നാദാപുരം: സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥിക്ക് ബൈക്കിൽ ലിഫ്റ്റ് നൽകിയ ശേഷം തട്ടിക്കൊണ്ടു പോകാൻ ശ്രമം. വാണിമേൽ വയൽപീടികയ്ക്കടുത്ത് ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. പേരോട് എംഐഎം ഹയർ സെക്കന്‍ഡറി സ്കൂൾ വിദ്യാർഥിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്.
സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ വളയം പോലീസില്‍ ഇന്നലെ വൈകിട്ട് പരാതി നല്കി. ഇന്ന് വിദ്യാര്‍ഥിയില്‍ നിന്നും രക്ഷിതാവില്‍ നിന്നും പോലീസ് മൊഴിയെടുക്കുമെന്നാണറിയുന്നത്. വയൽ പീടികയിലെ വീട്ടിനടുത്ത് ബൈക്കിൽ നിന്നും ബൈക്കിൽ കയറിയ വിദ്യാർഥിയോട് ബൈക്ക് യാത്രക്കാരൻ അപമര്യാദയായി പെരുമാറാൻ തുടങ്ങിയതോടെ വാണിമേൽ പെട്രോൾ പമ്പിന് സമീപമുള്ള ബന്ധുവീട്ടിനടുത്ത് ഇറങ്ങണമെന്നു വിദ്യാർഥി ആവശ്യപ്പെട്ടു. എന്നാൽ ബൈക്ക് നിർത്താതെ അതിവേഗത്തിൽ ഓടിച്ചു പോയി.
പമ്പിന് സമീപത്ത് ബൈക്ക് നിർത്താൻ വീണ്ടും ആവശ്യപ്പെട്ടെങ്കിലും നിർത്താത്തതിനെ തുടർന്ന് ബൈക്കിൽ നിന്ന് ചാടിയ വിദ്യാർഥിക്ക് പരിക്കേറ്റു. കുട്ടിയുടെ രക്ഷിതാവ് വളയം പോലീസിൽ പരാതി നൽകി. സിസി ടി വി ദൃശ്യങ്ങളിൽ നിന്നും ബൈക്കിന്റെ നമ്പർ പോലീസ് തിരിച്ചറിഞ്ഞു.