കോഴിക്കോട്: യുഡിഎഫ് അഴീക്കോട് മണ്ഡലം സ്ഥാനാര്ഥിയും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം.ഷാജി എംഎല്എയുടെ വീട്ടില് നിന്ന് പിടിച്ചെടുത്ത രേഖകള് വിജിലന്സ് വീണ്ടും പരിശോധിക്കും. ഈ മാസം 12, 13 തിയതികളില് കണ്ണൂരിലേയും കോഴിക്കോട്ടേയും വീടുകളില് നിന്ന് പിടിച്ചെടുത്ത രേഖകളാണ് വിജിലന്സ് വീണ്ടും പരിശോധിക്കുന്നത്.
കോടതിയില് ഹാജരാക്കിയ രേഖകള് വിട്ടു നല്കാന് നേരത്തെ വിജിലന്സ് അപേക്ഷ നല്കിയിരുന്നു. ഇന്ന് ഇക്കാര്യം കോടതി പരിഗണിക്കും. പണമിടപാടു സംബന്ധിച്ചും വിദേശയാത്രകളുമായി ബന്ധപ്പെട്ടും 77 രേഖകളാണ് വിജിലന്സ് പിടിച്ചെടുത്തത്.
ഇവയുടെ പരിശോധനയില് അവ്യക്തതകള് ഉണ്ടെങ്കില് ഷാജിയെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് വിജിലന്സ് തീരുമാനിച്ചത്. അതേസമയം ഒന്പത് വര്ഷത്തെ വരവ് ചെലവ് കണക്കുകള് ഹാജരാക്കാന് ഷാജിയോട് വിജിലന്സ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഷാജി വരവില്ക്കവിഞ്ഞ സ്വത്ത് അനധികൃതമായി സമ്പാദിച്ചതായി വിജിലന്സ് സ്പെഷ്യല് യൂണിറ്റിന്റെ പ്രാഥമികാന്വേഷണത്തില് കണ്ടെത്തിയിരുന്നു. തുടര്ന്നാണ് ഷാജിക്കെതിരേ സ്പെഷല് സെല് എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്തത്.
എംഎല്എ ആയശേഷം 2011 ജൂണ് ഒന്ന് മുതല് 2020 ഒക്ടോബര് 31 വരെയുള്ള സാമ്പത്തിക ഇടപാടുകളും മറ്റുമടങ്ങിയ രേഖകള് നേരത്തെ വിജിലന്സ് പരിശോധിച്ചിരുന്നു. ഇതുപ്രകാരം 88.57 ലക്ഷം രൂപയാണ് ഷാജിയുടെ വരുമാനം. ആകെ ചെലവാക്കിയത് 32.19 ലക്ഷം രൂപയും.
2.03 കോടി രൂപയുടെ സ്വത്ത് ഇക്കാലയളവില് വാങ്ങി. മൊത്തം സ്വത്തും ചെലവും കൂട്ടിയാല് 2.36 കോടി രൂപയാകും. വരുമാനവുമായി താരതമ്യപ്പെടുത്തുേമ്പാള് 1.47 കോടി രൂപയുടെ വ്യത്യാസമുണ്ടെന്നും ഇത് അനധികൃത മാര്ഗത്തിലാണെന്ന് കരുതുന്നതായുമാണ് വിജിലന്സ് വിലയിരുത്തുന്നത്.