കോട്ടയം: കേരള കോൺഗ്രസ് – എം ചെയർമാനും മുൻ മന്ത്രിയുമായ കെ.എം. മാണിയുടെ മൃതദേഹം കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും തിരുനക്കര മൈതാനത്തും പൊതുദർശനത്തിനു വയ്ക്കുന്നതിനാൽ ഇന്നു രാവിലെ ഒന്പതു മുതൽ കോട്ടയം ടൗണിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
ചങ്ങനാശേരി ഭാഗത്തുനിന്നും വരുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഐഡ ജംഗ്ഷനിൽനിന്നു തിരിഞ്ഞ് കെഎസ്ആർടിസി വഴി അനുപമ തിയറ്റർ ഭാഗത്തുനിന്ന് തിരിഞ്ഞ് എംഎൽ റോഡ് വഴി ചന്തക്കവലയിലെത്തി വലത്തേക്ക് തിരിഞ്ഞ് മനോരമ ജംഗ്ഷൻ, കളക്ടറേറ്റ് ജംഗ്ഷൻ, ലോഗോസ്, ടിഎംഎസ് ജംഗ്ഷൻ, കുര്യൻ ഉതുപ്പ് റോഡ് വഴി പോകണം.
ചങ്ങനാശേരി ഭാഗത്തുനിന്നുവരുന്ന ചെറുവാഹനങ്ങൾ നാട്ടകം സിമന്റ് കവലയിൽനിന്നും പാറേച്ചാൽ ബൈപാസ്, തിരുവാതുക്കൽ, അറുത്തൂട്ടി, ചാലുകുന്ന്, ചുങ്കം വഴി പോകണം. ചങ്ങനാശേരി ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങളും, കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും മണിപ്പുഴ ജംഗ്ഷനിൽനിന്നും തിരിഞ്ഞ് മൂലേടം ഓവർബ്രിഡ്ജ്, ദിവാൻ കവല വഴി കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകണം.
ഏറ്റുമാനൂർ ഭാഗത്തുനിന്നു വരുന്ന സ്വകാര്യ ബസുകൾ നാഗന്പടം ബസ് സ്റ്റാന്ഡിൽ സർവീസ് അവസാനിപ്പിച്ച് തിരികെ പോകണം. ഏറ്റുമാനൂർ ഭാഗത്ത് നിന്നും വരുന്ന കെഎസ്ആർടിസി ബസുകളും ചെറു വാഹനങ്ങളും സിയേർസ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ഗ്രീൻ പാർക്ക് ലോഗോസ് -ഗുഡ് ഷെപ്പേർഡ് റോഡ് – മനോരമ ജംഗ്ഷനിൽ എത്തി ഇടത്തോട്ടു തിരിഞ്ഞ് ഈരയിൽ കടവ് റോഡ് – മണിപ്പുഴ പുതിയ ബൈപാസ് വഴി പോകണം.
ഏറ്റുമാനൂർ ഭാഗത്തുനിന്നു തെക്കോട്ട് പോകേണ്ട ഹെവി വാഹനങ്ങൾ ഏറ്റുമാനൂർ പേരൂർ വഴി മണർകാട് പുതുപ്പള്ളി വഴി പോകണം .തിരുനക്കര ബസ് സ്റ്റാന്ഡ് ഇന്നു ഉച്ചകഴിഞ്ഞു രണ്ടുവരെ പ്രവർത്തിക്കുന്നതല്ല. കെകെ റോഡിൽ നിന്നും ടൗണിലേക്ക് വരുന്ന സ്വകാര്യ ബസുകൾ കളക്ടറേറ്റ് ജംഗ്ഷനിൽനിന്നും തിരിഞ്ഞ് ലോഗോസ്- ടിഎംഎസ് വഴി നാഗന്പടം സ്റ്റാൻഡിൽ എത്തി സർവീസ് അവസാനിപ്പിക്കണം.
കെ കെ റോഡിലൂടെ കിഴക്കുനിന്നും വടക്കോട്ട് ഏറ്റുമാനൂർ ഭാഗത്തേക്കു പോകേണ്ട വലിയ വാഹനങ്ങൾ മണർകാട് കവലയിൽ നിന്നും വലത്തേക്കു തിരിഞ്ഞ് ഏറ്റുമാനൂർ ബൈപാസ് റോഡ് വഴി ഏറ്റുമാനൂർ ഭാഗത്തേക്കു പോകണം.
കിഴക്കു നിന്നും തെക്കോട്ട് ചങ്ങനാശേരി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ മണർകാട് കവല, പുതുപ്പള്ളി ജംഗ്ഷൻ, എരമല്ലൂർ വഴി പോകണം.
ചങ്ങനാശേരി ഭാഗത്തുനിന്നു കിഴക്കോട്ട് പോകേണ്ട വാഹനങ്ങൾ മണിപ്പുഴ, കൊല്ലാട്, കഞ്ഞിക്കുഴി വഴി കിഴക്കോട്ട് പോകണം. ചങ്ങനാശേരി ഭാഗത്ത് നിന്നു കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സിമന്റ് കവല ബൈപാസ് റോഡ് വഴി തിരുവാതുക്കൽ എത്തി പോകണം.
പാർക്കിംഗ് ക്രമീകരണം ഇങ്ങനെ –
കോട്ടയം: പൊതുദർശനത്തിന് എത്തുന്ന ചെറുവാഹനങ്ങൾ തിരുനക്കര ബസ് സ്റ്റാൻഡ്, തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനം, തിരുനക്കര അന്പല മൈതാനം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. ഇവിടങ്ങളിലെ പാർക്കിംഗ് ഫുൾ ആകുന്ന പക്ഷം സിഎംഎസ് കോളജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം.
പൊതുദർശനത്തിനായി കിഴക്കുനിന്ന് വരുന്ന വാഹനങ്ങൾ ബസേലിയസ് കോളജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് കാൽനടയായി തിരുനക്കര മൈതാനത്ത് എത്തണം.
പാർക്കിംഗ് അനുവദിക്കില്ല
എം എൽ റോഡ്, ഈരയിൽ കടവ് റോഡിന്റെ എല്ലാ കൈവഴികൾ തുടങ്ങി നഗരത്തിലെ ഒരു റോഡിലും ഇന്ന് പാർക്കിംഗ് അനുവദിക്കുന്നതല്ല .ശീമാട്ടി റൗണ്ട് മുതൽ അനുപമ തിയറ്റർ വരെയും പുളിമൂട് ജംഗ്ഷൻ മുതൽ ശീമാട്ടി റൗണ്ട് വരെയും ഒരു വാഹനങ്ങൾക്കും പ്രവേശനം ഉണ്ടാകുന്നതല്ല.