ജോർജ് കള്ളിവയലിൽ
ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരനെ പോലെയാണ് കെ.എം. മാണി. ധനമന്ത്രിയായിരുന്ന മാണി സാറിനെ ഇങ്ങനെ വിശേഷിപ്പിച്ചത് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയായിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ധനമന്ത്രിയായ കെ.എം. മാണിയുടെ ഭരണപാടവവും പരിചയസന്പത്തും മറ്റുള്ളവർക്കു കൂടി പകർന്നു നൽകാനാണു അദ്ദേഹത്തെ സംസ്ഥാന ധനമന്ത്രിമാരുടെ ജിഎസ്ടി ഉന്നതാധികാര സമിതി അധ്യക്ഷനാക്കിയതെന്നും ജയ്റ്റ്ലി എറണാകുളത്തെത്തി പ്രസംഗിച്ചു.
ഹൃദയത്തിൽ നിന്നാണ് താനിതു പറഞ്ഞതെന്നു പിന്നീട് ജയ്റ്റ്ലി തന്നെ നേരിട്ട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതെ, കേരള രാഷ്ട്രീയം കണ്ട ഏറ്റവും വൈദഗ്ധ്യമുള്ള ധനമന്ത്രിയും രാഷ്ട്രീയ നേതാവുമായിരുന്നു മാണി സാർ.
പ്രധാനമന്ത്രിമാരുടെ പ്രിയങ്കരൻ
മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി മുതൽ രാജീവ് ഗാന്ധി, വി.പി. സിംഗ്, ചന്ദ്രശേഖർ, ഐ.കെ. ഗുജ്റാൾ, ദേവ ഗൗഡ, പി.വി. നരസിംഹ റാവു, അടൽ ബിഹാരി വാജ്പേയി, ഡോ. മൻമോഹൻ സിംഗ് എന്നിവർ മുതൽ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെയുള്ളവർക്ക് രാഷ്ട്രീയഭേദമന്യേ കെ.എം. മാണിയുമായി ബഹുമാനത്തോടെയും സ്നേഹത്തോടെയുമുള്ള പ്രത്യേകമായൊരു അടുത്ത ബന്ധം ഉണ്ടായിരുന്നു.
രാഷ്ട്രപതിയും നാട്ടുകാരനുമായിരുന്ന കെ.ആർ. നാരായണനുമായും കേന്ദ്ര ധനമന്ത്രിയായിരുന്ന മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുമായും വളരെയടുത്ത സൗഹൃദവും ആഴത്തിലുള്ള ബന്ധവുമായിരുന്നു കെ.എം. മാണിയുടേത്. മറ്റൊരു സംസ്ഥാന നേതാവിനും നൽകാത്ത സ്നേഹാദരവുകൾ നൽകിയാണ് ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖർ മാണിയെ സ്വീകരിച്ചത്.
യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും ഇപ്പോഴത്തെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മാണി സാറിനെ കോണ്‍ഗ്രസിനോടൊപ്പം ഉറപ്പിച്ചു നിർത്താൻ എടുത്തിരുന്ന താത്പര്യം മാത്രം മതിയാകും മാണിസാർ എന്ന രാഷ്ട്രീയ ഭീഷ്മാചാര്യന്റെ മികവിന് തെളിവ്.
രാഷ്ട്രീയം തടസമായില്ല
മന്ത്രിയെന്ന നിലയിലും കേരള കോണ്‍ഗ്രസ് ലീഡർ എന്ന നിലയിലും ഡൽഹിയുമായും ദേശീയ രാഷ്ട്രീയത്തിലെ പ്രബലരുമായും കക്ഷിഭേദമില്ലാതെ ബന്ധം സ്ഥാപിക്കുന്നതിൽ മാണി സാറിനുള്ള കഴിവ് രാഷ്ട്രനായകരെല്ലാം മനസിലാക്കിയിരുന്നു. ഭരണപരവും രാഷ്ട്രീയവുമായ കഴിവും മികവും പരിചയസന്പത്തും വളരെയേറെയുണ്ടായിട്ടും വിനയവും മാന്യതയും ഒരിക്കലും കൈവിടാത്തതും വൻ നേതാക്കളെ പോലും സ്വാധീനിച്ചിരുന്നു.
2015 മാർച്ചിലാണ് കെ.എം. മാണിയെ ജിഎസ്ടി കൗണ്‍സിലിന്റെ അധ്യക്ഷനായി കേന്ദ്രസർക്കാർ നിയമിച്ചത്. പശ്ചിമ ബംഗാൾ ധനമന്ത്രി അമിത് മിത്രയ്ക്കു ശേഷം ജിഎസ്ടി കൗണ്‍സിൽ ചെയർമാനായിരുന്ന കാഷ്മീരിലെ ധനമന്ത്രി അബ്ദുൾ റഹീം റാഥർ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റതോടെയായിരുന്നു പുതിയ ചെയർമാനെ നിയമിക്കാൻ കേന്ദ്രം ആലോചന തുടങ്ങിയത്. ആദ്യമെത്തിയ പേരും കെ.എം. മാണിയുടെതു തന്നെയായിരുന്നു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി മാണിയെയും കേരള കോണ്‍ഗ്രസ്-എമ്മിനെയും ഇടതുപക്ഷത്തേക്കു കൊണ്ടുവരാൻ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നേതാക്കൾ തന്നെ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം അടക്കം വലിയ ഓഫറുകളും മാണിക്കു നൽകാൻ തയാറാണെന്ന് ഉത്തരവാദിത്വപ്പെട്ട നേതാവ് പറഞ്ഞതും മറക്കാനാകില്ല.
പക്ഷേ, യുഡിഎഫ് വിട്ട് സ്ഥാനമാനങ്ങളുടെ പുറകേ പോകാനില്ല എന്നായിരുന്നു മാണി സാറിന്റെ ഉറച്ച മറുപടി. മുന്‍പ് പ്രവർത്തിച്ച ഇടതുമുന്നണിയിലേക്കു തിരികെ പോകാൻ സ്ഥാനമാനങ്ങൾ അദ്ദേഹത്തെ പ്രലോഭിപ്പിച്ചില്ല. ആ തീരുമാനം തെറ്റിയോ എന്നു സംശയിക്കാവുന്നതായിരുന്നു പിന്നീട് വന്ന ബാർ കോഴ ആരോപണം. മാണിയെ ഇടതുപക്ഷത്തേക്കു തിരികെ കൊണ്ടുവരാൻ മുൻകൈയെടുത്ത നേതാവ് പോലും പിന്നീട് മാണിക്കെതിരേ ആരോപണങ്ങളുമായി വന്നതും കാലത്തിന്റെ വിധിവൈപരീധ്യമാകും.
മായില്ല ആ വെണ്മയും നന്മയും
എല്ലാ പോരാട്ടങ്ങളിലും തളരാത്ത പാലായുടെ മാണിക്യം വീണ്ടും പാലായിൽ മത്സരിച്ചു വിജയക്കൊടി പാറിച്ചതു ചരിത്രത്തിന്റെ നീതി മാത്രമായിരുന്നു. വലിയ പോരാളിയും കഠിനാധ്വാനിയുമായ ജനനേതാവും കഴിവും മികവും തെളിയിച്ച ഭരണാധികാരിയും രാഷ്ട്രീയരംഗത്തെ ഭീഷ്മാചാര്യനുമായ മാണി സാറിന്റെ വേർപാട് കേരളത്തിനും രാജ്യത്തിനാകെയും ഉണ്ടാക്കുന്ന വിടവ് വലുതാണ്.
എപ്പോഴും വെടിപ്പും വെണ്മയുമുള്ള ജൂബ്ബയിട്ട് ചിരിച്ചു നിൽക്കുന്ന ആ മുഖം ഇനിയുമേറെക്കാലം ജനമനസുകളിൽ മായാതെ നിൽക്കും. കേരള രാഷ്ട്രീയത്തിന്റെ മുടിചൂടാമന്നനും തികഞ്ഞ മനുഷ്യസ്നേഹിയുമായ മാണി സാറിന് പ്രണാമങ്ങൾ.