കോട്ടയം: തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കാനൊരുങ്ങുന്ന വേളയിൽ ജില്ലയിൽ രണ്ട് അതികായന്മാരുടെ ഇരിപ്പിടങ്ങൾ ശൂന്യമായി കിടക്കുന്നു.
പകരംവയ്ക്കാനാവാത്ത നേതൃപാഠവവുമായി അരനൂറ്റാണ്ട് കേരള രാഷ്ട്രീയത്തിൽ മുൻനിര സാന്നിധ്യമായിരുന്ന കെ.എം. മാണിയുടെയും സി.എഫ്. തോമസിന്റെയും അഭാവമാണ് ശൂന്യത സൃഷ്ടിച്ചിരിക്കുന്നത്.
53 വർഷം പാലായിൽനിന്ന് നിയമസഭയിലെത്തിയ കെ.എം. മാണിയും 40 വർഷം ചങ്ങനാശേരിയിൽനിന്ന് സമാജികനായ സി.എഫ്. തോമസും കാലയവനികയിൽ മറഞ്ഞിരിക്കുന്നു. തുടർച്ചയായ മത്സരങ്ങൾ ഇരുവരുടെയും തോൽവിയറിയാത്ത വിജയാവർത്തനമായിരുന്നു.
മാണിയുടെ ഒഴിവിൽ നടന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ്-എമ്മിലെ ജോസ് ടോമിനെ എൻസിപിയിലെ മാണി സി. കാപ്പൻ 2,943 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
ബിജെപിയിലെ എൻ. ഹരിക്ക് 18,000 വോട്ടുകൾ ലഭിച്ചു. ചങ്ങനാശേരിയിൽ സിഎഫിന്റെ മരണശേഷം ഉപതെരഞ്ഞെടുപ്പ് നടന്നില്ല. കേരള കോണ്‍ഗ്രസിൽ മറ്റൊരു രാഷ്ട്രീയ ധ്രൂവീകരണത്തിനു പിന്നാലെയായിരുന്നു ആ വേർപാട്.
ചങ്ങനാശേരി സീറ്റ് ഇനി യുഡിഎഫിൽ കോണ്‍ഗ്രസിനോ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനോ എന്നത് വ്യക്തമായിട്ടില്ല. എൽഡിഎഫിൽ സിപിഎമ്മോ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗമോ അതോ ജനാധിപത്യ കേരള കോണ്‍ഗ്രസോ എന്നതും തീർച്ചയല്ല.
2016ൽ യുഡിഎഫിൽ സി.എഫ്. തോമസ് 1,849 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഡോ. കെ.സി. ജോസഫിനെ പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർഥി ഏറ്റുമാനൂർ രാധാകൃഷ്ണൻ 21,455 വോട്ടുകൾ നേടിയിരുന്നു.