കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുമുന്നണിയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ചു സിപിഎം-സിപിഐ കേന്ദ്രനേതൃത്വം നടത്തിയ ചർച്ച വിചിത്രമെന്ന് കെ.എം. മാണി. സഹകരണം വേണമെന്ന് കേരള കോണ്‍ഗ്രസ്-എം ഇതുവരെയും ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് താൻ ആരെയും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരിൽ സിപിഎമ്മിന്റെ സ്ഥാനാർഥി സജി ചെറിയാൻ വോട്ട് അഭ്യർഥിച്ചുവെന്നും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് നിലപാട് പിന്നിട് വ്യക്തമാക്കാമെന്നും മാണി കോട്ടയത്ത് പറഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരണം വേണോയെന്ന കാര്യത്തിൽ സിപിഎം- സിപിഐ കേന്ദ്ര നേതൃത്വം വ്യാഴാഴ്ച ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയിൽ ഭിന്നത നിലനിന്നതോടെ തീരുമാനം ഇരുപാർട്ടികളും സംസ്ഥാന നേതൃത്വത്തിനു വിട്ടു.
കേരള കോണ്‍ഗ്രസുമായി സഹകരിക്കണ്ടെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണ് സിപിഐയുടെ നിലപാടെന്ന് പാർട്ടി ദേശീയ സെക്രട്ടറി ഡി. രാജ ഇന്ന് പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ്-എമ്മിനെ എൽഡിഎഫിലെടുക്കുന്നത് രാഷ്ട്രീയപരമായും തെരഞ്ഞെടുപ്പുപരമായും ഗുണം ചെയ്യില്ല. മാണി യുഡിഎഫുമായും ബിജെപിയുമായും ചർച്ചയിലാണെന്നും വിലപേശൽ തന്ത്രമാണു മാണി പ്രയോഗിക്കുന്നതെന്നും സിപിഐ നിലപാട് സ്വീകരിച്ചിരുന്നു.