പാലാ: കെ.എം. മാണി എന്ന അതികായനെതിരേ മാണി സി. കാപ്പനു പാലായിൽ മൂന്നു പോരാട്ടങ്ങൾ. കേരളം കണ്ണും കാതും കൂർപ്പിച്ചിരുന്ന ദിവസങ്ങൾ. രാഷ്ട്രീയ എതിർപ്പുകളുണ്ടായിരുന്നെങ്കിലും വ്യക്തിപരവും കുടുംബപരവുമായി കെ.എം. മാണിയുമായി അടുത്ത ബന്ധമാണ് തനിക്കുണ്ടായിരുന്നതെന്ന് എൻസിപി നേതാവായ മാണി സി. കാപ്പൻ അനുസ്മരിച്ചു. കെ.എം. മാണി പിതൃതുല്യനാണ്. വിയോഗം പാലായ്ക്കു മാത്രമല്ല കേരളത്തിനാകെ നഷ്ടമാണ്.
രാഷ്ട്രീയ വേദിയിൽ ഒരിക്കലും വ്യക്തിപരമായ ആക്ഷേപങ്ങൾ മാണിക്കെതിരേ ഉന്നയിച്ചിട്ടില്ല. മാണിസാറിനെതിരേ മത്സരിക്കാൻ താത്പര്യവുമുണ്ടായിരുന്നില്ല. പാർട്ടി നിർബന്ധിച്ചതുകൊണ്ടാണു മത്സരരംഗത്തു വന്നത്. ആവർത്തിച്ചുണ്ടായ മൂന്നു തോൽവികളിൽ ദുഃഖവുമില്ല.
10 വർഷം തന്റെ പിതാവിന്റെ കീഴിൽ വക്കീലായി പ്രാക്ടീസ് ചെയ്തിട്ടുള്ള കെ.എം. മാണി വീട്ടിലെ ഒരംഗത്തെപ്പോലെയാണ്. രാഷ്ട്രീയത്തിൽ വിരുദ്ധ ചേരികളിലാണെങ്കിലും ബന്ധങ്ങൾ നിലനിർത്തുന്നതിൽ പ്രത്യേക താത്പര്യം കാണിച്ച കെ.എം. തന്റെ മൂന്നു മക്കളുടെയും വിവാഹത്തിന് എത്തിയിരുന്നതും കാപ്പൻ നന്ദിയോടെ ഒാർമിച്ചു. കെ.എം. മാണി പലവട്ടം ജയിച്ചെങ്കിലും അദ്ദേഹം ആരെയും തോൽപ്പിച്ചില്ല എന്നു ചുരുക്കം.