നിയാസ് മുസ്തഫ
കോട്ടയം: വരാനിരിക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരളാ കോണ്ഗ്രസ്-എമ്മിന്റെ പിന്തുണ കോൺഗ്രസ് സ്ഥാനാർഥിക്ക് അനുകൂലമാക്കാൻ മലപ്പുറം എംപിയും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയെ കോൺഗ്രസ് കളത്തിലിറക്കും.
കേരളാ കോണ്ഗ്രസ്-എം പാർട്ടി ലീഡർ കെ. എം മാണിയുമായി ഏറെ അടുപ്പം പുലർത്തുന്നയാളാണ് പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറം, വേങ്ങര ഉപതെരഞ്ഞെടുപ്പുകളിൽ ലീഗ് സ്ഥാനാർഥികളായി മത്സരിച്ച പി.കെ കുഞ്ഞാലിക്കുട്ടിക്കും കെ.എൻ.എ ഖാദറിനും യുഡിഎഫുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടും കെ.എം മാണി പിന്തുണ നൽകിയിരുന്നു. മുസ്ലിം ലീഗുമായുള്ള ആത്മബന്ധമാണ് പിന്തുണ നൽകാൻ കെ.എം മാണിയെ അന്നു പ്രേരിപ്പിച്ചത്.
കെ. എം മാണിയെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് പി.കെ കുഞ്ഞാലിക്കുട്ടിയെ കോണ്ഗ്രസ് കളത്തിലിറക്കുന്നത്. ചെങ്ങന്നൂരിൽ ആർക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ ഇതുവരെ കേരളാ കോണ്ഗ്രസ്-എം തീരുമാനത്തിലെത്തിയിട്ടില്ല.
അതുകൊണ്ടു തന്നെ സാധ്യമായ എല്ലാ വഴികളിലൂടെയും കെ. എം മാണിയുടെ മനസ് തങ്ങൾക്കൊപ്പമാക്കാനുള്ള ശ്രമം കോണ്ഗ്രസ് നേതൃത്വം തുടരുകയാണ്. കെ. എം മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് വേങ്ങര എംഎൽഎ കെഎൻഎ ഖാദർ രാഷ്ട്രദീപികയോട് പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് അടുത്തുവരവേ കെ. എം മാണിയെ ചൊല്ലി ഇടതുമുന്നണിയിലും ആശയക്കുഴപ്പം തുടരുകയാണ്. യുഡിഎഫ് വിട്ട കേരളാ കോണ്ഗ്രസ്-എമ്മിനെ എൽഡിഎഫിന്റെ ഭാഗമാക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ഇതുവരെ ഒരു തീരുമാനത്തിലെത്താൻ അവർക്കായിട്ടില്ല.
കെ. എം മാണിയെ മുന്നണിയുമായി സഹകരിപ്പിക്കുന്നതിൽ സിപിഐയുടെ എതിർപ്പാണ് സിപിഎമ്മിനെ വിഷമവൃത്തത്തിലാക്കിയിരിക്കുന്നത്. ഒരു കാരണവശാലും കെഎം മാണിയെ ഇടതുമുന്നണിയിൽ അടുപ്പിക്കില്ലായെന്ന തീരുമാനത്തിൽ തന്നെയാണ് സിപിഎെ.
കെ. എം മാണി ഇടതുമുന്നണിയുടെ ഭാഗമായാൽ സിപിഎെ മുന്നണി വിടുമെന്നും പരോക്ഷമായി സൂചന നൽകിയിട്ടുണ്ട്. അങ്ങനെ മുന്നണി വിട്ടുവന്നാൽ സിപിഐയെ യുഡിഎഫിന്റെ ഭാഗമാക്കാൻ കാത്തിരിക്കുകയാണ് കോണ്ഗ്രസ് നേതൃത്വവും.
അതേസമയം, കെ. എം മാണിയുടെ പിന്തുണ തേടി ബിജെപിയും കരുക്കൾ നീക്കുന്നുണ്ട്. മണ്ഡലത്തിലെ ജയ പരാജയങ്ങളിൽ നിർണായക സ്വാധീനം ചെലുത്താൻ കേരളാ കോൺഗ്രസ്-എമ്മിനാവും എന്ന തിരിച്ചറിവാണ് മുന്നണികളെ കുഴയ്ക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ.കെ രാമചന്ദ്രൻ നായർ കോണ്ഗ്രസിലെ പി.സി വിഷ്ണുനാഥിനെ 7983 വോട്ടുകൾക്കു തോൽപ്പിച്ചാണ് എംഎൽഎ ആയത്.
ബിജെപിയുടെ പി.എസ് ശ്രീധരൻ പിള്ള മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും പി.സി വിഷ്ണുനാഥിനു ലഭിച്ച വോട്ടുമായി 2215 വോട്ടിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂവെന്നതും ബിജെപിക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്.