മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന് അബ്ദുറഹ്മാന് നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
ശ്രീറാം വെങ്കിട്ടരാമന് ഉന്നത തലത്തില്‍ ബന്ധമുള്ള ഐഎഎസ് ഓഫീസര്‍ ആയതിനാല്‍ പോലീസിന്റെ സഹായമുണ്ടെന്നും അന്വേഷണം വഴിതിരിച്ചുവിട്ടേക്കുമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
ജസ്റ്റിസ് സിയാദ് റഹ്മാന് ആണ് ഹര്‍ജി പരിഗണിക്കുക. ശ്രീറാമിന്റെ അവിഹിത ബന്ധത്തിന്റെ തെളിവ് ബഷീറിന്റെ കൈവശമുണ്ടായിരുന്നുവെന്നും ഇതിലുള്ള വൈരാഗ്യമാണ് മരണത്തിലേക്ക് എത്തിച്ചതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
അപകട ദിവസം കെ.എം. ബഷീറിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടമായിരുന്നു. എന്നാല്‍ ഈ ഫോണ്‍ കണ്ടെത്താന്‍ പോലീസിന് കഴിയാത്തത് ദുരൂഹമാണ്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹര്ജിക്കാരന് വ്യക്തമാക്കുന്നു.
പ്രോസിക്യൂഷന് പ്രതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. നിലവിലെ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമാണ്.
ഈ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിക്കെതിരെ യാതൊരു നടപടിക്കും സാധ്യതയില്ല. അതുകൊണ്ടുതന്നെ കേസ് സിബിഐ അന്വേഷിക്കണം. ബഷീറിന്റെ മരണത്തില്‍ ചില ദുരൂഹതകളുണ്ട്.
എല്ലാ സംശയങ്ങളും നീങ്ങുന്നതിന് സിബിഐ അന്വേഷണം വേണമെന്നും ബഷീറിന്റെ സഹോദരന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
2019 ആഗസറ്റ് 3നാണ് ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെടുന്നത്. കേസില്‍ മ്യൂസിയം പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി തിരുവന്തപുരം സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടക്കുന്നതിനിടെ ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചിരുന്നു.
എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് ശ്രീറാമിനെ കളക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയിരുന്നു.