കോഴിക്കോട് : പൗരത്വ നിയമത്തിനെതിരേ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത മുസ്ലിംലീഗ് പ്രാദേശിക നേതാവിന് സസ്പന്ഷന് .
കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നിയോജക മണ്ഡലം മുസ്ലീം ലിഗ് വൈസ്പ്രസിഡന്റ് കെ.എം.ബഷീറിനെയാണ് ലീഗ് നേതൃത്വം സസ്പെൻഡ് ചെയ്തത്. മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിന് പുറമേ മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചും കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചും ബഷീര്‍ പരസ്യപ്രസ്താവന നടത്തിയിരുന്നു.
ചാനലുകളില്‍ പരസ്യമായി കോണ്‍ഗ്രസിനെയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനേയും വിമര്‍ശിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് സസ്പെന്ഷന് നടപടി. അന്വേഷണ വിധേയമായാണ് സസ്പെന്‍ഷനെന്നും മനുഷ്യ ചങ്ങലയില്‍ പങ്കെടുത്തതിന് പുറമേ നേതാക്കള്‍ക്കെതിരേ പരസ്യപ്രസ്ഥാവന നടത്തിയത് ഗുരുതര വീഴചയാണെന്നുമാണ് ലീഗ് ജില്ലാ നേതൃത്വം പറയുന്നത്.
ഇന്നലെ രാത്രി കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് നടപടി. പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയത്തെ ഇന്ത്യയിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസ് വേണ്ടത്ര ഗൗരവത്തിലെടുത്തിരുന്നില്ലെന്നാണ് ബഷീര്‍ ചാനലിലെ അഭിമുഖത്തില്‍ വിമര്‍ശനമുന്നയിച്ചത്.
മുല്ലപ്പള്ളി ഇക്കാര്യത്തില്‍ വീഴ്ച വരുത്തി. അതേസമയം കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് പൗരത്വഭേദഗതി നിയമത്തിനെതിരേ ധീരമായ നിലപാട് സ്വീകരിച്ചു. കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഏറെ സാന്ത്വനമുണ്ടാക്കി.
രാജ്യത്ത് ഇരയാക്കപ്പെടുന്ന മുസ്ലിം സമൂഹത്തിലെ ഒരു പൗരന് എന്ന നിലയിലാണ് മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ശേഷം ഏറ്റവും വലിയ ജനപങ്കാളിത്തമുളള സമരമാണ് ഇപ്പോള്‍ നടക്കുന്നത്. ഭരണഘടന നഷ്ടപ്പെടുത്തുന്ന തരത്തില്‍ സര്‍ക്കാര്‍ നീങ്ങുമ്പോള്‍ അതിനെതിരെയുളള പ്രതിഷേധത്തില്‍ ഒരു പൗരനെന്ന നിലയിലാണ് പങ്കെടുത്തത്.
മുസ്ലിം ലീഗ് പങ്കെടുക്കരുതെന്ന് പറഞ്ഞിട്ടും പങ്കെടുത്തതിനാല്‍ ഒറ്റപ്പെടുമോ എന്ന ചോദ്യത്തിന് രാജ്യത്ത് തന്നെ മുസ്ലിം സമൂഹം ഒരു നിയമത്താല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു നിയമത്തിനെതിരെ സമരം ചെയ്യുന്നതില്‍ ഒറ്റപ്പെടുന്ന വിഷയമില്ലെന്നും ബഷീര്‍ വ്യക്തമാക്കിയിരുന്നു.
പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുക എന്നത് രാജ്യത്ത് ജീവിക്കുന്ന, ജനിച്ച് വളര്‍ന്ന നാട്ടില്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു പൗരന്റെ കടമയാണെന്നുമാണ് ബഷീറിന്റെ പ്രതികരണം.
തന്റെ നാട്ടില്‍ മത,സാമൂഹ്യ,സാംസ്കാരിക, രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേര് അവരുടെ ആശങ്ക അറിയിക്കാനായി മനുഷ്യ മഹാശൃംഖലയില്‍ അണിചേര്ന്നിരുന്നുവെന്നും ബഷീര്‍ ചാനല്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.