സ്വന്തംലേഖകന്
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി മാലൂര്കുന്നില് നിര്മിച്ച വീട് ക്രമപ്പെടുഞാന് നല്കിയ അപേക്ഷയില് ഉടമസ്ഥരുടെ എണ്ണം മൂന്നായത് വിജിലന്സ് പരിശോധിക്കും.
ഷാജിയുടെ ഭാര്യ ആശയുടെ പേരില് നിര്മിച്ച വീടിന്റെ ഉടമസ്ഥാവകാശ സര്ട്ടിഫിക്കറ്റിനായി ഏറ്റവുമൊടുവില് നല്കിയ അപേക്ഷയിലാണ് പുതിയ രണ്ട് പേരുകള് കൂടി ഉള്പ്പെട്ടത്. അഫ്സ, അലി അക്ബര് എന്നിവരാണ് ആശക്കൊപ്പം അപേക്ഷ നല്കിയത്.
ആഡംബര വീട് നിര്മിച്ചത് സമീപത്തെ സ്ഥലം കയ്യേറിയാണെന്ന് നേരത്തെ വ്യക്തമായിരുന്നു. വീട് നിര്മാണം ക്രമപ്പെടുത്തല് നല്കിയ അപേക്ഷ ഇക്കാരണത്താല് നഗരസഭ നിരസിച്ചിരുന്നു.
ഇതോടെ സമീപത്തെ രണ്ട് സ്ഥല ഉടമകളുടെ പേര് കൂടി ഉള്പ്പെടുത്തി അപേക്ഷ നല്കുകയാണ് ചെയ്തത് എന്നാണ് വിവരം. ഉടമസ്ഥാവകാശ സര്ട്ടിഫിക്കറ്റ് ലഭിക്കുമെങ്കിലും വീട്ടിലെ അംഗങ്ങളല്ലാത്തവരെ കൂടി ഉടമസ്ഥരാക്കുന്നതാണ് സംശയത്തിനിടയാക്കുന്നത്.
ഈ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം നേരത്തെ വിജിലന്സ് ശേഖരിച്ചിട്ടുണ്ട്. കൂടുതല് വിവരങ്ങള് സമാഹരിച്ചശേഷം ഇക്കാര്യങ്ങളിലെ സംശയങ്ങള് തീര്ക്കാന് ആശയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. 3,200 ചതുരശ്ര അടി വിസ്തീര്ണമുള്ള വീടിന് അതുമതി തേടി അയ്യായിരം അടിയിലധികം വലിപ്പത്തിലാണ് ഷാജി വീട് നിര്മിച്ചത്.