കണ്ണൂർ: ഹയർസെക്കൻഡറി സ്കൂൾ അനുവദിക്കാൻ പണം വാങ്ങിയെന്ന പരാതിയിൽ അഴീക്കോട് എംഎൽഎ കെ.എം. ഷാജിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങി. ഇഡി കോഴിക്കോട് സബ് സോണൽ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്.
ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി കെ.എം.ഷാജി ഉൾപ്പെടെ 30 പേർക്കു നോട്ടിസ് നൽകി. ലീഗ് നേതൃത്വത്തിന്റെ അറിവോടെയെന്ന ആരോപണം അന്വേഷിക്കാൻ നേതാക്കളുടെയും മൊഴിയെടുക്കും. പണം കൈമാറിയതായിപ്പറയുന്നവരും ചർച്ചകളിൽ പങ്കെടുത്തവരും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്.
ഹയർ സെക്കൻഡറി വിഭാഗം അനുവദിക്കുന്നതിനായി അഴീക്കോട് സ്കൂൾ മാനേജ്മെന്റിൽനിന്നും 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ലീഗ് നേതാവു കൂടിയായ കെ.എം. ഷാജിക്കെതിരായ ആരോപണം.
സ്കൂളിന് പ്ലസ്ടു വിഭാഗം അനുവദിക്കുന്നതിനായി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിക്കു പണം നൽകാനായിരുന്നു നിർദേശം. പിന്നീട് എംഎൽഎ ഇടപെട്ട് പഞ്ചായത്ത് കമ്മിറ്റി സ്കൂൾ അധികൃതരുമായി ധാരണയുണ്ടാക്കിയിരുന്നു.
എന്നാൽ പിന്നീട് എംഎൽഎ ഇടപെട്ട് പണം നൽകേണ്ടതില്ലെന്ന് നിലപാട് എടുത്തു. എന്നാൽ പാർട്ടി കമ്മിറ്റിക്കുപണം കിട്ടിയില്ലെന്നു വന്നതോടെ ഇവർ എംഎൽഎ തിരിമറി നടത്തിയെന്ന് ആരോപിച്ച് ലീഗ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകുകയും ചെയ്തു.
ഈ രേഖ പ്രകാരം പണം കൈപ്പറ്റിയെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെയാണ് പരാതിയുമായി മുന്നോട്ടു പോയതെന്നു പരാതിക്കാരൻ കെ. പത്മനാഭൻ പ്രതികരിച്ചു. 2017 സെപ്റ്റംബർ മാസത്തിലാണു പരാതി നൽകിയതെന്നും പത്മനാഭൻ പറയുന്നു.