കണ്ണൂർ: സിപിഎമ്മിൽ നിന്നും പിടിച്ചെടുത്ത അഴീക്കോട് മണ്ഡലത്തിൽ മൂന്നാമങ്കത്തിനിറങ്ങാൻ കെ.എം. ഷാജി ഒരുങ്ങുന്നു. നേരത്തെ അഴീക്കോട് മത്സരിക്കാൻ താത്പര്യമില്ലെന്നറിയിച്ച കെ.എം. ഷാജി പ്രവർത്തകരുടെ അഭ്യർഥനയെ തുടർന്നാണ് ഒരിക്കൽ കൂടി അഴീക്കോട്ടെ അങ്കത്തട്ടിലിറങ്ങാൻ കച്ച കെട്ടുന്നത്.
ഇന്നലെ അഴീക്കോട് നിയസഭാ മണ്ഡലം ലീഗ് കൺവൻഷനിൽ അഴീക്കോട് സ്ഥാനാർഥി നിർണയം സംബന്ധിച്ച വിഷയം ചർച്ചയായപ്പോഴാണ് ഐക്യകണ്ഠേന ഷാജിയുടെ പേര് നിർദേശിച്ചത്. ഷാജിക്കു പകരം മറ്റൊരു പേരും നിർദേശിക്കപ്പെട്ടില്ല.
കൺവൻഷൻ തീരുമാനം പാർട്ടി സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. ഷാജിയല്ലാതെ വേറെ ആരു മത്സരിച്ചാലും മണ്ഡല കൈവിട്ടു പോകുമെന്നാണ് കൺവെൻഷൻ അഭിപ്രായപ്പെട്ടത്. ഇതോടെ കെ.എം. ഷാജിയും മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.
മത്സരിക്കാതെ മാറിനിന്നാൽ
അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണം സംബന്ധിച്ച് കെ.എം ഷാജിക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം കഴിയുന്നതുവരെ മാറി നിൽക്കാനുള്ള സന്നദ്ധത ഷാജി നേരത്തെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ അന്വേഷണം നേരിടുന്ന വേളയിൽ മത്സരിക്കാതെ മാറി നിന്നാൽ അത് എതിരാളികൾ രാഷ്ട്രീയ ആയുധമാക്കും.
അത് ഒഴിവാക്കാൻ ഷാജിയെ മത്സരിപ്പിക്കണമെന്ന നിലപാട് സംസ്ഥാന നേതൃത്വത്തിനുണ്ട്. ഇക്കാര്യം ഷാജിയെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇതു കൂടി പരിഗണിച്ചാണ് ഷാജി മത്സരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. അഭിപ്രായ ഭിന്നതയെ തുടർന്ന് സിപിഎം പുറത്താക്കിയതിനെ തുടർന്ന് സിഎംപിക്ക് രൂപം നൽകിയ എം.വി. രാഘവൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് 1987ൽ അഴീക്കോട് വിജയിച്ചിരുന്നു.
അതിനു മുന്‍പും പിന്നീട് ഷാജി മത്സരിക്കുന്നതുവരെയും മണ്ഡലം സിപിഎമ്മിനൊപ്പമായിരുന്നു. 2011ൽ സിപിഎമ്മിന്റെ എം. പ്രകാശനെ 493 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അഴീക്കോട് ലീഗിലൂടെ യുഡിഎഫ് പിടിച്ചെടുത്തത്. രാഷ്ട്രീയ സമവാക്യങ്ങൾ മാറിയതിനെ തുടർന്ന് 2016ൽ സിപിഎം എം.വി. രാഘവന്റെ മകൻ എം.വി. നികേഷ് കുമാറിനെയായിരുന്നു അഴീക്കോട് മത്സരത്തിനിറക്കിയതെങ്കിലും 2287 വോട്ടുകൾക്ക് കെ.എം.ഷാജിയോട് പരായപ്പെടുകയായിരുന്നു.
പാർട്ടിയാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കുമെന്നുമാണ് കെ.എം.ഷാജി പ്രതികരിച്ചത്. എല്ലാത്തരത്തിലുള്ള രാഷ്ട്രീയ ആക്രമണങ്ങളും താൻ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ഇതു കൊണ്ടൊന്നും തന്നെ തളർത്താനാവില്ല. കഴിഞ്ഞ അഞ്ചു വർഷക്കാലം സർക്കാരിനോട് കൈക്കൊണ്ട നിലപാടിന്റെ ഭാഗമായാണ് ഈ വൈരാഗ്യം. നിലപാട് തുടരുകതന്നെ ചെയ്യും.
തീയിൽ കുരുത്ത പ്രസ്ഥാനമാണ് മുസ് ലിം ലീഗ്, ആ പ്രസ്ഥാനത്തിന്റെ ഭാഗമാണ് താൻ. തീയിൽ കുരുത്തത് വെയിലിൽ വാടില്ലെന്നും കെ.എം. ഷാജി പറഞ്ഞു. കണ്ണൂർ, അഴീക്കോട് സീറ്റുകൾ വച്ചുമാറാമെന്ന നിർദേശം ലീഗ് മുന്നോട്ടുവച്ചിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു.
പി.ജയരാജൻ വരുമോ?
അതിനിടെ അഴീക്കോട് ഷാജിയെ നേരിടാന്‍ സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി. ജയരാജനെ ഇറക്കിയേക്കും എന്നാണ് അഭ്യൂഹം. ഇതേക്കുറിച്ചുളള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വടകരയിൽ ലോക്സഭാ തെരഞ്ഞെടുപ്പിനിറങ്ങിയതു പോലെ അഴീക്കോട് നിന്നും ജയരാജൻ തിരിച്ചു പോകുമെന്നായിരുന്നു ഷാജി പ്രതികരിച്ചത്.
ഷാജിയുടെ പ്രതികരണത്തിനെതിരേ ഫെയ്സ് ബുക്കിലൂടെ പി. ജയരാജൻ മറുപടി നൽകിയിട്ടുണ്ട്. നേരത്തെ ആറു വർഷത്തേക്ക് മത്സരിക്കാൻ കോടതി അയോഗ്യത കൽപിച്ച വ്യക്തിയാണ് ഇപ്പോൾ വെല്ലുവിളി നടത്തുന്നതെന്നും ഈ വെല്ലുവിളി ജനങ്ങളോടാണെന്നും ജയരാജൻ പോസ്റ്റിൽ പറയുന്നു. വർഗീയ പ്രചരിപ്പിച്ചും അഴിമതി കാട്ടിയും അയോഗ്യനാക്കപ്പെട്ട ആളാണ് ഇത്തരം വെല്ലുവിളി നടത്തുന്നത്.
വിജിലൻസിന്റെയും എൻഫോഴ്സ്മെന്റിന്റെയും അന്വേഷണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. ഇങ്ങനെ മൊത്തത്തിൽ കുടുങ്ങി നിൽക്കുന്ന ഷാജിയുടെ വെല്ലുവിളികൾ ജനങ്ങൾ വിലയിരുത്തുന്നുണ്ട്. ഇതിനുള്ള മറുപടി ഇപ്പോഴേ അവർ മനസിൽ കരുതിവെച്ചിട്ടുണ്ടെന്നാണ് ജയരാജൻ ഫെയ്സ് ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്.