കോഴിക്കോട്: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ കെ.എം.ഷാജി എംഎല്‍എയെ വിജിലൻസ് ഉടന്‍ ചോദ്യം ചെയ്യും. കോഴിക്കോട് മാലൂര്‍കുന്നിലെ ആഡംബര വീട് നിര്‍മാണത്തിനുള്ള പണം ലഭിച്ചതും മറ്റുമുള്ള കാര്യങ്ങളാണ് വിജിലന്‍സ് സ്പെഷല്‍ സെല്‍ അന്വേഷിക്കുന്നത്.
കൂടാതെ ഇക്കാലയളവില്‍ ഷാജി വിദേശത്ത് യാത്ര ചെയ്തതും വിജിലന്‍സ് പരിശോധിക്കും. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് വ്യക്തമാക്കി അഭിഭാഷകനും സിപിഎം പന്നിയങ്കര ലോക്കല്‍ കമ്മിറ്റി അംഗവുമായ എം.ആര്.ഹരീഷാണ് വിജിലന്‍സ് കോടതി മുമ്പാകെ മറ്റൊരുപരാതി നല്‍കിയത്.
കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ സെല്ലിന് ലഭിച്ച പരാതിയില്‍ സ്പീക്കര്‍ അനുമതി നല്‍കിയതോടെയാണ് അന്വേഷണം വേഗത്തിലായത്. എസ്പി എസ്.ശശിധരന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
നേരത്തെ പരാതിക്കാരനില്‍ നിന്ന് മൊഴിയെടുത്തിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടത്തി മാര്‍ച്ച് ഒന്‍പതിനുമുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. അതിനാല്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറണം.
കോടതി നിശ്ചയിച്ച തിയതിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ വിജിലന്‍സിന് തിരിച്ചടിയാവും. ഷാജിക്കെതിരേ കണ്ണൂരും കോഴിക്കോടുമായി വിജിലന്‍സ് രണ്ട് പരാതികളിലാണ് അന്വേഷണം നടത്തുന്നത്.
കണ്ണൂരിലെ പരാതിയില്‍ ഇന്നലെ ഷാജിയെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയിരുന്നു. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിനിടെ കേന്ദ്രഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റായിരുന്നു ഷാജിയെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്.
ഇത് ഏറെ വിവാദമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്നോടിയായി ഇത്തവണ വിജിലന്‍സും രംഗത്തെത്തുന്നതോടെ പ്രചാരണത്തില്‍ ഷാജിയേയും കേസിനേയും ആയുധമാക്കി മാറ്റും.
അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ് ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.
കേസില്‍ കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. കോഴിക്കോട് മാലൂര്‍കുന്നിലെ ഷാജിയുടെ വീട് 1,62,60,000 രൂപയാണ് ഷാജിയുടെ കോഴിക്കോട്ടെ വീടിന്റെ മൂല്യം. ഇത്രയും തുക ഷാജി എങ്ങനെ കരസ്ഥമാക്കിയെന്നാണ് വിജിലന്‍സ് പ്രധാനമായും അന്വേഷിക്കുക.