തിരുവനന്തപുരം: കെ.എം മാണി വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ച നിലപാട് അവസരവാദപരമാണെന്ന് ആക്ഷേപിച്ച് കോണ്‍ഗ്രസ് മുഖപത്രം. മാണിയെ മാമോദീസ മുക്കുന്ന കോടിയേരി എന്ന തലക്കെട്ടില്‍ ഇന്ന് വീക്ഷണം പത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് കോടിയേരിക്കെതിരെ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടിരിക്കുന്നത്.
മാണി യുഡിഎഫ് വിട്ട ഉടനെ ഇടതുമുന്നണിയിലേക്ക് വരേണ്ട എന്ന് വിലക്കിയ കോടിയേരി ഒരു രാത്രികൊണ്ട് മലക്കം മറിഞ്ഞ് മാണിക്ക് പച്ചക്കൊടി കാണിച്ചിരിക്കുന്നു. മാണിയെ ഇടതുമുന്നണിയിലേക്ക് അര്‍ധസ്വാഗതം ചെയ്തുകൊണ്ടുള്ള കോടിയേരിയുടെ പ്രസ്താവന അവസരവാദപരമാണെന്നും പത്രം കുറ്റപ്പെടുത്തുന്നു. എഡിറ്റോറിയല്‍ പേജില്‍ ശൂരനാട് രാജശേഖരന്‍ എഴുതിയ ധ്യാനം കഴിഞ്ഞു, ഇനി വാനപ്രസ്ഥം എന്ന ലേഖനവും മാണിയെ കുത്തിക്കൊണ്ടു ള്ളതാണ്.
മുഖപ്രസംഗത്തില്‍നിന്ന്:
ഇഷ്ടദാനബില്‍, ബാര്‍കോഴ തുടങ്ങിയ വിഷയങ്ങളില്‍ മാണിയെ വിമര്‍ശിച്ചിരുന്ന സിപിഎം ഇപ്പോള്‍ മാണിയെ മാമോദീസ മുക്കാന്‍ ശ്രമിക്കുന്നു. വര്‍ഗപരമായി മാണിയെ ശത്രുവായി കാണുന്ന സിപിഎം അതേസമയം തന്നെ മാണിക്കായി ചൂണ്ട കൊരുത്ത് കാത്തിരുന്നു. പാലക്കാട് പാര്‍ട്ടി പ്ലീനത്തിലെ സെമിനാറില്‍ മാണിയെ ക്ഷണിച്ച് മുഖ്യമന്ത്രിമോഹം മാണിയില്‍ ഊതിക്കയറ്റി. അന്നുമുതലാണ് മാണി യുഡിഎഫില്‍ അലോസരങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയത്. സിപിഎം പിന്തുണയോടെ മുഖ്യമന്ത്രി ആകാന്‍ സാധിക്കാതെ പോയ മാണിയെ പിന്നീട് സിപിഎം വേട്ടയാടി.
ബാര്‍കോഴ കേസില്‍ ഉള്‍പ്പെടുത്തി സഭയ്ക്കകത്തും പുറത്തും മാണിക്കെതിരെ സിപിഎം നടത്തിയ പേക്കൂത്തുകള്‍ മറക്കാറായിട്ടില്ല. മാണിയെ തകര്‍ക്കാന്‍ കേരള കോണ്‍ഗ്രസിനെ രണ്ടായി പളര്‍ത്തി അതിലൊരു ഭാഗത്തെ സിപിഎം കൂടെക്കൂട്ടി. മാണിക്കെതിരെ സിപിഎം എഴുതിപ്പിടിച്ച ചുമരെഴുത്തുകളുടെ നിറംമായും മുമ്പെ സിപിഎം മാണിയെ കെട്ടിപ്പിടിക്കാന്‍ വെമ്പുന്നു. പ്രശ്‌നാധിഷ്ടിത സഹകരണം എന്നു പറയുന്നുണ്ടെങ്കിലും കോടിയേരി മാണിയെ പൂര്‍ണസഖ്യത്തിനു ക്ഷണിക്കുകയാണെന്നും മുഖപ്രസംഗം ആക്ഷേപിക്കുന്നു.
മാണിക്കെതിരെയുള്ള അഴിമതിക്കേസുകള്‍ ഒതുക്കാനും സിപിഎം മടിക്കില്ലെന്ന് പറയുന്ന പത്രം ഇപ്പോള്‍ ഇടതുമുന്നണി മാണിയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്റെ കാരണം ജനങ്ങളോട് വിശദീകരിക്കണമെന്നും ആവശ്യപ്പെടുന്നു. സമീപഭാവിയില്‍ ഗോവിന്ദചാമിയും ആട് ആന്റണിയും സിപിഎം പക്ഷത്തേക്ക് ചാഞ്ഞാല്‍ അവരെ സിപിഎം പരിശുദ്ധരായി പ്രഖ്യാപിക്കാന്‍ മടിക്കില്ലെന്നും അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണ പിള്ളയെ സത്യസന്ധയയുടെ ഉദാത്തരൂപമായി വാഴ്ത്തിയവരാണ് സിപിഎം എന്നും വീക്ഷണം മുഖപത്രം കുറ്റപ്പെടുത്തുന്നു.