കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ അഴീക്കോടിനു പകരം മറ്റേതെങ്കിലും സീറ്റ് ആവശ്യപ്പെടാൻ മുസ് ലിം ലീഗിനെ പ്രേരിപ്പിക്കുന്നത് പരാജയ ഭീതി. കെ.എം ഷാജിയാണ് ഇവിടുത്തെ എംഎൽഎ.
അഴീക്കോട് മണ്ഡലത്തിൽ കോൺഗ്രസും ലീഗും തമ്മിലുള്ള ശീത സമരം ശക്തമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കാലുവാരിയേക്കുമെന്ന ആശങ്ക ലീഗിൽ ശക്തമാണ്.
മണ്ഡലത്തിൽ മുന്നണി ബന്ധം വഷളാക്കിയത് ജില്ലാ നേതൃത്വത്തിന്റെ പിടിപ്പു കേടും കഴിവില്ലായ്മയുമാണെന്നാണ് താഴെത്തട്ടിൽ പ്രവർത്തിക്കുന്ന ലീഗ് പ്രവർത്തകർ പറയുന്നത്. തദേശതെരഞ്ഞെടുപ്പിൽ വളപട്ടണം പഞ്ചായത്തിൽ ലീഗും കോൺഗ്രസും നേരിട്ടു മത്സരിക്കാനുള്ള സാഹചര്യമുണ്ടാക്കിയത് നേതൃത്വത്തിന്റെ കഴിവു കേടാണ്.
പ്രശ്നം പരിഹരിക്കുന്നതിനു പകരം സൗഹൃദ മത്സരമെന്നു പറഞ്ഞ് വിഷയം ലഘൂകരിച്ചു കാണുകയാണ് ജില്ലാ നേതൃത്വം ചെയ്തത്. ഇതെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ തോതിൽ പ്രതിഫലിച്ചേക്കുമെന്ന് പാർട്ടികമ്മിറ്റികളിൽ ചൂണ്ടിക്കാട്ടിയിട്ടും നടപടി ഉണ്ടായില്ലെന്നും ഇതെല്ലാമാണ് മുന്നണിക്കകത്ത് കോൺഗ്രസ്-ലീഗ് ബന്ധം വഷളാക്കാൻ ഇടയാക്കിയതെന്നും പ്രവർത്തകർ പറയുന്നു.
പ്രവർത്തകരുടെ ആശങ്ക ശരിവെക്കുന്നതാണ് ഇന്നലെ ചേർന്ന യുഡിഎഫ് നേതൃയോഗത്തിലും പ്രകടമായത്. ജില്ലാ ലീഗ് നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഡിസിസി ജന സെക്രട്ടറിയും അഴീക്കോട് മണ്ഡലം യുഡിഎഫ് കണ്‍വീനറുമായ ബിജു ഉമ്മർ കൺവീനർ സ്ഥാനം രാജിവച്ചിരിക്കുകയാണ്.
വളപട്ടണം പഞ്ചായത്തിൽ മുസ് ലിം ലീഗ് ജില്ലാ നേതൃത്വം സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചായിരുന്നു രാജി. ലീഗ് പ്രവർത്തകർക്ക് മുന്നണി സംവിധാനം ശക്തമായി കൊണ്ടു പോകണമെന്നാഗ്രഹമുണ്ടെങ്കിലും കോൺഗ്രസ് വിമുക്ത വളപട്ടണം സൃഷ്ടിക്കാനാണ് ജില്ലാ നേതൃത്വം ശ്രമിക്കുന്നതെന്നും ബിജു ഉമ്മർ യോഗത്തിൽ തുറന്നടിച്ചിരുന്നു.
പഞ്ചായത്തിലെ ഏഴ്, ഒന്‍പത് വാർഡുകളിൽ ബിജെപിയാണ് വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച വാര്‍ഡുകളായിരുന്നു ഇത്. ഏഴാം വാര്‍ഡില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി ജയിച്ചത് 89 വോട്ടിനാണ്.
ലീഗിന് 75 വോട്ടും കോണ്‍ഗ്രസിന് 85 വോട്ടുമാണ് ലഭിച്ചതെന്ന് ബിജു ഉമ്മര്‍ ചൂണ്ടിക്കാട്ടി. ഒന്‍പതാം വാര്‍ഡില്‍ ബിജെപി 139 വോട്ടിന് ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 72വോട്ടും ലീഗിന് 119 വോട്ടുമാണ് ലഭിച്ചത്. ഈ രണ്ട് വാര്‍ഡുകളില്‍ സൗഹൃദ മത്സരം സൃഷ്ടിച്ച് ലീഗ് ബിജെപിയെ ജയിപ്പിക്കുകയായിരുന്നു.
മുന്നണി സംവിധാനത്തിൽ നിന്നും മാറി തനിച്ച് മത്സരിക്കുന്നത് ബിജെപിക്ക് നേട്ടമുണ്ടാക്കി മാറ്റുമെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ലീഗ് നേതൃത്വത്തെ ആവർത്തിച്ച് ബോധ്യപ്പെടുത്തിയിട്ടും അവർ ഇക്കാര്യം ചെവിക്കൊണ്ടില്ലെന്നും ബിജു ഉമ്മർ പറഞ്ഞു.
വളപട്ടണത്തെ പ്രശ്നം അഴീക്കോട് നിയോജക മണ്ഡലത്തെയാകെ ബാധിച്ചിട്ടുണ്ടെന്നും ഈ സഹചര്യത്തില്‍ അഴീക്കോട് സീറ്റില്‍ ലീഗ് മത്സരിച്ചാല്‍ ജയിക്കില്ലെന്നും ബിജു ഉമ്മർ തുറന്നടിച്ചു.
2015ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാലുവാരിയെന്നും ഇത്തവണ അതിന് ഇത്തവണതിരിച്ചടി നല്‍കിയതാണെന്നുമായിരുന്നു അഴീക്കോട് യുഡിഎഫ് ചെയര്‍മാനും ലീഗ് നേതാവ് കെ.വി ഹാരിസ് മറുപടി നൽകിയത്.
ഇരുവരുടെയും പ്രസ്താവനകൾ പരിശോധിച്ചാൽ വളപട്ടണം ഉൾപ്പടെയുള്ളിടങ്ങളിൽ കോൺഗ്രസ്-ലീഗ് ശീതസമരം ശക്തമാണെന്ന് വ്യക്തമാണ്. ഈ ഒരു സാഹചര്യത്തിൽ അഴീക്കോടിന് പകരം കണ്ണൂർ നിയസഭാ സീറ്റ് ആവശ്യപ്പെടാനാണ് ലീഗിന്റെ തീരുമാനം.
കെ.എം. ഷാജി മത്സരിക്കുകയാണെങ്കിൽ കണ്ണൂർ സീറ്റ് ഒരു തവണ വിട്ടു കൊടുക്കാൻ കോൺഗ്രസ് നേതൃത്വം തയാറായേക്കുമെന്നും ലീഗ് പ്രതീക്ഷിക്കുന്നുണ്ട്.