കോട്ടയം: കെ.എം. മാണി സ്മാരക മന്ദിരത്തിന് അഞ്ചു കോടി ബജറ്റിൽ അനുവദിച്ച സര്‍ക്കാരിനോടു നന്ദി പറഞ്ഞ് ജോസ് കെ. മാണി എംപി. സ്മാരകത്തിന് ഫണ്ട് അനുവദിച്ചതിനെ തുടർന്നുണ്ടായ ആരോപണങ്ങൾ അദ്ദേഹം തള്ളി.
എൽഡിഎഫുമായി ചർച്ച നടക്കുന്നുവെന്ന ആരോപണം തെറ്റാണ്. കേരളാ കോൺഗ്രസിന് ഒരേ ഒരു നിലപാട് മാത്രം, അത് യുഡിഎഫിന് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
സ്മാരകത്തിന് ഫണ്ട് അനുവദിച്ചത് സ്വാഭാവികമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടിരുന്നു. സ്മാരകത്തിന് പണം അനുവദിച്ചതിൽ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ല.
അന്തരിച്ച നേതാക്കൾക്ക് വേണ്ടി സ്മാരകമൊരുക്കുന്നത് സ്വാഭാവികമാണ്. ഇത് ജോസ് കെ.മാണിയെ ലക്ഷ്യം വച്ചാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പഠനഗവേഷണ പ്രവർത്തനങ്ങൾക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാരകം നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന് കെ.എം. മാണി ഫൗണ്ടേഷനു വേണ്ടി മുഖ്യമന്ത്രിക്കു നേരിട്ടു നിവേദനം നൽകിയിരുന്നു. ഈയാവശ്യം ധനമന്ത്രി അംഗീകരിക്കുകയായിരുന്നു.