
എം. ജെ ശ്രീജിത്ത്
തിരുവനന്തപുരം: എൽ എ മാർക്കെതിരെയുള്ള കേസുകളിൽ സർക്കാർ നടപടികളുമായി മുന്നോട്ടു പോകുന്നതിനെച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്പോര്.
കേന്ദ്രഏജൻസികളിൽനിന്നു കിട്ടിയ തിരിച്ചടിയുടെ ക്ഷീണം പ്രതിപക്ഷത്തെ കെണിയിലാക്കി തീർക്കാനുള്ള പുറപ്പാടിലാണ് സർക്കാർ. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനിടെ പ്രതിപക്ഷത്തിന്റെ രണ്ട് എം എൽ എ മാരാണ് രണ്ടാഴ്ചയ്ക്കിടെ അറസ്റ്റിലായിരിക്കുന്നത്.
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പു കേസിൽ മഞ്ചേശ്വരം എംഎൽഎ എം.സി കമറുദീൻ അറസ്റ്റിലായതിന് പിന്നാലെ പാലാരിവട്ടം പാലം അഴിമതിയിൽ വി.കെ ഇബ്രാഹിം കുഞ്ഞും കൂടി അറസ്റ്റിലായതോടെ സർക്കാരിനെതിരെ ഉയർത്തിയ ആരോപണങ്ങളുടെ മുനയൊടിഞ്ഞെന്നാണ് എൽഡിഎഫ് വിലയിരുത്തൽ .
ഇപ്പോൾ പ്രതിരോധത്തിനു പകരം ആക്രമണമാണ് നല്ലതെന്ന തിരിച്ചറിവിൽ സർക്കാരും എൽ ഡി എഫും എത്തിച്ചേർന്നതോടെ വിവിധ കേസുകളിൽ പ്രതിപ്പട്ടികയിലായിരിക്കുന്ന പ്രതിപക്ഷ എം എൽ എ മാർ അങ്കലാപ്പിലാണ് .
അടുത്തത് ആരെന്ന ചോദ്യമാണ് കേസുകളിൽപ്പെട്ട എംഎൽഎ മാർ തന്നെ പരസ്പരം ചോദിക്കുന്നത്.
അപ്രതീക്ഷിതം
പ്രതിപക്ഷം സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല കേസുകളിൽപ്പെട്ട എം എൽ എ മാരെ അറസ്റ്റ് ചെയ്യുമെന്ന്. സാധാരണ കേസുകളൊക്കെ ഉണ്ടാകാറുണ്ടെങ്കിലും എംഎൽഎമാരെ അറസ്റ്റ് ചെയ്യുന്ന രീതി കേരളത്തിൽ ഇല്ലായിരുന്നു.
അറസ്റ്റിലായിരിക്കുന്ന രണ്ട് എം എൽ എ മാരും ലീഗിന്റേതാണ്. ലീഗിന്റെ അഴിക്കോട് എം എൽ എ കെ.എം ഷാജി പ്ലസ്ടു കോഴ കേസിലും അനധികൃത സ്വത്ത് സമ്പാദന കേസിലും ആരോപണ വിധേയനായി നിൽക്കുകയാണ്.
ഷാജിക്കെതിരെ ശക്തമായ പരാതിയാണ് നിലനിൽക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഷാജിക്കെതിരെ ഉടൻ നടപടി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വിജിലൻസിനു പുറമെ ഈ കേസുകളിൽ ഇഡിയും അന്വേഷണം നടത്തുന്നുണ്ട്.
സോളാർ കേസ്
സോളാർ പീഡന പരാതിയിൽ മുൻ മന്ത്രി എ.പി അനിൽ കുമാറിനെതിരെ ഗുരുതര പരാതിയാണ്. ബലാത്സംഗ കുറ്റം അടക്കം നിലനിൽക്കുന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.
പീഡനം നടന്നുവെന്നു പറയുന്ന കൊച്ചിയിലെ ഹോട്ടലിൽ അടക്കം അന്വേഷണ സംഘം പരിശോധന നടത്തുകയും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ നിലയിൽ ആണെങ്കിൽ അറസ്റ്റ് ഏതു നിമിഷവും ഉണ്ടാകാം.
ഇതിനു പുറമെ ബാർ കോഴ കേസിൽ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുൻ മന്ത്രി വി.എസ് ശിവകുമാറിന്റെയും തലയ്ക്കു മുകളിൽ വാളായി നിൽക്കുകയാണ്. അനധികൃത സ്വത്ത് സന്പാദന കേസിൽ എം.കെ മുനീറും ആരോപണം നേരിടുകയാണ്.
മറു തന്ത്രം
ഇബ്രാഹിം കുഞ്ഞിനെ ഇന്നലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അറസ്റ്റ് ചെയ്യാൻ കാണിച്ച നിലപാട് സർക്കാർ തുടരുമെന്നു തന്നെ പ്രതിപക്ഷം കണക്കുകൂട്ടുന്നു.
കേന്ദ്ര ഏജൻസികളിൽനിന്നു കിട്ടിയ തിരിച്ചടിക്കു ഇടതുപക്ഷം തങ്ങളുടെ മേൽ കുതിരകയറി മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ വിമർശിക്കുന്നത്.
ഒരുപിടി ആരോപണങ്ങളുടെ ശരശയ്യയിൽ കിടന്ന സർക്കാർ രണ്ട് എം എൽഎമാരുടെ അറസ്റ്റിലൂടെ പ്രതിരോധം തീർത്തിരിക്കുകയാണ്. ഇപ്പോഴത്തെ നടപടികളുമായി മുന്നോട്ടു പോകാനാണ്. സർക്കാരിന് എൽ ഡി എഫിന്റെയും സി പി എമ്മിന്റെയും നിർദേശം.
രണ്ട് എം എൽ എമാരുടേയും അറസ്റ്റിനെ രാഷ്ട്രീയ പകപോക്കലെന്ന വാദം ഉയർത്തി പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട്. അതുകൊണ്ടാണ് അറസ്റ്റിലായവർക്കു പിന്തുണയുമായി പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തുവന്നത്.
സർക്കാരിന്റേതു പകപോക്കൽ നീക്കമാണെന്നും എന്തു വിലകൊടുത്തും ചെറുക്കുമെന്ന നിലപാടിലാണ് യുഡിഎഫ്. അതിനാൽ സർക്കാരിന്റെ അടുത്ത നീക്കം എന്തെന്നറിയാനുള്ള ആകാംക്ഷയിൽ തന്നെയാണ് രാഷ്ട്രീയ വൃത്തങ്ങൾ.