കോഴിക്കോട് : പ്ലസ്ടു കോഴ അഴിമതിയുമായി ബന്ധപ്പെട്ട് കെ.എം.ഷാജി എംഎല്‍എയെ എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യും. അടുത്ത മാസം 10ന് ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം.
ഇത് സംബന്ധിച്ച് ഷാജിക്ക് നോട്ടീസ് അയച്ചതായാണ് വിവരം. ഷാജിയുടെ ഭാര്യയുടെ പേരില്‍ കോഴിക്കോട് നഗരത്തിലെ വേങ്ങേരി വില്ലേജിലുള്ള വീട് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്പറേഷന് ഇന്നലെ ഇഡിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ആഡംബര വീടിന്റെ നിര്‍മാണച്ചെലവ് 1.62 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വീട്ടിലെ ഫര്ണിച്ചറടക്കമുള്ളയുടെ മതിപ്പ് കണക്കാക്കാന്‍ പൊതുമരാമത്ത് വകുപ്പിനാണ് അധികാരമെന്നും കോര്പറേഷന് ഇഡിയെ അറിയിച്ചു.
കോഴിക്കോട് ഭാര്യയുടെ പേരില്‍ 3200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കാനായിരുന്നു ഷാജി കോര്‍പറേഷനില്‍ അനുമതി തേടിയത്.
പരിശോധിച്ചപ്പോള്‍ 5,420 ചതുരശ്ര അടി വിസ്തീര്‍ണമുണ്ടെന്ന് കണ്ടെത്തി. വീടിന്റെ പല ഭാഗങ്ങളും അനധികൃതമായാണ് നിര്‍മിച്ചതെന്നും കോര്പറേഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
നാലു വര്‍ഷം മുമ്പ് ഷാജി നിര്‍മിച്ച വീടിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കോര്‍പറേഷനോട് ഇഡി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫയല്‍ പരിശോധിച്ചെങ്കിലും വീട് നിര്‍മാണം പൂര്‍ണമായത് സംബന്ധിച്ച രേഖകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് കോര്പറേഷന് അധികൃതര്‍ വീട്ടിലെത്തി വീട് അളന്നത്.