കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്ത പണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് മുസ് ലിംലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ കെ.എം.ഷാജി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധിപറയും.
ഷാജിയുടെ കണ്ണൂര്‍ അഴീക്കോട്ടെ വസതിയില്‍ നിന്ന് 47,35,000 രൂപയാണ് കഴിഞ്ഞ വര്‍ഷം വിജിലന്‍സ് പിടിച്ചെടുത്തിരുന്നത്. ഇതു വിട്ടുകിട്ടണമെന്നാണ് ഷാജിയുടെ ആവശ്യം. ജസ്റ്റിസ് സിയാദ് റഹ്മാന് ആണ് വിധി പുറപ്പെടുവിക്കുക.
പ്ലസ്ടു കോഴക്കേസില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് ഷാജിക്കെതിരേ അനധികൃത സ്വത്ത് സമ്പാദന കേസ് ഉയര്‍ന്നുവന്നിരുന്നത്.
കോഴിക്കോട് വെള്ളിമാട്കുന്നില്‍ ഒന്നരക്കോടി ചെലവിട്ട് ഷാജി വീടുനിര്‍മിച്ചത് അനധികൃത സ്വത്ത് സമ്പാദിച്ചാണെന്ന സിപിഎം പ്രവര്ത്തകന് ഹരീഷിന്റെ പരാതിയിലാണ് വിജലിന്‍സ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്.
കണ്ണൂര്‍ അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ ഷാജി 25 ലക്ഷം രുപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് ആദ്യം കേസ് എടുത്തിരുന്നത്.
ഈ കേസിന്റെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണെങ്കിലും കേരള സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഈ കേസിന്റെ അന്വേഷണത്തിനിടയിലാണ് അനധികൃത സ്വത്ത് ആരോപണം ഇയര്‍ന്നത്. തെരഞ്ഞെടുപ്പ് ആവശ്യത്തിനു പിരിച്ചെടുത്ത പണമാണ് ഇതെന്നായിരുന്നു ഷാജിയുടെ നിലപാട്.
എന്നാല്‍ തെരഞ്ഞെടുപ്പു രശീതിയില്‍ പിരിക്കാവുന്നതിനേക്കാള് കൂടുതല്‍ തുക പല രശീതികളിലും കണ്ടെത്തിയതിനാല്‍ സംശയാസ്പദമെന്ന നിലയ്ക്കാണ് വിജിലന്‍സ് തുടര്‍ നടപടികളുമായി മുന്നോട്ടു പോയിരുന്നത്. പണം തിരികെ നല്‍കണമെന്ന ഷാജിയുടെ ആവശ്യം കോഴിക്കോട് വിജിലന്‍സ് കോടതി തള്ളിയിരുന്നു.