കണ്ണൂർ: “കൊലപാതകം നടത്തി ഉടനെ തിരിച്ചുപോകണം…’ കെ.എം. ഷാജി എംഎൽഎയെ വധിക്കാൻ ക്വട്ടേഷൻ നൽകിയയാളുടെ ഫോൺ സംഭാഷണമാണിത്.
ലോക്ക്ഡൗണായതു കാരണം സഞ്ചരിക്കാൻ ആവശ്യത്തിന് വാഹനങ്ങൾ കിട്ടുമോയെന്ന ക്വട്ടേഷൻ സംഘത്തിന്റെ ചോദ്യത്തിന് “അതൊന്നും പ്രശ്നമല്ല, ഇവിടെ എല്ലാം റെഡിയാക്കാം, കൃത്യം നടത്തി ഉടൻ സ്ഥലം വിടണം” എന്നും സംഭാഷണത്തിൽ പറയുന്നു.
എംഎൽഎയാണ് സൂക്ഷിക്കണമെന്നു പറുയുന്പോൾ അതൊന്നും പ്രശ്നമല്ലെന്നാണ് കൊലയാളി സംഘം പറയുന്നത്. രപ്തി സാഗർ എക്സ്പ്രസിന് ടിക്കറ്റ് ബുക്ക് ചെയ്ത് ക്വട്ടേഷൻ സംഘം കേരളത്തിലെത്താനും ആവശ്യപ്പെടുന്നുണ്ട്.
അഴീക്കോട് എംഎൽഎ കെ.എം. ഷാജിക്കെതിരേയുള്ള വധഭീഷണിയിൽ വളപട്ടണം പോലീസ് കേസെടുത്തിട്ടുണ്ട്. 120 ബി പ്രകാരം ക്രിമിനൽ ഗൂഢാലോചനയ്ക്കാണ് കേസെടുത്തിട്ടുള്ളത്.
പാപ്പിനിശേരി സ്വദേശി തേജസ് എന്നയാളാണ് എംഎൽഎയ്ക്കെതിരേ വധഭീഷണി മുഴക്കിയതെന്ന് മുഖ്യമന്ത്രിക്കും ഡിജിപ്പിക്കും നൽകിയ പരാതിയിൽ കെ.എം. ഷാജി പറയുന്നു.
എന്നാൽ, അത്തരത്തിലുള്ള ഒരാളെ തിരിച്ചറിയാൻ ഇതുവരെ പോലീസിനായിട്ടില്ല. തുടർ ദിവസങ്ങളിൽ അന്വേഷണം ശക്തമാക്കാനാണ് പോലീസിന്റെ നീക്കം.
ഒാഡിയോ ക്ലിപ്പ്
പാപ്പിനിശേരി സ്വദേശിയും കൊലയാളി സംഘവും നടത്തിയ ഫോൺ കോളിന്റെ ഓഡിയോ ക്ലിപ്പുകൾ സഹിതമാണ് മുഖ്യമന്ത്രി, ഡിജിപി, സ്പീക്കർ എന്നിവർക്ക് കെ.എം. ഷാജി എംഎൽഎ പരാതി നൽകിയത്.
25 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ ഉറപ്പിക്കുന്നത്. കൊല നടത്തിയശേഷം കേരളത്തിൽ നിന്ന് രക്ഷപ്പെടാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരാമെന്നും സംഘത്തിന് ഉറപ്പുനൽകുന്നതും ഫോൺ സംഭാഷണത്തിലുണ്ടെന്ന് എംഎൽഎ പറയുന്നു.
രണ്ടു ദിവസം മുന്പാണ് ഫോൺ സംഭാഷണത്തിന്റെ ഓഡിയോക്ലിപ് ലഭിക്കുന്നത്. തുടർന്ന് പ്രതിപക്ഷ നേതാവുമായി സംസാരിച്ചശേഷം തിങ്കളാഴ്ച പരാതി നൽകുകയായിരുന്നു.