സ്വന്തം ലേഖകൻ
കണ്ണൂർ: ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം. ഷാജി എംഎൽഎയ്ക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാൻ പറ്റില്ലെന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരേ യുഡിഎഫും കെ.എം. ഷാജി എംഎൽഎയും സുപ്രീംകോടതിയിലേക്ക്. സ്പീക്കറുടെ പ്രസ്താവന 26ന് സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി രേഖാമൂലം ഉത്തരവ് വാങ്ങാനാണ് കെ.എം. ഷാജിയുടെയും യുഡിഎഫിന്റെയും നീക്കം.
ഹൈക്കോടതി വിധി സുപ്രീംകോടതി തടയുകയോ അനുകൂല ഉത്തരവ് ഇറക്കുകയോ ചെയ്താൽ മാത്രമേ കെ.എം ഷാജി എംഎൽഎയ്ക്ക് സമ്മേളനത്തിൽ പങ്കെടുക്കാനാകു. ഷാജിയെ അയോഗ്യനാക്കിയ വിധിക്കെതിരേ ഹൈക്കോടതി നൽകിയ സ്റ്റേ നാളെയാണ് അവസാനിക്കുന്നത്. സുപ്രീംകോടതി ഇനി തിങ്കളാഴ്ചയേ പ്രവർത്തിക്കുകയുള്ളു. അതിനാൽ നാളെമുതൽ കേസ് പരിഗണിക്കുന്ന ദിവസം വരെ ഷാജി അയോഗ്യനാകും.
തെരഞ്ഞെടുപ്പിൽ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സമർപ്പിച്ച അപ്പീൽ അടിയന്തിരമായി പരിഗണിക്കണമെന്ന കെ.എം. ഷാജിയുടെ ആവശ്യം സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. അപ്പീൽ പട്ടികയിൽ ഉൾപ്പെടുന്ന മുറയ്ക്ക് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എംഎൽഎ എന്ന നിലയിൽ നിയമസഭാ നടപടികളിൽ പങ്കെടുക്കാമെന്ന് വാക്കാൽ പരാമർശിക്കുകയും ചെയ്തു.
27 മുതലാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. എന്നാൽ സഭയിൽ പ്രവേശിക്കാനാകില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിലപാടെടുത്തതോടെ ഷാജിക്ക് സഭാ സമ്മേളനത്തിൽ പങ്കെടുക്കാനാകില്ല. സുപ്രീംകോടതി ഷാജിക്ക് സഭാനടപടികളിൽ പങ്കെടുക്കാമെന്ന് വാക്കാൽ നിർദേശിക്കുകമാത്രമാണ് ചെയ്തതെന്നും സഭയ്ക്ക് രേഖകളൊന്നും ലഭിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തിൽ സഭയ്ക്കുമുന്നിലുള്ളത് ഹൈക്കോടതിവിധിച്ച അയോഗ്യതയാണന്നുമാണ് സ്പീക്കർ ഇന്നലെ പറഞ്ഞത്.
സ്പീക്കറുടെ പ്രതികരണം അനവസരത്തിലുള്ളതാണെന്നും വിഷയം സുപ്രീംകോടതി പരിഗണനയിൽ ഇരിക്കുകയാണെന്നും വ്യക്തമായ ഉത്തരമില്ലാതെ നിയമസഭയിൽ താൻ പ്രവേശിക്കില്ലെന്നും സ്പീക്കർക്ക് മറുപടിയായി കെ.എം. ഷാജി പറഞ്ഞിരുന്നു.
സ്പീക്കറുടെ പ്രസ്താവനയ്ക്കെതിരേ കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫും രംഗത്ത് വന്നിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ നാവിൽനിന്ന് കേൾക്കേണ്ട കാര്യങ്ങളാണ് സ്പീക്കറുടെ നാവിൽനിന്ന് വന്നതെന്നും നിയമസഭയിൽ കയറാൻ എന്താണ് ചെയ്യേണ്ടതെന്ന ബോധ്യം ഷാജിക്കും യുഡിഎഫിനും ഉണ്ടെന്നും കെ.സി. ജോസഫ് പറഞ്ഞു.
വർഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചാണ് കെ.എം. ഷാജി തെരഞ്ഞെടുപ്പ് വിജയം നേടിയതെന്ന് ആരോപിച്ച് എതിർസ്ഥാനാർഥി എം.വി. നികേഷ്കുമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുസ്ലീങ്ങൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ വർഗീയ പ്രചാരണം നടത്തിയത് വിധിയെ സ്വാധീനിച്ചുവെന്നും തരഞ്ഞെടുപ്പു ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നുമായിരുന്നു നികേഷിന്റെ ആവശ്യം.
ഒടുവിൽ നികേഷിന്റെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി ജസ്റ്റിസ് പി.ഡി.രാജൻ കെ.എം.ഷാജിയെ നവംബർ ഒൻപതിനാണ് അയോഗ്യനായി പ്രഖ്യാപിച്ചത്.അടുത്ത ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും കെ.എം ഷാജിയെ കോടതി വിലക്കുകയായിരുന്നു.