ജോമി കുര്യാക്കോസ്
കോട്ടയം: പാലായെ രണ്ടാം ഭാര്യയാക്കിയ കെ.എം. മാണി. എല്ലാ തെരഞ്ഞെടുപ്പുകാലങ്ങളിലും പാലാ നഗരത്തിലും പ്രാന്തങ്ങളിലും തലമുറകൾ കേട്ടുശീലിച്ച മൈക്ക് അനൗണ്സ്മെന്റ്. നഗരത്തെ ചുറ്റിയ മീനച്ചിലാറും അങ്ങാടിയും പള്ളികളും മാത്രമായിരുന്നു മുന്പ് പാലായുടെ അടയാളങ്ങൾ. മാണിയുടെ 54 വർഷത്തെ പാലാപ്രണയം നഗരത്തിന്റെ ഭാവവും രൂപവും മാറ്റി.
കെ.എം. മാണിയുടെ പേരടയാളം കുറിച്ച ശിലകളും നിർമിതികളും നൂറുവാര, നൂറുവാര അകലങ്ങളിലുണ്ട്. റോഡുകൾ, പാലങ്ങൾ, ബൈപാസുകൾ, ബഹുനില മന്ദിരങ്ങൾ, സ്റ്റേഡിയം തുടങ്ങിയ പദ്ധതികൾ. നെല്ലും കരിന്പും കുരുമുളകും നിറഞ്ഞിരുന്ന ളാലവും മീനച്ചിലും റബർ വനമായി മാറിയതിനൊപ്പം മാണിയുടെ പാലാസ്നേഹം നഗരത്തിനു പുത്തൻഭാവം പകർന്നു.
എനിക്കു രണ്ടു ഭാര്യമാരുണ്ട്. ഒന്ന് കുട്ടിയമ്മ, രണ്ട് പാലാ… പ്രസംഗങ്ങളിൽ മാണിയുടെ മേന്പൊടി കേട്ട് അര നൂറ്റാണ്ട് ചിരിച്ചു. 13 തെരഞ്ഞെടുപ്പുകളിലും ജനം മാണിക്കു ജയംമാത്രം സമ്മാനിച്ചത് ഈ തിരിച്ചറിവിലാണ്.
ഗതാഗതക്കുരുക്കിനു പരിഹാരമായി നിർമിച്ച റിവർവ്യു റോഡ് വികസനത്തിന്റെ നാഴികക്കല്ലാണ്. റിവർവ്യു രണ്ടാം ഘട്ട നിർമാണം അതിവേഗം പുരോഗമിക്കുകയാണ്.
പൊൻകുന്നം റോഡിലേക്കു മീനച്ചിലാറിനു കുറുകെയുള്ള വലിയ പാലം, ജനറൽ ആശുപത്രിയുടെ വികസനം എന്നിവയെല്ലാം പാലാ നഗരത്തിനുള്ള സമ്മാനങ്ങളായിരുന്നു. വലവൂരിലെ ട്രിപ്പിൾ ഐടി, സിന്തറ്റിക് ട്രാക്കുള്ള മുനിസിപ്പൽ സ്റ്റേഡിയം എന്നിവ പാലായുടെ അടയാളങ്ങളാണ്. കിഴതടിയൂർ ബൈപാസ്, റിംഗ് റോഡ്, സമാന്തര ഹൈവേ തുടങ്ങിയവ വേറെയും. ബജറ്റ് തയാറാക്കുന്പോൾ ആദ്യം ഓർക്കുക പാലായിലെ റബർ കർഷകരെയും മറ്റു കർഷകരെയുമാണെന്നു പലപ്പോഴും മാണി പറഞ്ഞിട്ടുണ്ട്.
മാണിയുടെ നിയമസഭാംഗത്വ സുവർണജൂബിലി സ്മാരകമായി പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ നവീന വെയിറ്റിംഗ് ഷെഡും ഷെൽട്ടറും പണിതീർത്തു. തീർഥാടന കേന്ദ്രങ്ങളുടെയും ആൾക്കൂട്ടത്തിന്റെയും നാടാണ് പാലാ. ഭരണങ്ങാനം, കടപ്പാട്ടൂർ, രാമപുരം, പാലാ എന്നിവിടങ്ങളുടെ അടിസ്ഥാന വികസനത്തിനു പിന്നിലും മാണിയുടെ കൈയൊപ്പുണ്ട്.