തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ച സംഭവത്തിൽ ദൃക്സാക്ഷിയായ ഇരുചക്ര വാഹന യാത്രക്കാരന്റെ മൊഴിയെടുക്കാതെ പോലീസ്. സംഭവ സമയത്ത് അവിടെയുണ്ടായിരുന്നെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായ ഇരുചക്രവാഹന യാത്രക്കാരനെ കണ്ടെത്താനോ മൊഴി രേഖപ്പെടുത്താനോ പ്രത്യേക അന്വേഷണ സംഘം തയാറായിട്ടില്ല.
അപകടം നടന്നതിനു സമീപത്തു നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ബഷീറിന്റെ ബൈക്കിനു പിന്നിൽ സഞ്ചരിച്ചിരുന്ന ഇയാളുടെ ഇരുചക്രവാഹനം അപകട സ്ഥലത്തു നിർത്തുന്നതും ഒരു മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്തു പോലീസ് എത്തുന്നതു കണ്ട് ഇവിടെ നിന്നു മാറുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
എന്നാൽ, എഫ്ഐആറിൽ അപകടത്തെപ്പറ്റി വിവരം ലഭിച്ചത് മണിക്കൂറുകൾക്കു ശേഷമാണെന്നാണ് പറഞ്ഞിരുന്നത്. അപകടം നടന്ന ശേഷം വാഹനമോടിച്ചയാളും ഒപ്പമുണ്ടായിരുന്നയാളും ഏറെ നേരം പോലീസുമായി സംസാരിച്ചു നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്.
അപകടം നടന്ന് ഒരു മിനിറ്റിനുള്ളിൽ അപകട സ്ഥലത്ത് എത്തിയ പോലീസ് രാവിലെ 7.17 ന് മാത്രമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അപ്പോഴേക്കും ആറു മണിക്കൂർ കഴിഞ്ഞിരുന്നു. അപകട സ്ഥലത്ത് ആംബുലൻസ് എത്തി കെ.എം. ബഷീറിനെ മാറ്റിയിട്ടും പോലീസും ശ്രീറാമും കൂടെയുണ്ടായിരുന്ന വഫ എന്ന സ്ത്രീയും ഏറെനേരം അവിടെ തുടർന്നു. പ്രതികൾക്കു രക്ഷപ്പെടാനായി കൂടിയാലോചനകൾ നടത്താൻ സാവകാശം നൽകി എന്ന വാദമാണ് ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഉയർന്നിരിക്കുന്നത്.
അപകടം നടന്നതിനു പിന്നാലെ സ്ഥലത്തെത്തിയവരെയാണ് പോലീസ് സാക്ഷിയാക്കിയിട്ടുള്ളത്. ഇവർ നൽകിയ മൊഴികളിൽ ശ്രീറാം വെങ്കിട്ടരാമനായിരുന്നു വാഹനമോടിച്ചതെന്നും മദ്യപിച്ച നിലയിലായിരുന്നുവെന്നുമാണു മൊഴി.