തിരുവനന്തപുരം: ഒരു വർഷം മുന്‍പ് ഇതേ ദിവസം പുലർച്ചെയാണ് മാധ്യമപ്രവർത്തകനായ കെ.എം ബഷീർ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിടിച്ചു മരിച്ചത്.
വാർത്തകൾ ആദ്യം അറിയുന്ന മാധ്യമപ്രവർത്തകർക്ക് മരിച്ചത് തങ്ങളിൽ ഒരാളാണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. കേരള മനസാക്ഷി വാർത്ത കേട്ടതും ഞെട്ടലോടെയാണ്.
ഓഗസ്റ്റ് 3ന് പുലർച്ചെ ഒരു മണിയോടെയാണ് അമിത വേഗത്തിലെത്തിയ ശ്രീറാമിന്റെ കാറിടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെഎം ബഷീർ കൊല്ലപ്പെട്ടത്. കൊല്ലത്ത് സിറാജ് പത്രത്തിന്റെ യോഗത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബഷീർ അപകടത്തിൽപെട്ടത്.
പിന്നാലെ ശ്രീറാമിനെ പോലീസ് അറസ്റ്റ് ചെയ്യുകയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. വാഹനത്തിൽ ശ്രീറാമിനൊപ്പം വനിതാ സുഹൃത്തായ വഫയുമുണ്ടായിരുന്നു. വാഹനമോടിച്ചത് താനല്ല, വഫയാണെന്നു ശ്രീറാം പറഞ്ഞെങ്കിലും വഫ നിഷേധിച്ചു.
അപകടത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് ആദ്യം കേസെടുത്തതെങ്കിലും പിന്നീട് ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകളും ചുമത്തുകയായിരുന്നു.
അപകടത്തിന് ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിനെ മജിസ്ട്രേറ്റുമായി എത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തെളിവുകൾ ഇല്ലാതാക്കുന്നതിന് പോലീസ് നടത്തിയ ഒത്തുകളികൾക്കു ശേഷം ആറുമാസത്തിനു ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. അപകടം നടക്കുമ്പോൾ ശ്രീറാം മദ്യലഹരിയിൽ അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നാണ് പോലീസ് കണ്ടെത്തല്‍.
കെഎം ബഷീർ സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിക്കുന്ന സമയത്ത് ശ്രീറാം വെങ്കിട്ടരാമൻ ഡ്രൈവ് ചെയ്തിരുന്ന ഫോക്സ് വാഗണ്‍ വെന്റോ കാര്‍ സഞ്ചരിച്ചിരുന്നത് 100 കിലോമീറ്ററിലേറെ വേഗതയില്‍. അമിത വേഗതയിലെത്തിയ കാര്‍ ബഷീറിന്റെ ബൈക്കിനെ ഇടിച്ചതിന് ശേഷം 24.5 മീറ്ററോളം വലിച്ചിഴച്ചാണ് മതിലില്‍ ഇടിച്ചു നിന്നത്.
ഇതിനിടെ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ മുഖ്യമന്ത്രി തള്ളിയിരുന്നു. കെഎം ബഷീറിന്റെ ഭാര്യ ജസ്ലയ്ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്കി കൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങി.
തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്റായാണ് നിയമനം. ഇതിനിടെ ശ്രീറാമിനെ വീണ്ടും സര്‍വീസിൽ തിരിച്ചെടുത്തു. കോവിഡ് 19 വ്യാപനം തടയുന്ന നടപടികൾ ഏകോപിപ്പിക്കുന്ന ചുമതലയുമായാണ് ശ്രീറാം വെങ്കിട്ടരാമൻ ആരോഗ്യവകുപ്പിൽ സേവനം തുടങ്ങിയത്.
ശ്രീറാമിന്റെ നിയമനത്തിൽ ആരോഗ്യവകുപ്പിലെ ചില കേന്ദ്രങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.കാറിടിച്ചു മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ആരോഗ്യവകുപ്പിലെ ഉൾപ്പെടെയുള്ള ജീവനക്കാർ സാക്ഷികളായി മൊഴി നൽകേണ്ടതിനാൽ, അത്തരം കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ അതേ വകുപ്പിൽ നിയമിക്കുന്നതിൽ നീതീകരണമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
കേസിൽ ഇതേവരെ വിചാരണ പൂർത്തിയായിട്ടില്ല. കെ.എം. ബഷീർ മരിച്ച സംഭവത്തിലെ രണ്ടു പ്രതികളും അടുത്ത മാസം 16നു കോടതിയിൽ നേരിട്ടു ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
അന്വേഷണ സംഘം ഏറെ വൈകി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്ന പ്രതിസ്ഥാനത്തുള്ള ശ്രീറാം വെങ്കിട്ടരാമനും വഫയും ഇതുവരെ കോടതിയിൽ നേരിട്ട് ഹാജരായിട്ടില്ല. അപകടകരമായി വാഹനമോടിച്ച് വരുത്തിയ മനപ്പൂർവമല്ലാത്ത നരഹത്യ, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്.
ശ്രീറാം മദ്യപിച്ചിരുന്നതായി അറിഞ്ഞിട്ടും തന്റെ കാർ ശ്രീറാമിന് കൈമാറുകയും വേഗതയിൽ ഓടിക്കാൻ അനുവദിക്കുകയും ചെയ്തതിനാണ് വഫക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയിട്ടുള്ളത്.