പാലാ: കെ.എം. മാണി ഒരു കാഞ്ചീപുരം പട്ടുസാരി വാങ്ങി കരിങ്ങോഴയ്ക്കൽ വീടിന്റെ പൂമുഖത്ത് കാത്തിരിക്കുകയാണ്, എറണാകുളത്തുള്ള മകളുടെ വീട്ടിൽ നിന്നു ഭാര്യ കുട്ടിയമ്മ പാലായിലേക്കു മടങ്ങി വരുന്നതും കാത്ത്. ഇന്ന് വിവാഹത്തിന്റെ 60-ാം വാർഷികത്തിൽ പ്രിയതമയ്ക്കുള്ള സമ്മാനം കാണിച്ചശേഷം മാണി പറഞ്ഞു, ഇക്കാര്യം അവളറിയേണ്ട, പട്ടുസാരി സസ്പെൻസായി അലമാരയിൽ ഇരിക്കട്ടെ.
കേരള രാഷ്ട്രീയത്തിലെയും കരിങ്ങോഴയ്ക്കൽ കുടുംബത്തിലെയും കാരണവരായ കെ.എം. മാണി അറുപതാണ്ടു മുന്പ് കുട്ടിയമ്മയെ കാണാൻ പോയ ദിവസം ഓർമയിൽനിന്ന് അയവിറക്കി. മാണിയുടെ മൂന്നാമത്തെ പെണ്ണുകാണലായിരുന്നു ആ ഞായറാഴ്ച വൈകുന്നേരത്തേത്. മുൻ ആഭ്യന്തര മന്ത്രി പി.ടി. ചാക്കോയുടെ അമ്മയുടെ അനുജത്തിയുടെ മകളാണ് പെണ്ണ്.
വാഴൂർ ഈറ്റത്തോട് വീട്ടിൽ ചെല്ലുന്പോൾ ഹാഫ് സാരിയുടുത്ത കുട്ടിയമ്മ ആറു മാസം പ്രായമുള്ള ഇളയ ആങ്ങള ബാബുവിനെ ഒക്കത്തുവച്ചാണ് മുന്നിൽവന്നു നിന്നത്. ചായയുമായി വന്നത് അമ്മ ക്ലാരമ്മയായിരുന്നു.
കെട്ടാൻ വരുന്ന ചെറുക്കൻ മീശക്കാരനായിരിക്കണം, വക്കീലായിരിക്കണം, സുന്ദരനായിരിക്കണം എന്നതായിരുന്നു കുട്ടിയമ്മയുടെ ഉള്ളിലിരുപ്പ്. മൂന്നു കാര്യങ്ങളും ഒത്തുവന്ന എന്നെ കണ്ടതോടെ കുട്ടിയമ്മയ്ക്ക് എന്നെ ഇഷ്ടമായി. എനിക്കും. ഞാൻ കണ്ണിറുക്കി നോക്കി ഒന്നു ചിരിച്ചു. കുട്ടിയമ്മ ചിരിച്ചു, സമ്മതം അറിയിച്ച പോലെ തലതാഴ്ത്തി. ഞങ്ങളുടെ ചിരിയുടെ മനസുവായിച്ചറിഞ്ഞ അവളുടെ കുഞ്ഞാങ്ങളയും ഒക്കത്തിരുന്നു ചിരിച്ചു. അങ്ങനെ മൗനച്ചിരികളുടെ പിൻബലത്തിൽ ഞങ്ങൾ സമ്മതം അറിയിച്ചു.
ആറു മക്കളും പതിമ്മൂന്നു കൊച്ചുമക്കളും അവർക്കും അഞ്ചു മക്കളുമായി വളർന്ന കുടുംബം ഇന്നു മാണിയുടെയും കുട്ടിയമ്മയുടെയും വിവാഹ വാർഷികത്തിൽ മധുരം മുറിച്ചുനൽകാൻ ഇന്നു പാലായിലെ വീട്ടിലെത്തും.
1957 നവംബർ 28ന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസീസ് അസീസി പള്ളിയിലായിരുന്നു വിവാഹം. താഴത്തേൽ മത്തായി അച്ചൻ ആശീർവദിച്ച വിവാഹത്തിനു പുള്ളോലിൽ തോമസും പുല്ലാന്താനിക്കൽ കുഞ്ഞേപ്പും സാക്ഷികളായി. കോട്ടയം ബാറിൽ വക്കീലും ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയുമായിരുന്ന മാണിക്ക് അന്ന് 25 വയസ്. അസംപ്ഷൻ കോളജിൽ ബിഎ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്ന വധുവിനു പ്രായം 21.
കുട്ടിയമ്മ പള്ളിയിലേക്കു വന്നതു ക്രീം സാരിയുടത്തു തലയിൽ നെറ്റണിഞ്ഞ് കൈയിൽ പൂച്ചെണ്ടു പിടിച്ചായിരുന്നു. തനിക്കു വെള്ള ഷർട്ടും മുണ്ടുമായിരുന്നുവെന്നും മാണി ഓർമിക്കുന്നു. കല്യാണക്കുറി അച്ചടിപ്പിച്ചിരുന്നു. പള്ളിയിലെത്തിയത് ജീപ്പിലായിരുന്നു. വീട്ടിൽ പന്തലിട്ടായിരുന്നു സദ്യ.
കല്യാണപ്പിറ്റേന്ന് മധുവിധുവിനു പോയ കഥ അടുത്തിരുന്ന മകൻ ജോസ് കെ. മാണിയുടെ കവിളിൽ ചെറിയൊരു നുള്ളു കൊടുത്താണു മാണി പറഞ്ഞുതുടങ്ങിയത്. കോട്ടയത്തു നിന്നു രണ്ടുമൂന്നു ജങ്കാർ കയറി വൈക്കം ജെട്ടിയിൽ നിന്നു കൊച്ചിയിലേക്കു ബോട്ടിലായിരുന്നു യാത്ര. “വൈക്കം കായലിലോളം തല്ലുന്പോൾ ഓർക്കും ഞാനെന്റെ കുട്ടിയമ്മേ….’. ഇന്നും മാണിയുടെ മനസിൽ കുട്ടിയമ്മ ഓളവും താളവുമാണ്.
എൽസമ്മ, സാലി, ആനി, ടെസി, ജോസ് കെ. മാണി, സ്മിത എന്നീ മക്കളുടെ അമ്മയായ കുട്ടിയമ്മയാണ് എന്നും മാണിയുടെ സ്വകാര്യ ബലം. രാഷ്ട്രീയ ഓട്ടപ്രദക്ഷിണത്തിൽ എവിടെയാണെങ്കിലും മണിക്കൂറിൽ ഒന്നു വീതം മാണി ഭാര്യയെ ഫോണിൽ വിളിച്ചുകൊണ്ടിരിക്കും. നീ, എന്തെടുക്കുവാ, എന്നൊരു ചോദ്യം. വിശേഷമൊന്നുമില്ല എന്ന മറുപടി കേട്ടാലുടൻ ഫോണ് കട്ട്.
കുട്ടിയമ്മയുടെ ശബ്ദം ഒന്നു കേൾക്കണമെന്നു തോന്നിയാൽ, നിയമസഭയ്ക്കു പുറത്തിറങ്ങിയും വിളിക്കും. പുറത്തിറങ്ങിയത് എന്തിനാണെന്നു മറ്റാരും അറിയില്ല.
വീട്ടിൽ നിന്ന് എവിടേക്കിറങ്ങിയാലും പൂമുഖത്ത് കുട്ടിയമ്മയുണ്ടാകും. എറണാകുളത്ത് മകളുടെ വീട്ടിൽ കുട്ടിയമ്മ കെ.എം. മാണിയെക്കുറിച്ച് വാചാലമായി സംസാരിച്ചു. “അറുപതു വർഷമായി എനിക്കു കുറവില്ലാതെ സ്നേഹം സമ്മാനിക്കുന്ന ഭർത്താവ്. മക്കളെ നല്ലവരാക്കി വളർത്തി നല്ല നിലയിൽ എത്തിക്കണമെന്ന് മാത്രമാണ് അദ്ദേഹം എന്നിൽനിന്ന് ആവശ്യപ്പെട്ടിരുന്നത്. കല്യാണ ദിവസം മുതൽ ഇന്നുവരെ ഞങ്ങളുടെ ദാന്പത്യസന്തോഷത്തിനു കുറവുണ്ടായിട്ടില്ല. അതു കൂടിക്കൂടി വരുന്നതേയുള്ളു’.
മാണിക്ക് എന്തു സമ്മാനമാണു കരുതിയിരിക്കുന്നതെന്ന ചോദ്യത്തിന് കുട്ടിയമ്മയുടെ മറുപടി. “ഒരു ഉമ്മ കൂടുതൽ കരുതി വച്ചിട്ടുണ്ട്. മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും ചുറ്റുംനിറുത്തി അതങ്ങ് കൊടുക്കും.’
റെജി ജോസഫ്