കോട്ടയം: ഇന്നോവ കാറിന്റെ പിന്നിലിടിച്ച് സ്കൂട്ടർ യാത്രികരായ സഹോദരങ്ങൾ മരിച്ച സംഭവത്തിൽ ജോസ് കെ. മാണിയുടെ മകൻ കെ.എം. മാണി ജൂണിയറിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും.
മൂന്ന് മാസത്തേക്കെങ്കിലും കെ.എം. മാണി ജൂണിയറിന്റെ ലൈസൻസ് റദ്ദാക്കുമെന്നാണ് വിവരം. അപകടം നടന്ന മണിമല ബിഎസ്എന്‍എൽ ഓഫീസിന് സമീപത്ത് മോട്ടോർ വാഹന വകുപ്പ് പ്രാഥമിക പരിശോന നടത്തിയിരുന്നു.
ഈ നടപടിയുടെ തുടർച്ചയായി ആണ് ലൈസൻസ് റദ്ദാക്കലിലേക്ക് കടക്കുന്നത്. പോലീസിന്റെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമാകും ലൈസൻസ് റദ്ദാക്കുക.
ശനിയാഴ്ച രാത്രി നടന്ന അപകടത്തിൽ മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോൺ (35), ജിൻസ് ജോൺ (30) എന്നിവർ മരിച്ചിരുന്നു.
KL-07-CC-1717 എന്ന ഇന്നോവ കാറിൽ സ്കൂട്ടർ ഇടിച്ചാണ് ബന്ധുവീട്ടിൽ പോയി മടങ്ങി വരികയായിരുന്നു ഇരുവരും മരണപ്പെട്ടത്.
ഇവർ സഞ്ചരിച്ച സ്കൂട്ടർ മണിമല ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവയ്ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.
ഇന്നോവ ബ്രേക്ക് ചെയ്തതിനെ തുടർന്ന് ഇവരുടെ സ്കൂട്ടർ ഇന്നോവയുടെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.