തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം ചെയർമാൻ കെ.എം.മാണിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി കോണ്‍ഗ്രസ് മുഖപത്രം. ആദ്യമായാണ് കെ.എം.മാണിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രത്തിൽ ഇത്രയും കടുത്തതും രൂക്ഷമായതുമായ ഭാഷയിൽ മുഖപ്രസംഗം പ്രസിദ്ധീകരിക്കുന്നത്. യുഡിഎഫിനോടൊപ്പം നിന്നു കൊണ്ട് എൽഡിഎഫ് പിന്തുണയോടെ മുഖ്യമന്ത്രിയാകാൻ ശ്രമിച്ച കെ.എം.മാണി അവസരവാദിയും കാപട്യം നിറഞ്ഞ രാഷ്ട്രീയക്കാരനുമാണെന്നാണ് കോണ്‍ഗ്രസ് മുഖപത്രംആരോപിക്കുന്നത്.
രാഷ്ട്രീയ സത്യസന്ധതയും മര്യാദയും തൊട്ടുതീണ്ടിയിട്ടില്ലാത്ത കപട രാഷ്ട്രീയത്തിന്റെ അപ്പസ്തോലനാണ് മാണിയെന്ന് വീക്ഷണം വിമർശിക്കുന്നു. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ.എം.ജോർജ് മുതൽ പി.സി.ജോർജ് വരെയുള്ള നേതാക്കളെ മാണി ഹീനമായി പീഡിപ്പിച്ചിട്ടുണ്ട്.
കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിൽ മാണിയുടെ വിഷക്കൊന്പ് ഏൽക്കാത്ത ഒരു നേതാവും ഉണ്ടായിട്ടില്ലെന്നും വീക്ഷണം എഡിറ്റോറിയലിൽ പറയുന്നു. ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് മാണിയുടേത്. സ്ഥാപക നേതാവായ കെ.എം.ജോർജിന്റെ മക്കളെ വഴിയാധാരമാക്കി സ്വന്തം മകനെ രാഷ്ട്രീയത്തിൽ ഇറക്കി വളർത്തുകയാണ് മാണി ചെയ്തത്.
സ്ഥാപക നേതാവിനെ പിന്നിൽ നിന്നും കുത്തുകയും മുറിവേൽപ്പിക്കുകയും ചെയ്തതിനാൽ ഹൃദയം പൊട്ടിയാണ് കെ.എം.ജോർജ് മരിച്ചത്. മാണിക്കും മകനും വേണ്ടി മാത്രമുള്ള ഒരു പാർട്ടിയെ ഏറെക്കാലം കോണ്‍ഗ്രസ് ചുമന്നതിനാലാണ് അവർക്ക് രാഷ്ട്രീയ അസ്തിത്വം ഉണ്ടായത്. കന്നി മത്സരത്തിൽ തോറ്റ മാണിയുടെ മകനെ പിന്നീടുള്ള തെരഞ്ഞെടുപ്പിൽ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചത് കോണ്‍ഗ്രസിന്റെ കഠിനാധ്വാനത്തിന്റെ ഫലമായിട്ടായിരുന്നു.
മാണിക്ക് വേണ്ടി യുഡിഎഫിന്റെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന ധാരണ ഉണ്ടെങ്കിൽ അതിന്റെ കുളിരിൽ കാത്തിരിക്കേണ്ടതില്ലെന്ന മുന്നറിയിപ്പും വീക്ഷണം നൽകുന്നുണ്ട്. ജോസ് കെ മാണിയെ അനന്തരവകാശിയായി പാർട്ടിയിൽ വാഴിച്ചത് നിരവധി പാർട്ടി നേതാക്കളുടെ ചോര വീഴ്ത്തിയിട്ടായിരുന്നു. മാണി നാൽക്കവലയിൽ നിന്നും വിലപേശുന്ന രീതിയാണ് കാട്ടുന്നത്. മാണിക്ക് യുഡിഎഫെന്നൊ എൽഡിഎഫ് എന്നൊ ബിജെപി എന്നൊ ഉള്ള അയിത്തമൊ പഥ്യമൊ ഇല്ല. കൂടുതൽ ആര് തരുന്നുവോ അവരുടെ കൂടെ പോകും.
മുന്നിൽ നിന്ന് കൈകൂപ്പി പിന്നിൽ നിന്നും കുത്തിമലർത്തുന്ന രീതിയാണ് മാണിയുടേത്. കായംകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും മാണിക്ക് ശിഷ്യപ്പെടേണ്ടി വരും. മകന്റെ കേന്ദ്രമന്ത്രി പദ മോഹത്തിനും തന്റെ മുഖ്യമന്ത്രി പദത്തിനും വേണ്ടി എന്ത് അശ്ലീലത്തിനും കൂട്ടുനിൽക്കും. മാണിയുടെ രാഷ്ട്രീയചരിത്രം നെറികേടിന്േറത് മാത്രമാണ്. ബജറ്റ് കള്ളനെന്ന് മാണിയെ അധിക്ഷേപിക്കുകയും ബജറ്റ് അവതരിപ്പാക്കാൻ അനുവദിക്കില്ലെന്ന് അന്നത്തെ പ്രതിപക്ഷം രംഗത്തെത്തിയപ്പോൾ യുഡിഎഫ് പ്രതിരോധം തീർത്ത് ധൈര്യത്തോടെ ബജറ്റ് അവതരിപ്പിക്കാൻ അവസരം നൽകിയതെല്ലാം മാണി മറന്നു പോയ കാര്യങ്ങളും വീക്ഷണത്തിന്റെ വിമർശനത്തിൽ വ്യക്തമാക്കുന്നു.
കൈവിഷം കൊടുത്തും കൂടോത്രം ചെയ്തും നശിപ്പിച്ച നേതാക്കളുടെ ആത്മാക്കൾ കേരള കോണ്‍ഗ്രസിന്റെ നിലവറയിൽ കിടന്ന് ഉരുളുകയാണെന്നും മാണിയുടെയും മകന്റെയും അഹന്ത ആപത്തായി തീരുന്ന കാലം വിദൂരമല്ലെന്ന മുന്നറിയിപ്പും വീക്ഷണത്തിന്റെ എഡിറ്റോറിയലിൽ വ്യക്തമാക്കുന്നു.