കൊച്ചി: ശ്വാസതടസത്തെത്തുടർന്ന് എറണാകുളം മരട് വിപിഎസ് ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ച കേരള കോണ്‍ഗ്രസ്-എം ചെയർമാനും മുൻ മന്ത്രിയുമായ കെ.എം. മാണിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.
മരുന്നുകളുടെ സഹായം ഇല്ലാതെതന്നെ അദ്ദേഹത്തിന്റെ രക്ത സമ്മർദം സാധാരണ നിലയിലാണെന്നും ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
ഹൃദയത്തിലേക്കുള്ള രക്തധമനികളുടെ പ്രവർത്തനം സാധാരണ നിലയിലാണ്. സന്ദർശകർക്കു കർശന നിയന്ത്രണമുണ്ടെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എണ്‍പത്തിയാറുകാരനായ മാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള അദ്ദേഹം ചീഫ് പൾമനോളജിസ്റ്റ് ഡോ. ഹരി ലക്ഷ്മണന്റെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സൂക്ഷ്മനിരീക്ഷണത്തിലാണ്.