കോഴിക്കോട്: കണ്ണൂര്‍ അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കെ.എം.ഷാജി എംഎല്‍എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു .
ഇന്ന് രാവിലെ 10 ഓടെ ഷാജി കോഴിക്കോട് കല്ലായിയിലുള്ള ഇഡി സബ് സോണല്‍ ഓഫീസില്‍ എത്തി.ഷാജിയെ ഇന്നലെ 14 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
രാവിലെ പത്തിന് തുടങ്ങി രാത്രി 11. 30 വരെ ചോദ്യം ചെയ്തു. ആഡംബര വീട് നിര്‍മിച്ചതിന്റെ വരുമാന സ്രോതസ് അറിയില്ലെന്ന് ഷാജിയുടെ ഭാര്യ ആശ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ഷാജിയോട് ഇഡി വിവരങ്ങള്‍ തേടിയത്.
കോഴിക്കോട് മാലൂര്‍ കുന്നിലെ വീടിന് 1.62 കോടി രൂപ വിലമതിക്കുമെന്നാണ് കോര്പറേഷന് ഇഡിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. അതേസമയം വീട് നിര്‍മിക്കാന്‍ ഭാര്യവീട്ടുകാര്‍ നല്കിയ പണത്തിന്റെ രേഖകള്‍ ഷാജി ഇഡി മുമ്പാകെ സമര്‍പ്പിച്ചിരുന്നു.
രണ്ട് വാഹനങ്ങള്‍ വിറ്റതായും 10 ലക്ഷം രൂപ വായ്പയെടുത്തതായും ഷാജി അറിയിച്ചു. കുടുംബസ്വത്തില്‍ നിന്നുള്ള പണവും വീട് നിര്‍മാണത്തിനായി ഉപയോഗിച്ചതായും വ്യക്തമാക്കി.
പത്ത് വര്‍ഷത്തെ ബാങ്ക് രേഖ ഷാജി ഇഡിക്ക് മുമ്പകെ ഹാജരാക്കി. അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ഷാജിക്കെതിരെ അന്വേഷണം തുടങ്ങിയത്.