കോഴിക്കോട്: അഴീക്കോട് സ്കൂളില്‍ പ്ലസ്ടു സീറ്റ് അനുവദിക്കാന്‍ ഇരുപത്തി അഞ്ച് ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ കെ.എം. ഷാജി എംഎല്‍എ എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ ഹാജരായി.
ഇന്ന് രാവിലെ ഏഴോടെ തന്നെ അദ്ദേഹം സ്വന്തം വീട്ടില്‍ നിന്നും ഇഡിയുടെ കോഴിക്കോട് മേഖലാ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി. ഷാജിയുടെ ഭാര്യ ആശയുടെ മൊഴി ഇന്നലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയിരുന്നു.
രാവിലെ 10 -ന് ആരംഭിച്ച ആശ ഷാജിയുടെ ചോദ്യം ചെയ്യല്‍ രാത്രി ഒമ്പതര വരെ നീണ്ടു. ഇക്കാര്യങ്ങള്‍ വീണ്ടും ഷാജിയോടും ചോദിക്കും. പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിക്കുന്നതെങ്കില്‍ അത് ഷാജിക്ക് കുരുക്കാകും.
അതേസമയം നിയമവിദഗ്ധരുമായി കൂടിയാലോചിച്ചശേഷമാണ് എംഎഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായത്. കോഴ ആരോപണമുണ്ടായ കാലഘട്ടത്തിലാണ് ഷാജി ആശയുടെ പേരില്‍ വേങ്ങേരിയില്‍ മൂന്ന് നില വീട് വച്ചത്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും, 10 വര്‍ഷത്തെ ബാങ്ക് ഇടപാട് വിവരങ്ങളും ആശ ഇഡിക്ക് കൈമാറി.
തനിക്കൊന്നും അറിയില്ലെന്നും ഭര്‍ത്താവാണ് തന്റെ പേരില്‍ ഭൂമി വാങ്ങിയതെന്നുമാണ് ആശ നല്കിയ മൊഴി.ആശയെ ചോദ്യം ചെയ്യുന്നതിനിടെ ഷാജിക്കെതിരെ പുതിയ പരാതിയുമായി ഐഎന്‍എല്‍ നേതാവ് എന്‍.കെ അബ്ദുള്‍ അസീസ് ഇഡി ഓഫീസില്‍ എത്തി.
സ്വര്‍ണക്കടത്ത്, ഹവാല കേസ് പ്രതികളായ കുടുക്കില്‍ സഹോദരന്മാരുമായുള്ള ഷാജിയുടെ ബന്ധം അന്വേഷിക്കണമെന്നാണ് പരാതി. ഷാജിയുടെ സാമ്പത്തിക സ്രോതസ് ഇവരാണെന്ന് കരുതുന്നതായി പരാതിയില്‍ പറയുന്നു.
അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച ഹര്‍ജിയില്‍ കെ.എം. ഷാജിക്കെതിരേ ഇന്നലെ വിജിലന്‍സ് കേസെടുത്തിരുന്നു.