ജിബിൻ കുര്യൻ
കോട്ടയം: പാലാ നിയോജകമണ്ഡലം രൂപീകൃതമായതു മുതൽ പാലായുടെയും പാലാക്കാരുടെയും എംഎൽഎ കെ.എം. മാണി. പാലായുടെയും മണ്ഡലത്തിന്റെയും പ്രയാണം മാണിയോടൊപ്പം മുന്നേറി. പാലാ മണ്ഡലം നിലവിൽ വന്നശേഷം 1965ലും 67ലും 70ലും കേരള കോണ്ഗ്രസ് തനിച്ചാണ് മത്സരിച്ചത്. ആദ്യ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ വി.ടി. തോമസ്, കോണ്ഗ്രസിലെ മിസിസ് ആർ.വി. തോമസ് എന്നിവരായിരുന്നു എതിരാളികൾ. 9,855 വോട്ടിന്റെ ഭൂരിപക്ഷമാണ് മാണിക്കു ലഭിച്ചത്.
67ൽ വി.ടി.തോമസും കോണ്ഗ്രസിലെ എം.എം. ജേക്കബും എതിരാളികളായപ്പോൾ മാണിയുടെ ഭൂരിപക്ഷം 2,711 ആയി താഴ്ന്നു. 1970ൽ കോണ്ഗ്രസിലെ എം.എം. ജേക്കബും ഇടതുമുന്നണിയിലെ സി.പി. ഉലഹന്നാനും എതിരാളികളായി. എം.എം.ജേക്കബിനെ 364 വോട്ടിന് കെ.എം.മാണി പരാജയപ്പെടുത്തി. രാഷ്ട്രീയകേരളത്തെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ തെരഞ്ഞെടുപ്പിൽ മാണിയുടെ വിജയം ഏവരെയും അതിശയിപ്പിച്ചു.
1977ൽ കെ.എം. മാണി ഇടതുസ്ഥാനാർഥി എൻ.സി. ജോസഫിനെ 14,859 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. 1980ൽ മാണി ഇടതു സ്ഥാനാർഥിയായപ്പോൾ കോണ്ഗ്രസിലെ എം.എം. ജേക്കബ് വീണ്ടും എതിരാളിയായി. അപ്പോഴും വിജയം മാണിക്കൊപ്പം; ഭൂരിപക്ഷം 4566. 1982ൽ കേരള കോണ്ഗ്രസ് യുഡിഎഫിലെത്തിയപ്പോൾ ഇടതു സ്ഥാനാർഥി ജെ.എ. ചാക്കോയെ 12,619 വോട്ടുകൾക്കു തോൽപിച്ചു. 87ൽ കെ.എസ്. സെബാസ്റ്റ്യനെ 10,515 വോട്ടിനും 91ൽ ജോർജ് സി. കാപ്പനെ 17,229 വോട്ടിനും 96ൽ സി.കെ. ജീവനെ 23,780 വോട്ടിനും 2001ൽ ഉഴവൂർ വിജയനെ 22,301 വോട്ടിനും തോൽപ്പിച്ചു.
2006, 2011, 2016 തെരഞ്ഞെടുപ്പുകളിൽ എൻസിപിയിലെ മാണി സി. കാപ്പനായിരുന്നു എതിരാളി. 2006-ൽ 7753 വോട്ടിനാണ് മാണി സി.കാപ്പനോടു ജയിച്ചതെങ്കിൽ 2011-ൽ 5259 വോട്ടിനാണ് വിജയിക്കാനായത്. ഏറ്റവും ഒടുവിൽ 2016ൽ മാണി സി. കാപ്പനെ 4703 വോട്ടിനു പരാജയപ്പെടുത്തി.
പാലാക്കാരുടെ മാത്രമല്ല, എല്ലാവരുടെയും മാണി സാർ
കേരളത്തിൽ എല്ലാവർക്കും കെ.എം. മാണി മാണിസാറായിരുന്നു.നിയമസഭയിൽ മിക്കവാറും നേതാക്കൾ അദ്ദേഹത്തെ സാറെന്ന് വിളിച്ചു. സാക്ഷാൽ എ.കെ ആന്റണിയും പിണറായി വിജയനും അദ്ദേഹത്തെ മാണിസാർ എന്ന് പരാമർശിച്ചു കേട്ടിട്ടുണ്ട്. വിമർശിക്കുന്പോഴും ആക്ഷേപം ഉന്നയിക്കുന്പോഴും മാത്രമാണ് കെ.എം. മാണി എന്ന് പരാമർശിക്കപ്പെടുക. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണനും അദ്ദേഹം മാണിസാറായിരുന്നു.
കേരള കോണ്ഗ്രസിൽ ആരംഭകാലത്ത് ഒരു സാറാണുണ്ടായിരുന്നത്. കെ.എം ജോർജ്. പിന്നീട് മാണിയുടെ നേതൃത്വത്തിൽ ഒരു കൂട്ടർ പ്രത്യേക ഗ്രൂപ്പായപ്പോൾ 1975 കളിൽ അവർ കെ.എം. മാണിയെ മാണി സാർ എന്ന് വിളിച്ചു തുടങ്ങി എന്ന് ആ ഗ്രൂപ്പിലെ ശക്തനായിരുന്ന ജോർജ് ജെ. മാത്യു ഓർമക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. ഏതായാലും അന്നു മുതൽ കുഞ്ഞുമാണി മാണി സാറായി.
ആ മാണിസാർ ഓരോ ചുവടിലും വളരുകയായിരുന്നു. ചുറ്റും നിന്നവരിൽ പലരും വളരുകയും കരുത്തരാവുകയും ചെയ്യുന്നതിനനുസരിച്ച് തങ്ങൾ പറയുന്നത് പാർട്ടിയിൽ നടക്കുന്നില്ലെന്നും മാണിയും മാണിയോട് ഒപ്പം നിൽക്കുന്നവരും തയാറാക്കുന്ന തിരക്കഥ അനുസരിച്ചു മാത്രമാണ് കാര്യങ്ങൾ നടക്കുന്നതെന്നും പറഞ്ഞ് പ്രഗത്ഭരായ അവരിൽ പലരും പാർട്ടി വിട്ടുകൊണ്ടിരുന്നതും മാണി സാറിനെ പാർട്ടിയിൽ അനുദിനം കൂടുതൽ കരുത്തനാക്കി.
അവർ വിട്ടിടത്തും പോയടത്തും അവർ ആഗ്രഹിച്ച ഗുണം അതുമൂലം ഉണ്ടായില്ല എന്നതു ചരിത്രം. കേരളരാഷ്ട്രീയത്തിൽ കത്തിജ്വലിക്കേണ്ടിയിരുന്ന പലരും കരിന്തിരികളായി. മാണിക്കും എത്തേണ്ട ഒൗന്നത്യത്തിൽ എത്താനായില്ല. എങ്കിലും പാർട്ടി കാര്യങ്ങൾക്ക് എത്ര സമിതികൾ ഉണ്ടായാലും അവസാന തീരുമാനം മാണി സാറിന് വിടേണ്ട നിലയിലേക്ക് കാര്യങ്ങൾ എത്തി.
ചടുലമായ നീക്കങ്ങൾ
മാണിയെ മുന്നണിയിലെ ഘടകകക്ഷികൾക്കും എതിരാളികൾക്കും ഭയമായിരുന്നു. മാണിയുടെ നീക്കങ്ങൾ എന്താകുമെന്ന് പ്രവചിക്കാനാകാതെ അവർ കുഴങ്ങി. അതുകൊണ്ട് പാർട്ടിയിലെ മാണി വിരുദ്ധർക്ക് മുന്നണിയിലെയും പുറത്തെയും പാർട്ടികളുടെയും മാധ്യമങ്ങളുടെയും പിന്തുണ ലഭിച്ചു. മാണിയെ ദുർബലനാക്കി പാളയം വിട്ടുകഴിയുന്പോൾ പുത്തൻ കൂട്ടുകാരും ബൈപറയും.
വളരുകയും പിളരുകയും ചെയ്യുക ഏതാണ്ട് പതിവായ പാർട്ടിയിൽനിന്നു മിക്കവാറും പേർ മാണിയെ വിട്ടു വേറെ ഗ്രൂപ്പുകളിലേക്കും പാർട്ടികളിലേക്കും പോയിട്ടുണ്ട്. അവരിൽ ബാലകൃഷ്ണ പിള്ളയും ടി.എം. ജേക്കബും പോലുള്ളവരും പെടുന്നു. കേരള കോണ്ഗ്രസ് പിരിച്ചു വിട്ട് പിള്ള ജനതാ പാർട്ടിയിലും ജേക്കബ് കരുണാകരന്റെ ഡിഐസിയിലും ലയിച്ചിട്ടുണ്ട്. അവിടെയും തങ്ങൾ ആഗ്രഹിക്കുന്ന വിധത്തിൽ കാര്യങ്ങൾ നടക്കാതെ വന്നപ്പോൾ അവർ പാർട്ടി പുനരുദ്ധരിച്ചിട്ടും ഉണ്ട്.
മാണിയെ വിട്ടുപോയവരിൽ പലരും പല വട്ടം വീണ്ടും തിരിച്ചു വരികയും മടങ്ങുകയും ഒക്കെ ചെയ്തിട്ടുണ്ട്. വിട്ടുപോയവർ തിരിച്ചുവരുന്പോൾ സന്തോഷത്തോടെ സ്വീകരിക്കാനും അവർ ആഗ്രഹിക്കുന്ന പദവി കൊടുത്തില്ലെങ്കിലും സാധിക്കുന്ന പദവികളിൽ പ്രതിഷ്ഠിക്കാനും എല്ലാം അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ആരെക്കുറിച്ചും അദ്ദേഹം സംസ്കാരമില്ലാത്ത വാക്കുകൾ പറയാറില്ല. അദ്ദേഹത്തെക്കുറിച്ച് വളരെ മോശമായി പറയുന്പോഴും മറുപടി കൊടുക്കാറേ ഇല്ല.
ലോനപ്പൻ നന്പാടനെ പോലെ ഒരിക്കലും മടങ്ങാത്തവരും ഉണ്ട്. മാണിയെ വിട്ട് ഭാരതീയ ജനതാപാർട്ടിയുടെ സഹയാത്രികനായ പി.സി. തോമസ് 2018ൽ കേരളാ കോണ്ഗ്രസുകളുടെ ലയനത്തിന് മാണി സാർ വീണ്ടും നേതൃത്വം കൊടുക്കണമെന്ന് അഭ്യർഥിച്ചു.
മാണിയെ വിട്ട് കോണ്ഗ്രസിൽ ചേർന്നവരിൽ ജോർജ് ജെ. മാത്യു എന്ന അപ്പച്ചൻ കാഞ്ഞിരപ്പള്ളിയിൽനിന്നും എൻ ശക്തൻ കോവളം നേമം മണ്ഡലങ്ങളിൽനിന്നും എംഎൽഎമാരായി. ഇവരിൽ അപ്പച്ചനും ശക്തനും സത്യപ്രതിജ്ഞയ്ക്കു നിയമസഭയിലേക്ക് പോയത് മാണിക്കൊപ്പം അദ്ദേഹത്തിന്റെ കാറിലായിരുന്നു.
മാണിയുടെ കോണ്ഗ്രസ് നാളുകൾ മുതൽ സഹപ്രവർത്തകനും വിശ്വസ്ഥനുമായിരുന്നു എം.എസ്. ജോസ്. 2018ൽ അദ്ദേഹത്തെ ജന്മനാടായ കുറവിലങ്ങാട്ട് വച്ചു കണ്ടപ്പോൾ മാണിസാറിന്റെ ഒരു ആഗ്രഹത്തെക്കുറിച്ച് പറഞ്ഞു. അക്കാലത്ത് ഒന്നിച്ചു കഷ്ടപ്പെട്ട എല്ലാവരെയും തന്നെ സഹായിക്കാനായി. ആരെങ്കിലും ബുദ്ധിമുട്ടുന്നതായി ജോസിന് അറിയാമോ? എല്ലാവരെയും ഒന്നു വിളിച്ചുകൂട്ടിയാലോ… നമുക്കൊന്ന് കൂടണ്ടേ… ജോസിന് ആ ദൗത്യം നിറവേറ്റാനായതായി അറിയില്ല. അതാണ് മാണിസാറിന്റെ മനസ്.
കുട്ടിയമ്മയുടെ കുഞ്ഞുമാണിച്ചൻ
2017 മാർച്ച് 15. കേരള നിയമസഭയ്ക്ക് അത് അസുലഭമായ ഒരു ദിനമായിരുന്നു. സഭയിലെ ഒരംഗം തുടർച്ചയായി അന്പതുവർഷത്തെ നിയമസഭാപ്രവർത്തനം പൂർത്തിയാക്കി. സഭ അത്യപൂർവമായി തന്നെ അതു കൊണ്ടാടി. അതുവരെ ഒരു നിയമസഭാംഗത്തിനും ജീവിതകാലത്തു ലഭിക്കാത്ത ആദരം മാണിസാറിനു സഭ നൽകി.
1965 മാർച്ച് നാലിനു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.എം. മാണി വിജയിച്ചെങ്കിലും സർക്കാർ ഉണ്ടാക്കാൻ ഒരു പാർട്ടിക്കും ഭൂരിപക്ഷം കിട്ടാതിരുന്നതുകൊണ്ട് ആ സഭ കൂടിയില്ല. രണ്ടുവർഷം കഴിഞ്ഞു നടന്ന തെരഞ്ഞെടുപ്പിലും മാണി വിജയിച്ചു. അങ്ങനെ 1967 മാർച്ച് 15 ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.
രണ്ടുവട്ടം മുഖ്യമന്ത്രിപദവിയുടെ അടുത്തെത്തിയ നേതാവാണ് മാണി. ഒരിക്കൽ ഇ.എം.എസ് നമ്പൂതിരിപ്പാട് അംഗമായിരുന്ന സിപിഎം നിയമസഭാകക്ഷി അടക്കം മാണിയെ മുഖ്യമന്ത്രി ആക്കണമെന്നു ഗവർണർക്ക് എഴുതിക്കൊടുത്തതാണ്. 1976 മുതൽ സി. അച്യുതമേനോൻ, കെ. കരുണാകരൻ, എ.കെ. ആന്റണി, പി.കെ. വാസുദേവൻ നായർ, ഇ.കെ. നായനാർ, ഉമ്മൻ ചാണ്ടി എന്നീ മുഖ്യമന്ത്രിമാരുടെ മന്ത്രിസഭകളിൽ അംഗമായിരുന്നു മാണി.
വിജയശില്പി
നിയമസഭയിൽ നിന്നു ചടങ്ങുകൾക്കുശേഷം പുറത്തുവന്ന മാണിയോടു പത്രക്കാർ തെരക്കി ആഘോഷമൊന്നും ഇല്ലേയെന്ന്. എന്താഘോഷമെന്ന് അദ്ദേഹം ചോദിച്ചു. ഈ വിജയത്തിന്റെ എല്ലാം ശില്പിയായ കുട്ടിയമ്മ (മിസിസ് കെ.എം. മാണി) ഇവിടില്ല, പാലായിലാണ്. കുട്ടിയമ്മ ഇല്ലാതെ എന്ത് ആഘോഷം? ആ വാക്കുകളിൽ അതിശക്തമായ കുടുംബബന്ധത്തിന്റെ ഇഴയടുപ്പത്തിന്റെ തിളക്കം.
അദ്ദേഹം പറഞ്ഞു: എന്റെ പ്രവർത്തനങ്ങൾക്കു കുട്ടിയമ്മ ശക്തമായ പിന്തുണ നൽകി. എന്നെക്കാണാൻ വീട്ടിലെത്തുന്നവരെ സ്വീകരിക്കുക. അവർക്കു കുടിക്കാൻ കൊടുക്കുക, യാത്ര ചെയ്തോ മറ്റു പരിപാടികൾ മൂലമോ ഞാൻ ക്ഷീണിച്ചു കിടക്കുകയാണെങ്കിലും അതിഥികൾഎത്തുന്പോൾ നിർബന്ധിച്ച് എഴുന്നേൽപ്പിച്ചുവിടുക തുടങ്ങിയ പണികളെല്ലാം കുട്ടിയമ്മയുടെ അണിയറ പ്രവർത്തനമായിരുന്നു. അവർ വന്നിട്ട് ഒത്തിരി നേരമായി, കുഞ്ഞുമാണിച്ചൻ എന്നാ ഈ കാണിക്കുന്നേ എന്നൊക്കെ സ്നേഹത്തോടെ ചോദിച്ച് എഴുന്നേൽപ്പിച്ചുവിടും.
വെല്ലുവിളികളിൽ കരുത്ത്
1957 നവംബർ 28 മുതൽ ഞങ്ങൾ ഒന്നിച്ചു ജീവിക്കുന്നു. ബുദ്ധിമുട്ടുകളും ക്ലേശങ്ങളും ഉണ്ടായിട്ടുണ്ട്. വലിയ വെല്ലുവിളികൾ ഉണ്ടായിട്ടുണ്ട്. എന്റെ പൊതു ജീവിതത്തിൽ വലിയ കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നും കരുത്തും സ്നേഹവുമായി കുട്ടിയമ്മ കൂടെ നിന്നു. അന്നത്തെക്കാൾ സ്നേഹത്തോടെ ഒന്നിച്ചുമുന്നേറുന്നു. ശരീരത്തിന്റെ ചില രോഗങ്ങൾ ഉണ്ടാക്കിയിട്ടുള്ള പരിമിതികളല്ലാതെ ഒരു മാറ്റവും ഞങ്ങൾക്കില്ല..
വിവാഹം കഴിഞ്ഞകാലത്ത് ഞാൻ പാലായിലും കോട്ടയത്തും പ്രാക്ടീസ് ചെയ്തിരുന്നു. കൂടെ രാഷ്ട്രീയ പ്രവർത്തനവും. മിക്കവാറും രാത്രി വൈകിയാവും വീട്ടിലെത്തുക. വീട്ടിലെത്തിയാലും പിറ്റേന്നത്തെ കേസുകൾ പഠിക്കാനുണ്ടാവും.
പൊതുജീവിതത്തിലെ തെരക്കുകൾ മൂലം പരസ്പരം സംസാരിക്കുന്നതിന് സൗകര്യം കുറഞ്ഞ സമയത്ത് ഞങ്ങൾ മക്കളുമായി എവിടെ എങ്കിലും പോയി തെരക്കുകളിൽ നിന്നെല്ലാം വിട്ട് ഒന്നോ രണ്ടോ ദിവസം താമസിക്കും. സംസാരിച്ചിരിക്കുന്നതിന് മാത്രമാണത്. എത്ര തെരക്കായാലും ദിവസവും രണ്ടുമൂന്നു തവണ എങ്കിലും ഞങ്ങൾ തമ്മിൽ സംസാരിച്ചിരിക്കും. ഫോണിലൂടെ ആണെങ്കിലും അതുണ്ടാവും. പരസ്പരം അറിയാത്ത ഒന്നും ഉണ്ടാവില്ല. മക്കളുടെ ഓരോ വിശേഷവും അപ്പപ്പോൾ അറിയാറുണ്ട്.ചിലപ്പോൾ കുട്ടിയമ്മയുമായി വെറുതെ ഒരു മണിക്കൂർ വണ്ടിയിൽ കറങ്ങും. വർത്തമാനം പറയാൻ മാത്രമാണ് ഈ കറക്കം.
മാണി സാറിന്റെ വീട്ടിൽ കുടുംബസദസുണ്ട്. അപ്പനും അമ്മയും മക്കളും മാത്രം അടങ്ങിയ സദസാണത്. എല്ലാ ദിവസവും കൂടാനൊന്നും പറ്റില്ല.എങ്കിലും ആഴ്ചയിൽ ഒന്നെങ്കിലും കൂടും. മാണിസാറിനെ വിമർശിക്കാനുള്ള അവസരമാണത്. സാറിന്റെ പ്രസംഗം, പെരുമാറ്റം, കേരളരാഷ്ട്രീയം എല്ലാം അവിടെ ചർച്ചാവിഷയമാവും. സാറിന്റെ കാഴ്ചപ്പാടുകളെ സ്വാധീനിച്ചിട്ടുണ്ട് ആ ചർച്ചകൾ.ആറു പതിറ്റാണ്ടുകാലത്തെ ഒന്നിച്ചുള്ള പ്രയാണത്തിൽ ഞങ്ങൾ തമ്മിൽ ഒന്നു പിണങ്ങിയിട്ടു പോലുമില്ല. അറിയമോ? മാണി സാർ പറഞ്ഞു.
ഏഴു മക്കൾ
ദൈവം ഞങ്ങൾക്ക് ഏഴു മക്കളെ തന്നു. ഒരാൾ മരിച്ചു. ജോമോന്റെ (ജോസ് കെ. മാണി എംപി) ഇളയതായിരുന്നു ആ മോൻ. അവനെ ഗർഭിണിയായിരിക്കുന്പോൾ മരങ്ങാട്ടുപിള്ളിയിലെ ഞങ്ങളുടെ കുടുംബവീട്ടിൽ നിന്നു പാലായിലേക്കു പോന്ന കുട്ടിയമ്മ സഞ്ചരിച്ചിരുന്ന വണ്ടി, മെയിൻ റോഡിലേക്ക് കയറിയപ്പോൾ ഒരു സ്വകാര്യബസ് വന്നിടിച്ചു. കുട്ടിയമ്മയ്ക്ക് കാര്യമായ പരിക്കുണ്ടായില്ലെങ്കിലും ഗർഭത്തിലുണ്ടായിരുന്ന കുഞ്ഞിന് ആ ഷോക്കിൽ വല്ലാതെ പരിക്കേറ്റു.
മക്കളിൽ മൂത്തവൾ എത്സമ്മ, അടുത്തത് സാലി, പിന്നെ ആനി, അതു കഴിഞ്ഞു ജോമോൻ. ടെസി, സ്മിത. എല്ലാവരുടെയും വളർത്തൽ, പഠനം, വിവാഹം, എല്ലാത്തിനും കുട്ടിയമ്മയാണ് പ്രധാനപങ്കു വഹിച്ചത്. കുടുംബപ്രാർഥനയ്ക്കും മക്കളുടെ വേദപാഠ പഠനത്തിനും കുട്ടിയമ്മ മേൽനോട്ടം വഹിച്ചു. ഞങ്ങൾക്കു 13 കൊച്ചുമക്കൾ ഉണ്ട്. അവരുടെ വളർത്തലിൽ വല്യമ്മച്ചി നിർവഹിക്കേണ്ട കടമകളും കുട്ടിയമ്മ ഭംഗിയായി നിർവഹിച്ചു.
ഞങ്ങളുടേത് ഒരു കർഷക കുടുംബമാണ്. കൃഷിപ്പണികൾക്കു മേൽനോട്ടം വഹിച്ചതും കുട്ടിയമ്മയാണ്. മരങ്ങാട്ടുപള്ളിക്കടുത്ത് കുണുക്കംപാറയിലാണ് ഞങ്ങൾക്കു വീതം കിട്ടിയത്.