കോട്ടയം: കേരള കോണ്‍ഗ്രസ്-എം സംസ്ഥാനസമ്മേളനം ഡിസംബർ 14 മുതൽ 16 വരെ കോട്ടയത്ത് നടക്കും. യുഡിഎഫ് ബന്ധം ഉപേക്ഷിച്ചതിനുശേഷം എല്ലാ മുന്നണികളുമായും സമദൂരം പാലിച്ച കേരള കോണ്‍ഗ്രസ് രാഷ്ട്രീയമായും സംഘടനാപരമായും ഉള്ള കരുത്ത് തെളിയിക്കുന്നതിനുവേണ്ടിയാണ് സംസ്ഥാന സമ്മേളനം സംഘടിപ്പിക്കുന്നത്.
പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മുന്നണിബന്ധം ഉൾപ്പെടെയുള്ള നിലപാടുകൾ സംസ്ഥാനസമ്മേളനത്തിൽ ചർച്ചചെയ്യും. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനായി പാർട്ടിയുടെ ഏകദിന ക്യാന്പ് നടന്നു. ക്യാന്പ് ചെയർമാൻ കെ.എം. മാണി എംഎൽഎ ഉദ്ഘാടനം ചെയ്തു. പാർട്ടിയുടെ എംപിമാർ, എംഎൽഎമാർ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ, 140 നിയോജകമണ്ഡലം പ്രസിഡന്റുമാർ, പോഷകസംഘനകളുടെ സംസ്ഥാന അധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുത്തു.
മഹാസമ്മേളനത്തിന്റെ പ്രകടനം ഡിസംബർ 15ന് ഉച്ചകഴിഞ്ഞ് മൂന്നിനു കോട്ടയം നെഹ്റുസ്റ്റേഡിയത്തിൽനിന്നും ആരംഭിച്ച് തിരുനക്കരമൈതാനത്ത് സമാപിക്കും. 14 ജില്ലകളിൽനിന്നുള്ള ഒരു ലക്ഷത്തിലധികം പ്രവർത്തകർ അണിനിരക്കുന്ന മഹാസമ്മേളത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പാർട്ടി സംസ്ഥാന കമ്മിറ്റി ഒരുക്കുന്നത്.
പ്രതിനിധി സമ്മേളനത്തിൽ കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളിൽ വിശദമായ ചർച്ചകൾ നടക്കും.സമ്മേളനത്തിന്റെ ഫണ്ട് ശേഖരണം മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഭവന സന്ദർശനത്തിലൂടെ നടത്തുന്നതിനാണ് പാർട്ടി നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. ഫണ്ട് ശേഖരണത്തിൽ എംപിമാരും എംഎൽഎമാരും അടക്കമുള്ള ജനപ്രതിനിധികൾ നേതൃത്വം നൽകും.