കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെ കേരളാകോണ്‍ഗ്രസ് എമ്മിനു വിജയം. കേരള കോണ്‍ഗ്രസ് എമ്മിലെ സക്കറിയാസ് കുതിരവേലിയാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഏഴ് അംഗങ്ങളുള്ള എല്‍ഡിഎഫില്‍ നിന്ന് ആറു പേരും കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ സപിഐ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
വൈക്കം ഡിവിഷനില്‍ നിന്നുള്ള സിപിഐ അംഗം പി.സുഗുണന് കേരള കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്ന് പരസ്യ നിലപാട് എടുക്കുകയായിരുന്നു. സിപിഎം മത്സരിക്കുകയാണെങ്കില്‍ വോട്ട് ചെയ്യുമെന്നും സുഗുണന് വ്യക്തമാക്കിയിരുന്നു. സിപിഐയും ജനപക്ഷവും വോട്ട് അസാധുവാക്കുകയായിരുന്നു. കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതാണ് പുതിയ രാഷ്ടീയ കരുനീക്കങ്ങള്‍ക്ക് തുടക്കമായത്. കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരണം നടത്തിയിരുന്ന യുഡിഎഫ് രണ്ടര വര്‍ഷത്തിന് ശേഷം പ്രസിഡന്റ് പദവി മാണി വിഭാഗത്തിന് നല്‍കാം എന്നായിരുന്നു നേരത്തെയുള്ള ധാരണ. എന്നാല്‍ ഇതിന് ശേഷം യുഡിഎഫ് ബന്ധം മാണി അവസാനിപ്പിച്ചെങ്കിലും ജില്ലാ പഞ്ചായത്തില്‍ സഹകരണം തുടരുകയായിരുന്നു. എന്നാല്‍ ജോഷി ഫിലിപ്പ് രാജിവച്ചതോടെ പുതിയ നീക്കങ്ങള്‍ക്ക് മാണി തയാറാവുകയായിരുന്നു. 22 അംഗ ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് എട്ടും കേരള കോണ്‍ഗ്രസിന് ആറും അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിന് ഏഴ് അംഗങ്ങളുണ്ട്. പി.സി ജോര്‍ജ് വിഭാഗത്തിന് ഒരു പ്രതിനിധിയുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസുമായുള്ള ധാരണകള്‍ അതേപോലെ പാലിക്കണം എന്നാണ് യു.ഡി.എഫ് വിടാനുള്ള ചരല്‍ക്കുന്ന് സമ്മേളനത്തിലെ തീരുമാനം. ആ ധാരണ തെറ്റിക്കുന്നതിലൂടെ മാണിവിഭാഗം അവരുടെ രാഷ് ട്രീയ ലൈന്‍ കൃത്യമായി സൂചിപ്പിക്കാനാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. യുഡിഎഫിലെ ധാരണ അനുസരിച്ച് കോണ്‍ഗ്രസിലെ സണ്ണി പാമ്പാടിക്ക് അനുകൂലമായി വോട്ടുചെയ്യണമെന്ന് വിപ്പ് നല്‍കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ച കേരള കോണ്‍ഗ്രസ് അവസാന നിമിഷം അതില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. ആദ്യത്തെ രണ്ടര വര്‍ഷം കോണ്‍ഗ്രസിനും ശേഷിക്കുന്ന രണ്ട വര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിനും പ്രസിഡന്റ് സ്ഥാനം എന്നായിരുന്നു ധാരണ.
അതേസമയം മാണിക്കും മകന് ജോസ് കെ. മാണിക്കും എതിരേ പി.സി. ജോര്‍ജ് എംഎല്‍എ രംഗത്തെത്തി. ഭരണം നേടാന്‍ സിപിഎം പിന്തുണ സ്വീകരിച്ച കേരള കോണ്‍ഗ്രസ്എം നടപടി രാഷ്ടീയ വഞ്ചനയും കുതികാല്‍വെട്ടലിനും തുല്യമാണെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രവലിയ രാഷ്ട്രീയ വഞ്ചന ഒരു രാഷ്ട്രീയ പാര്‍ട്ടി ചെയ്യമോ എന്നാണ് ജോര്‍ജ് ചോദിച്ചത്. കോണ്‍ഗ്രസിനെ കാലുവാരിയ ശേഷം കെ.എം.മാണിയും മകന് ജോസ് കെ.മാണിയും ഒളിവില്‍ പോയി. കോട്ടയം ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ പി.ജെ.ജോസഫ് വിഭാഗം നിലപാട് വ്യക്തമാക്കണം. കേരള കോണ്‍ഗ്രസിന്റെ എംഎല്‍എമാരായ മോന്‍സ് ജോസഫും റോഷി അഗസ്റ്റിനും ഉള്‍പ്പടെയുള്ളവര്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കരുതെന്ന നിലപാടുള്ളവരായിരുന്നു. മാണിയുടെയും മകന്റെയും മാത്രം തീരുമാനമാണ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നടന്നതെന്നും അദ്ദേഹം ആരോപിച്ചു.