തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാന നടപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളജ്.
അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയിൽ നിന്ന് സ്വീകരിച്ചത് 8 അവയവങ്ങളാണ്. ഏഴ് പേർക്കാണ് അവയവദാനത്തിലൂടെ പുതുജീവൻ പകർന്ന് വിനോദ് യാത്രയായത്.
കൊല്ലം കിളികൊല്ലൂർ സ്വദേശിയായ 54 കാരനായ വിനോദിന് ഡിസംബർ 30ന് കൊല്ലത്ത് കല്ലും താഴത്തിനും ബെപ്പാസിനും ഇടയ്ക്കാണ് അപകടം സംഭവിക്കുന്നത്.
വിനോദിന്റെ ഇരുചക്രവാഹനം സ്വകാര്യബസിന് പുറകിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് മാരകമായി പരിക്കേറ്റ വിനോദിന് ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
വിനോദിന്റെ ഹൃദയം ചെന്നൈ എംജിഎം ആശുപത്രിയിലേക്ക് കൊണ്ടുപോകും. വൃക്ക ഒന്ന് കിംസിലേക്കാണ് കൈമാറുക. ഒന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ തന്നെ ഉപയോഗിക്കും.
കൈകൾ രണ്ടും (ഷോൾഡർ മുതൽ) എറണാകുളം അമൃതയിലേക്ക് കൊണ്ടുപോകും. കണ്ണുകൾ (കോർണിയ) (രണ്ടും ) തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കാണ് നൽകിയത്. കരൾ കിംസിലേക്കും കൈമാറി.
മുൻപും അവയവദാനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ ഒരാളിൽ നിന്ന് എട്ട് അവയവങ്ങൾ ദാനം ചെയ്യുന്നത് ഇതാദ്യമാണ്.
കരങ്ങള്‍ കര്‍ണാടകക്കാരനായി ചലിക്കും
കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ കരങ്ങള്‍ ഇനി കര്‍ണാടക സ്വദേശിയായ അമരീഷില് ചലിക്കും.
കൊല്ലം കിളികൊല്ലൂര്‍ കന്നിമേല്‍ചേരി ചെമ്പ്യാപിള്ള തൊടിയില്‍ എസ്. വിനോദിന്റെ (51) കൈകളാണ് അമരീഷില് തുന്നിച്ചേര്‍ക്കുന്നത്.
തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്കു ഹെലികോപ്റ്റര്‍ മാര്‍ഗം ഇന്നലെ എത്തിച്ച കൈകള്‍ തുന്നിച്ചേര്‍ക്കുന്ന ശസ്ത്രക്രിയ കൊച്ചി അമൃത ആശുപത്രിയില്‍ പുരോഗമിക്കുകയാണ്.
ഇന്നുരാവിലെ ആറുവരെ ശസ്ത്രക്രിയ നീളുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. കഴിഞ്ഞ ഡിസംബര്‍ 30ന് ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വിനോദിനു പരിക്കേറ്റത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വിനോദിനു മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
തുടര്‍ന്ന് വിനോദിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സമ്മതം അറിയിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴിയാണ് ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.
കര്‍ണാടക ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരനാണ് അമരീഷ്. ജോലിക്കിടയില്‍ മൂന്നുകൊല്ലം മുമ്പാണ് കൈകള്‍ നഷ്ടപ്പെട്ടത്.
അമൃത ആശുപത്രിയില്‍നിന്നുള്ള ഡോക്ടര്‍മാരുടെ നാലംഗസംഘം ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തി മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം ഉച്ചകഴിഞ്ഞ് 3.45ഓടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൈകളുമായി മടങ്ങുകയായിരുന്നു.
എയര്‍പോര്‍ട്ടില്‍നിന്നു 4.05നു ഡോക്ടര്മാരെയുംകൊണ്ട് കൊച്ചിയിലേക്കു പറന്ന ഹെലികോപ്റ്റര്‍ അഞ്ചിന് ഇടപ്പള്ളിയില്‍ ലുലുഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹെലിപ്പാഡിലെത്തി. ഇവിടെനിന്നു പോലീസ് വാഹനത്തിന്റെ അകമ്പടിയോടെ അമൃത ആശുപത്രിയിലെത്തിച്ചു.
സെന്റര്‍ ഫോര്‍ പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യര്‍, പ്രഫസര്‍ ഡോ. മോഹിത് ശര്‍മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
വിനോദിന്റെ ഹൃദയം ചെന്നൈയിലെ ആശുപത്രിയിലും കരളും ഒരു വൃക്കയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ഒരു വൃക്ക മെഡിക്കല്‍ കോളജ് ആശുപത്രിയിലും നേത്രപടലങ്ങള്‍ ഗവ. കണ്ണാശുപത്രിയിലും ചികിത്സയിലുള്ള രോഗികള്‍ക്ക് നൽകി.