായിരുന്നു.
ഇതോടെ എൽഡിഎഫിലെ പ്രശ്നത്തിന് അറുതിയായി. കെട്ടുറപ്പോടെയാണ് അവർ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
എന്നാൽ കോൺഗ്രസിലാകട്ടെ സ്ഥിതി മോശമായി തുടരുകയാണ്. കുണ്ടറ സീറ്റിന്റെ കാര്യത്തിൽ തീരുമാനമായില്ല.
ഇവിടെ പി.സി വിഷ്ണുനാഥിനെതന്നെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്തുകോൺഗ്രസ് അരയും തലയും മുറുക്കി രംഗത്തുണ്ട് .
ജാതി സമവാക്യമാണ് എന്നും കോൺഗ്രസിന് തലവേദന. കോൺഗ്രസിന്റെ സ്ഥാനാർഥികളിലേറെയും ഒരു സമുദായത്തിൽപ്പെട്ടവരാണെന്ന് ആരോപണമുണ്ട്.
ഈ സാഹചര്യത്തിലാണ് കുണ്ടറയിൽ കല്ലട രമേശിനെ സ്ഥാനാർഥിയാക്കാൻ നേതൃത്വം ശ്രമിച്ചത്.
സീറ്റ് ലഭിച്ചില്ലെങ്കിൽ റിബലായി മത്സരിക്കുമെന്ന് കല്ലട രമേശ് പറഞ്ഞെന്നുള്ള ആരോപണമാണ് യൂത്തുകോൺഗ്രസിനെ ചൊടിപ്പിച്ചത്.
ഇവിടെ പി.സി വിഷ്ണുനാഥിനെതന്നെ മത്സരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഒരുവിഭാഗം നേതാക്കളും.
പുനലൂർ സീറ്റിൽ മുസ്ലിം ലീഗ് സ്ഥാനാർഥി മലപ്പുറം സ്വദേശി അബ്ദുൽ റഹ്മാൻ രണ്ടത്താണിയാണ് മത്സരിക്കുന്നത്.
ഇവിടെ യൂത്തുകോൺഗ്രസ് സംസ്ഥാന സെക്രട്ടറി സഞ്ജയ്ഖാൻ റിബൽ സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ഭീഷണിമുഴക്കിയിരിക്കുകയാണ്. ഐഎൻടിയുസിക്ക് സീറ്റ് നിഷേധിച്ചസാഹചര്യവും കൂടുതൽ പ്രതിഫലിക്കുന്നത് കൊല്ലത്താണ്.
സംസ്ഥാനപ്രസിഡന്റ് ചന്ദ്രശേഖരന് സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. അവർ ചില മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്താനുള്ള തയാറെടുപ്പിലാണ്.
ബിജെപിയിൽ കരുനാഗപ്പള്ളി, കൊല്ലം മണ്ഡലങ്ങളിലെ സ്ഥാനാർഥികളെക്കുറിച്ച് ഇതുവരെയും തീരുമാനമായിട്ടില്ല.
ഇവിടെസംസ്ഥാന നേതാക്കളിൽ ചിലർ മത്സരിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും സാധ്യത കുറവാണ്.
പ്രാദേശിക നേതാക്കൾക്ക് തന്നെയായിരിക്കും ഒടുവിൽ നറുക്ക് വീഴുകയെന്ന് കരുതുന്നവരും പാർട്ടിയിൽ കുറവല്ല. കുണ്ടറ, ഇരവിപുരം സീറ്റുകൾ ബിഡിജെഎസിന് എൽകിയതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമം പാർട്ടി നേതൃത്വം തുടരുകയാണ്.